വന്യജീവി ആക്രമണം: ഗൂഡല്ലൂരിൽ AI അധിഷ്ഠിത കമാൻഡ് സെന്റർ, പ്രവർത്തനം ഇങ്ങനെ

ചെന്നൈ: വന്യജീവി ആക്രമണം തടയൽ, പൊതുജനങ്ങളുടെയും വനമേഖലയുടെയും സംരക്ഷണം ലക്ഷ്യമിട്ട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ തമിഴ്നാട് വനംവകുപ്പ് ആറുകോടി ചെലവിട്ട് നിർമിത ബുദ്ധി(എഐ) അധിഷ്ഠിത കമാൻഡ് സെന്റർ ആരംഭിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ തത്സമയ നിരീക്ഷണം, മുന്നറിയിപ്പ് നൽകൽ, അതിവേഗ നടപടികൾക്കുള്ള സൗകര്യമൊരുക്കൽ, ശാസ്ത്രീയ വിശകലനം, ജനങ്ങളുമായുള്ള ഇടപെടൽ തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. വന്യജിവികളുടെ വർഷങ്ങളായുള്ള വിവരങ്ങൾ, ആക്രമണങ്ങൾ, ആനകളുടെ സഞ്ചാരരീതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിലുടനീളം 46 സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 34 ഇടങ്ങളിൽ എഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകളും 12 സ്ഥലങ്ങളിൽ അത്യാധുനിക എഐ അധിഷ്ഠിത നിരീക്ഷണസംവിധാനങ്ങളും സ്ഥാപിച്ചതായി വനംവകുപ്പു വൃത്തങ്ങൾ അറിയിച്ചു.
പൊതുജനങ്ങൾക്ക് വിവരങ്ങൾ പങ്കുവെക്കാനായി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ (18004254353) ആരംഭിച്ചു. രാത്രിസമയങ്ങളിലും പരിമിതമായി മാത്രം ദൃശ്യങ്ങൾ കാണാൻ കഴിയുന്ന ഇടങ്ങളിലും തെർമൽ ഇമേജിങ് ശേഷിയുള്ള രണ്ട് നൂതന ഡ്രോണുകൾ പ്രവർത്തിപ്പിക്കും.
ആനക്കൂട്ടങ്ങളുടെ നീക്കം അറിയാനും അപകടസാധ്യതാപ്രദേശങ്ങളും സാഹചര്യങ്ങളും മുൻകൂട്ടി തിരിച്ചറിയുന്നതിനും പെട്ടെന്നുള്ള രക്ഷാനടപടികൾക്കും ഡ്രോണുകളിൽനിന്നുളള ദൃശ്യങ്ങൾ സഹായിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. തീവണ്ടിയിടിച്ചുള്ള ആനകളുടെ മരണം തടയുന്നതിനായി തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞവർഷം എഐ, മെഷീൻ ലേണിങ് അധിഷ്ഠിത നിരീക്ഷണസംവിധാനം ആരംഭിച്ചിരുന്നു. രാജ്യത്ത് ആദ്യമായി കോയമ്പത്തൂരിലെ മധുക്കരൈ വനത്തിലാണ് ഇതാരംഭിച്ചിരുന്നത്.
Content Highlights: Tamil Nadu Forest Department inaugurates AI-powered command center in Gudalur to prevent wildlife attacks, ensuring safety for people and forests.