ഗൂഗിൾ ഐ/ഒ 2026: എഐ വിപ്ലവവുമായി ഗൂഗിൾ; സ്മാർട്ട് ഗ്ലാസുകളും പുതിയ ജെമിനി മോഡലുകളും പുറത്തിറക്കി

#ടെക്നോളജി ഡെസ്ക്
ഗൂഗിൾ ഐ/ഒ 2026 കോൺഫറൻസ് വേദിയിൽ നിന്ന് | Photo: Benjamin Fanjoy/Getty Images/AFP
ഗൂഗിൾ ഐ/ഒ 2026 കോൺഫറൻസ് വേദിയിൽ നിന്ന് | Photo: Benjamin Fanjoy/Getty Images/AFP

നിർമിത ബുദ്ധിരംഗത്ത് വൻ പ്രഖ്യാപനങ്ങളുമായി ഗൂഗിൾ ഐ/ഒ 2026 സമാപിച്ചു. ജെമിനി എഐ ഇക്കോസിസ്റ്റത്തിന്റെ വിപുലീകരണം, പുതിയ എഐ ഏജന്റുകൾ, സ്മാർട്ട് ഗ്ലാസുകൾ, സെർച്ച് അപ്‌ഡേറ്റുകൾ എന്നിവയാണ് ഈ വർഷത്തെ പ്രധാന ആകർഷണങ്ങൾ.

ജെമിനി 3.5 ഫ്ലാഷ്: ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 3.5 ഫ്ലാഷ് കമ്പനി പുറത്തിറക്കി. സങ്കീർണമായ മൾട്ടി-സ്റ്റെപ്പ് ജോലികൾ, കോഡിങ്, ഓട്ടോമേഷൻ എന്നിവ അതിവേഗം ചെയ്യാൻ ഈ മോഡലിന് സാധിക്കും. മറ്റ് പ്രമുഖ എഐ മോഡലുകളെക്കാൾ നാലുമടങ്ങ് വേഗത ജെമിനി 3.5 ഫ്ലാഷിനുണ്ടെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ജെമിനി ആപ്പിലും വെബ്സൈറ്റിലും ഇതിനകം ഈ പുതിയ മോഡൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജെമിനിയുടെ ഇന്റർഫെയ്സിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഗൂഗിൾ ലാബ്സ് ആൻഡ് ജെമിനി വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വേർഡ് ജെമിനി സ്പാർക്കിനെക്കുറിച്ച് സംസാരിക്കുന്നു | AP Photo/Jeff Chiu

ജെമിനി സ്പാർക്ക്: ഉപയോക്താക്കൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജെമിനി സ്പാർക്ക് എന്ന എഐ ഏജന്റിനെ ഗൂഗിൾ പരിചയപ്പെടുത്തി. ജിമെയിൽ, ഡോക്സ് തുടങ്ങിയവയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്പാർക്കിന് മീറ്റിങ് കുറിപ്പുകൾ തയ്യാറാക്കാനും ഇമെയിലുകൾ നിരീക്ഷിക്കാനും റിപ്പോർട്ടുകൾ നിർമിക്കാനും സാധിക്കും. ഉപകരണം ലോക്ക് ആയിരിക്കുമ്പോഴും ഓഫ്‌ലൈൻ ആയിരിക്കുമ്പോഴും ഇതിന് പ്രവർത്തിക്കാൻ കഴിയുമെന്നത് പ്രത്യേകതയാണ്. കാൻവ, ഓപ്പൺടേബിൾ, ഇൻസ്റ്റാകാർട്ട് പോലുള്ള സേവനങ്ങളുമായി സ്പാർക്കിനെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. യുഎസിലെ വിശ്വസ്തരായ ടെസ്റ്റർമാർക്കും ഗൂഗിൾ എഐ അൾട്രാ സബ്സ്ക്രൈബർമാർക്കുമാണ് ഇത് ആദ്യമായി ലഭിക്കുക.

ഗൂഗിൾ ഡീപ്പ്മൈൻഡ് സി.ഇ.ഒ. ഡെമിസ് ഹസാബിസ്, 2026 മേയ് 19-ന് കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടന്ന 2026-ലെ ഗൂഗിൾ ഐ/ഒ ടെക്നോളജി ഡെവലപ്പർ കോൺഫറൻസിൽ സംസാരിക്കുന്നു. | Photo by Karl Mondon / AFP

എഐ വീഡിയോ നിർമിക്കാനും എഡിറ്റിങ്ങിനും ജെമിനി ഓംനി ഫ്ലാഷ്

ടെക്സ്റ്റ്, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ എന്നിവയിൽനിന്ന് വീഡിയോ കണ്ടന്റ് നിർമിക്കാനും എഡിറ്റ് ചെയ്യാനും രൂപകല്പന ചെയ്ത പുതിയ മൾട്ടിമോഡൽ എഐ മോഡൽ ആണ് ജെമിനി ഓംനി. ഇതിലെ ആദ്യ മോഡലായ 'ജെമിനി ഓംനി ഫ്ലാഷ്' ജെമിനി ആപ്പ്, ഗൂഗിൾ ഫ്ലോ, യുറ്റ്യൂബ് ഷോർട്സ്, യുറ്റ്യൂബ് ക്രിയേറ്റ് എന്നിവയിൽ ലഭ്യമാക്കും. ജനറേറ്റീവ് മീഡിയ ടൂളുകളും ജെമിനിയുടെ വിചിന്തനശേഷിയും സംയോജിക്കുന്നതാണ് ഓംനിയെന്ന് ഗൂഗിൾ പറയുന്നു. രംഗങ്ങളുടെ സ്ഥിരതയും കഥാപാത്ര രൂപങ്ങളുടെ തുടർച്ചയും നിലനിർത്തിക്കൊണ്ട് കേവലം സംഭാഷണ ശൈലിയിൽ വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഓംനി ഫ്ലാഷ് ഉപഭോക്താക്കളെ അനുവദിക്കും.

ഗൂഗിൾ എക്സ്.ആർ. വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ ഷറാം ഇസാദി ഗൂഗിൾ ഐ/ഒ കോൺഫറൻസിൽ സംസാരിക്കുന്നു. | Photo by Karl Mondon / AFP

സ്മാർട്ട് ഗ്ലാസുകൾ വരുന്നു

സാംസങ്, ജെന്റിൽ മോൺസ്റ്റർ, വാർബി പാർക്കർ എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ച സ്മാർട്ട് ഗ്ലാസുകൾ ഗൂഗിൾ പ്രദർശിപ്പിച്ചു. ആൻഡ്രോയിഡ് എക്സ്ആറിൽ (Android XR) പ്രവർത്തിക്കുന്ന ഈ ഗ്ലാസുകൾ ഉപയോഗിച്ച് ഫോൺ എടുക്കാതെ തന്നെ സന്ദേശങ്ങൾ അയയ്ക്കാനും തത്സമയ വിവർത്തനം നടത്താനും സാധിക്കും. ജെമിനി എഐയുടെ സഹായത്തോടെ സന്ദേശങ്ങളയയ്ക്കാനും, ദിശ കാണിക്കാനും, ഫോൺ കോളുകൾ കൈകാര്യം ചെയ്യാനും, ചിത്രങ്ങൾ അടുത്ത് എഡിറ്റ് ചെയ്യാനും, ആപ്പുകൾ ഉപയോഗിക്കാനുമെല്ലാം ഇതിന്റെ സഹായത്തോടെ സാധിക്കും. ഗ്ലാസിലൂടെ കാണുന്ന കാര്യങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാനും ഇതിന് എഐയുടെ സഹായമുണ്ട്.

സെർച്ചിലെ വമ്പൻ മാറ്റങ്ങൾ

കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റമാണ് ഗൂഗിൾ സെർച്ച് ബോക്സിൽ വരുത്തിയിരിക്കുന്നത്. ജെമിനി 3.5 ഫ്ലാഷ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെർച്ച് ഇപ്പോൾ കൂടുതൽ സംഭാഷണ രീതിയിലുള്ള മറുപടികൾ നൽകും. ഇതിനുപുറമേ കൂടുതൽ സജീവമായി സെർച്ചിൽ ഇടപെടുകയും ഏജന്റുകളെപ്പോലെ സ്വയം പ്രവർത്തിക്കുകയും ചെയ്യും. പുതിയ എഐ അധിഷ്ഠിത സെർച്ച് ബോക്സിൽ ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോകൾ, ഫയലുകൾ, ക്രോം ടാബുകൾ എന്നിവ ഇൻപുട്ടായി നൽകാം. ഉപയോക്താക്കൾക്കായി വെബ്, വാർത്തകൾ, ഷോപ്പിങ്, ധനകാര്യം, കായികം എന്നിവ തുടർച്ചയായി നിരീക്ഷിച്ച് വ്യക്തിഗതമായ അലർട്ടുകളോ ശുപാർശകളോ അയയ്ക്കാൻ കഴിയുന്ന “സെർച്ച് ഏജന്റുകളും” ഗൂഗിൾ പുതുതായി അവതരിപ്പിക്കുന്നുണ്ട്.

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:

ഗൂഗിൾ പിക്സ് : വർക്ക്സ്പേസിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ എഐ അധിഷ്ഠിത ഇമേജ് ജനറേഷൻ, എഡിറ്റിങ് ആപ്പാണ് ഗൂഗിൾ പിക്സ്. ഗൂഗിളിന്റെ നാനോ ബനാന മോഡൽ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. ചിത്രങ്ങളിലെ പ്രത്യേക ഭാഗങ്ങൾ മാറ്റാൻ സഹായിക്കുന്ന ഒബ്ജക്റ്റ് എഡിറ്റിങ്, ചിത്രങ്ങൾക്കുള്ളിലെ എഴുത്തുകൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള സൗകര്യം, ഒന്നിലധികം പേർക്ക് ഒരുമിച്ച് ഡിസൈൻ ചെയ്യാൻ കഴിയുന്ന കൊളാബറേറ്റീവ് ക്യാൻവാസ് തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്.

ഡോക്സ് ലൈവ് : ഗൂഗിൾ ഡോക്സിൽ അവതരിപ്പിച്ച പുതിയ എഐ അധിഷ്ഠിത വോയിസ്-റൈറ്റിങ് ടൂളാണിത്. നമ്മൾ സംസാരിക്കുന്ന കാര്യങ്ങളെ വളരെ വേഗത്തിൽ കൃത്യതയുള്ള എഴുത്താക്കി മാറ്റാൻ ഇതിന് സാധിക്കും. ഉപയോക്താവിന്റെ അനുമതിയോടെ ജിമെയിൽ, ഡ്രൈവ്, ചാറ്റ് തുടങ്ങിയ ഗൂഗിൾ സേവനങ്ങളിൽനിന്ന് വെബിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് രേഖകൾ കൂടുതൽ മെച്ചപ്പെടുത്താനും ഇതിന് കഴിയും. ഗൂഗിൾ എഐ പ്രോ , അൾട്രാ വരിക്കാർക്കാണ് ഇത് ആദ്യം ലഭിക്കുക.

ഗൂഗിൾ അഡ്വർടൈസിങ് ആൻഡ് കൊമേഴ്സ് വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ വിദ്യ ശ്രീനിവാസൻ ഗൂഗിൾ ഐ/ഒ വേദിയിൽ സംസാരിക്കുന്നു | AP Photo/Jeff Chiu

യൂണിവേഴ്സൽ കാർട്ട് : എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ഓൺലൈൻ ഷോപ്പിങ് ഹബ്ബാണ് യൂണിവേഴ്സൽ കാർട്ട്. ജെമിനി എഐയുടെയും 6000 കോടിയിലധികം ഉത്പന്നങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഗൂഗിൾ ഷോപ്പിങ് ഗ്രാഫിന്റെയും പിൻബലത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗൂഗിൾ സെർച്ച്, ജെമിനി, യുറ്റ്യൂബ്, ജിമെയിൽ എന്നീ പ്ലാറ്റ്‌ഫോമുകളിലെല്ലാം യൂണിവേഴ്സൽ കാർട്ട് പ്രവർത്തിക്കും. കാർട്ടിൽ ഇടുന്ന ഉത്പന്നങ്ങളുടെ ഡീലുകൾ, വിലക്കുറവുകൾ, സ്റ്റോക്ക് വിവരങ്ങൾ എന്നിവ ഇത് സ്വയം ട്രാക്ക് ചെയ്ത് ഉപയോക്താവിനെ അറിയിക്കും. നമ്മൾ തിരഞ്ഞെടുക്കുന്നവയ്ക്ക് പകരമായി വാങ്ങാൻ കഴിയുന്ന മികച്ച മറ്റ് ഉത്പന്നങ്ങൾ നിർദേശിക്കാൻ ഇതിന് കഴിയും. കൂടാതെ, ഗൂഗിൾ വാലറ്റിലെ ലോയൽറ്റി റിവാർഡുകൾ പോലുള്ള ഡാറ്റ ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ഓഫറുകൾ കണ്ടെത്തി പണം ലാഭിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.

Content Highlights: Google I/O 2026 concluded with massive AI-driven announcements, introducing the lightning-fast Gemini 3.5 Flash model, 24/7 AI agents like Gemini Spark, Android XR-powered Smart Glasses, and revolutionary conversational capabilities in Google Search.