'കൂടുതലായി ഉപയോഗിക്കുന്നത് ChatGPT'; നിര്‍മിതബുദ്ധിയുടെ അപകടസാധ്യത ഓര്‍മിപ്പിച്ച് നൊബേല്‍ ജേതാവ്

ജിയോഫ്രി ഹിന്റണ്‍ | Photo: AFP
ജിയോഫ്രി ഹിന്റണ്‍ | Photo: AFP

സ്‌റ്റോക്ക്‌ഹോം: നിര്‍മിത ബുദ്ധിയുടെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാവ് ജിയോഫ്രി ഹിന്റണ്‍. എ.ഐയുടെ മോശം ഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൊബേല്‍ പ്രഖ്യാപനശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാവസായിക വിപ്ലവത്തിന് സമാനമായ സ്വാധീനം നിര്‍മിത ബുദ്ധിക്കുണ്ടാവും. ശാരീരികബലം വര്‍ധിപ്പിക്കുന്നതിന് പകരം അത് ജനങ്ങളുടെ ബുദ്ധിപരമായ കഴിവുകളെ അഭിവൃദ്ധിപ്പെടുത്തും. നമ്മളേക്കാള്‍ സാമര്‍ഥ്യമുള്ള ഒന്നിനേക്കുറിച്ചും നമുക്ക് അനുഭവമില്ല. കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം നമുക്ക് ലഭിക്കും. ഉത്പാദനക്ഷമതയില്‍ വലിയ പുരോഗതിയുണ്ടാക്കും. എന്നാല്‍, മോശം അനന്തരഫലങ്ങളെക്കുറിച്ചും ആശങ്കപ്പെടേണ്ടതുണ്ട്, പ്രത്യേകിച്ചും ഇത് നിയന്ത്രണാതീതമാകുമ്പോഴുള്ള ഭീഷണിയെക്കുറിച്ച്, അദ്ദേഹം പറഞ്ഞു. താന്‍ കൂടുതലായി ഉപയോഗിക്കുന്ന എ.ഐ. ടൂള്‍ ചാറ്റ്ജിപിടിയാണെന്ന് ചോദ്യത്തിന് ഉത്തരമായി ജിയോഫ്രി വ്യക്തമാക്കി.

യു.എസ്. ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡിനൊപ്പമാണ് കനേഡിയന്‍ ഗവേഷകനായ ജിയോഫ്രി ഹിന്റണി ഈ വര്‍ഷത്തെ നൊബേല്‍ പങ്കുവെച്ചത്. നിര്‍മിത ബുദ്ധിയുടെ തലതൊട്ടപ്പന്‍ എന്നാണ് ജിയോഫ്രി അറിയപ്പെടുന്നത്. നിര്‍മിതബുദ്ധി മാനവരാശിക്ക് ഭീഷണിയായേക്കുമെന്ന ആശങ്ക ചൂണ്ടിക്കാണിച്ച് അദ്ദേഹം മുൻപ് ഗൂഗിളില്‍നിന്ന് രാജിവെച്ചിരുന്നു.

'നിര്‍മിതബുദ്ധിക്കെതിരേ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഗൂഗിളില്‍നിന്നുകൊണ്ട് അത് സാധ്യമല്ല. നിര്‍മിതബുദ്ധി അത്യന്തം അപകടകാരിയാണ്. മനസ്സിലാക്കിയിടത്തോളം നിലവില്‍ മനുഷ്യനെക്കാള്‍ ബുദ്ധി അതിനില്ല. പക്ഷേ, ഭാവിയില്‍ സ്ഥിതി മാറിമറിഞ്ഞേക്കാം. അത് വലിയ അപകടം വിളിച്ചുവരുത്തും', രാജി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Content Highlights: Professor Geoffrey Hinton warning about dangers of AI