ജെമിനി എഐ കരുത്തിൽ ഹ്യൂണ്ടായി ഫാക്ടറിയിൽ ഹ്യൂമനോയിഡുകൾ- കൈകോർത്ത് ഗൂഗിളും ബോസ്റ്റൺ ഡൈനാമിക്സും

#ടെക്നോളജി ഡെസ്ക്
ഹ്യൂണ്ടായിയും ബോസ്റ്റൺ ഡൈനാമിക്സും നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ച അറ്റ്ലസ് റോബോട്ട് | Photo: AP Photo/Abbie Parr
ഹ്യൂണ്ടായിയും ബോസ്റ്റൺ ഡൈനാമിക്സും നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ച അറ്റ്ലസ് റോബോട്ട് | Photo: AP Photo/Abbie Parr

ഹ്യൂണ്ടായിയുടെ ഫാക്ടറികളിൽ ജെമിനിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡുകളെ വിന്യസിക്കാൻ ഗൂഗിളിന്റെ എഐ റിസർച്ച് ലാബായ ഗൂഗിൾ ഡീപ്പ് മൈൻഡും ബോസ്റ്റൺ ഡൈനാമിക്സും കൈകോർക്കുന്നു. 'സിഇഎസ് 2026' സമ്മേളനത്തിൽ വെച്ചാണ് ഈ പങ്കാളിത്തം പ്രഖ്യാപിച്ചത്. ഇതുവഴി അറ്റ്ലസ് പോലുള്ള ഹ്യൂമനോയിഡ് റോബോട്ടുകളിലും സ്പോട്ട് എന്ന റോബോട്ട് നായയിലും 'ജെമിനി റോബോട്ടിക്സ്' എന്ന എഐ മോഡൽ ഉപയോഗിക്കും.

വരും മാസങ്ങളിൽ വാഹനനിർമാതാക്കളായ ഹ്യൂണ്ടായിയുൂടെ ഫാക്ടറികളിൽ ഈ എഐ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കും. അവയെ വിവിധ നിർമ്മാണ ജോലികൾക്കായി ഉപയോഗിച്ചുനോക്കും.

ബോസ്റ്റൺ ഡൈനാമിക്സിന്റെ ഹ്യൂമനോയിഡ് റോബോട്ടായ അറ്റ്‌ലസിന് നൃത്തം ചെയ്യാനും അഭ്യാസപ്രകടനങ്ങൾ നടത്താനും കഴിയുമെങ്കിലും, സന്ദർഭത്തിനനുസരിച്ച് പെരുമാറാനുള്ള ശേഷി ഉണ്ടായിരുന്നില്ല. കൂടാതെ സങ്കീർണ്ണമായ തീരുമാനങ്ങൾ എടുക്കാനോ കൈകൾ ഉപയോഗിച്ച് വസ്തുക്കൾ എടുക്കാനോ ഇതിന് സാധിക്കില്ലായിരുന്നു. ആ കഴിവുകൾക്ക് വേണ്ടിയാണ് കമ്പനി ശ്രമിച്ചുവരുന്നതെന്ന് ബോസ്റ്റൺ ഡൈനാമിക്സ് സിഇഒ റോബർട്ട് പ്ലേറ്റർ പറയുന്നു. പുതിയ പങ്കാളിത്തതിലൂടെ ലക്ഷ്യമിടുന്നത് അതാണ്.

നിലവിൽ റോബോട്ടിക്സ് രംഗത്തെ മുൻനിര കമ്പനിയാണ് ബോസ്റ്റൺ ഡൈനാമിക്സ്. കായികമായി വളരെയധികം കഴിവുകളുള്ള റോബോട്ടുകൾ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിക്കും കമ്പനിയിൽ ഓഹരിയുണ്ട്.

റോബോട്ടുകൾക്ക് കാണാനും, ചിന്തിക്കാനും, ഉപകരണങ്ങൾ ഉപയോഗിക്കാനും, മനുഷ്യരുമായും ചുറ്റുപാടുമായും ഇടപഴകാനും സഹായിക്കുന്ന 'ജെമിനി റോബോട്ടിക്സ്' എന്ന എഐ മോഡൽ ഗൂഗിൾ ഡീപ്പ്‌മൈൻഡ് അവതരിപ്പിച്ചിട്ടുണ്ട്. ഈ എഐ മോഡലിന്‍റെ സഹായത്തോടെ റോബോട്ടുകൾക്ക് നിർമിതബുദ്ധി കൈവരികയും അതുവഴി വിവിധ സെൻസറുകളിലൂടെ ലഭിക്കുന്ന ഡാറ്റ പ്രൊസസ് ചെയ്ത് പ്രവർത്തിക്കാനുള്ള കഴിവ് കൈവരികയും ചെയ്യും.

Content Highlights: Google DeepMind and Boston Dynamics to Deploy Gemini-Powered Robots at Hyundai Factories