നിങ്ങളെ സഹായിക്കാൻ ഇനി എഐ ഏജന്റ് ; ഗൂഗിളിന്റെ 'ജെമിനി സ്പാർക്ക്' ഇന്ത്യയിൽ

ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ വ്യക്തിഗത എ.ഐ. ഏജന്റായ 'ജെമിനി സ്പാർക്ക്' ഇന്ത്യയിൽ അവതരിപ്പിച്ചു. മേയ് മാസത്തിൽ നടന്ന ഗൂഗിൾ ഐ/ഒ സമ്മേളനത്തിൽ ആദ്യമായി പ്രഖ്യാപിച്ച ഈ സേവനം, ഉപയോക്താക്കൾക്കുവേണ്ടി 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന ഒരു പേഴ്സണൽ എ.ഐ. അസിസ്റ്റന്റാണ്.
എന്താണ് ജെമിനി സ്പാർക്ക്?
ജെമിനി 3.5 സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ജനറൽ പർപ്പസ് എ.ഐ. ഏജന്റ്, ആപ്പുകളിലെ വിവരങ്ങൾ വിശകലനം ചെയ്യാനും ഉപയോക്താവിന്റെ നിർദേശാനുസരണം അവർക്കുവേണ്ടി സ്വയം കാര്യങ്ങൾ ചെയ്യാനും പ്രാപ്തമാണ്. ഉപയോക്താക്കളുടെ ഡിജിറ്റൽ ജീവിതത്തിലെ ദൈനംദിന ജോലികൾ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
ഗൂഗിളിന്റെ ജെമിനി എ.ഐ. ഉൾപ്പെടെ നിലവിലുള്ള സാധാരണ ചാറ്റ്‌ബോട്ടുകളിൽനിന്നും ഗൂഗിളിന്റെതന്നെ മറ്റ് എ.ഐ. അസിസ്റ്റന്റുകളിൽനിന്നും ജെമിനി സ്പാർക്കിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ക്ലൗഡ് അധിഷ്ഠിത പ്രവർത്തനമാണ്. ഉപയോക്താക്കൾ ഫോൺ ലോക്ക് ചെയ്താലോ ലാപ്‌ടോപ് ഓഫ് ചെയ്താലോ ജെമിനി സ്പാർക്ക് പശ്ചാത്തലത്തിൽ തടസ്സമില്ലാതെ പ്രവർത്തനം തുടരും.
എന്നാൽ 24 മണിക്കൂറും സജീവമായിരിക്കുന്ന എ.ഐ. സംവിധാനങ്ങളെക്കുറിച്ച് സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇമെയിൽ അയക്കുകയോ സാധനങ്ങൾ വാങ്ങുകയോ പോലുള്ള സുപ്രധാന ജോലികൾ ചെയ്യുന്നതിനുമുമ്പ് ഉപയോക്താവിന്റെ അനുമതി വാങ്ങുംവിധമാണ് അത് രൂപകല്പന ചെയ്തിരിക്കുന്നത്.
ലഭ്യതയും വരിസംഖ്യയും
ഇന്ത്യയിൽ ഗൂഗിൾ എ.ഐ. പ്രോ, എ.ഐ. അൾട്രാ ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്.
- ഗൂഗിൾ എ.ഐ. പ്രോ: മാസം 1,950 രൂപ മുതൽ ആരംഭിക്കുന്നു.
- ഗൂഗിൾ എ.ഐ. അൾട്രാ: മാസം 6,500 രൂപ മുതൽ 19,500 രൂപ വരെ (സ്റ്റോറേജ്, ഉപയോഗ പരിധി അനുസരിച്ച്).
- വില കുറഞ്ഞ ഗൂഗിൾ എ.ഐ. പ്ലസ് പ്ലാനുകളിൽ നിലവിൽ ജെമിനി സ്പാർക്ക് ലഭ്യമല്ല.
Content Highlights: Google has launched "Gemini Spark," a cloud-based, 24/7 autonomous personal AI assistant powered by Gemini 3.5 in India, available exclusively for Google AI Pro and Ultra subscribers starting at ₹1,950 per month.