നിര്‍മിതബുദ്ധി മാനവരാശിക്ക് ഭീഷണി - എ.ഐ. 'ഗോഡ്ഫാദര്‍' ജഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിട്ടു

ന്യൂയോര്‍ക്ക്: നിര്‍മിതബുദ്ധി (എ.ഐ.)യുടെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന ജഫ്രി ഹിന്റണ്‍ ഗൂഗിള്‍വിട്ടു. എ.ഐ. സാങ്കേതികവിദ്യ മാനവരാശിക്ക് ഭീഷണിയായേക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് അദ്ദേഹം തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചത്.
നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പശ്ചാത്താപമുണ്ടെന്ന് എഴുപത്തിയഞ്ചുകാരനായ ഹിന്റണ്‍ പറഞ്ഞു. ''നിര്‍മിതബുദ്ധിക്കെതിരേ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഗൂഗിളില്‍നിന്നുകൊണ്ട് അത് സാധ്യമല്ല. നിര്‍മിതബുദ്ധി അത്യന്തം അപകടകാരിയാണ്. മനസ്സിലാക്കിയിടത്തോളം നിലവില്‍ മനുഷ്യനെക്കാള്‍ ബുദ്ധി അതിനില്ല. പക്ഷേ, ഭാവിയില്‍ സ്ഥിതി മാറിമറിഞ്ഞേക്കാം. അത് വലിയ അപകടം വിളിച്ചുവരുത്തും''-അദ്ദേഹം പറഞ്ഞു.
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ് ജഫ്രി ഹിന്റണ്‍. 2013 ലാണ് അദ്ദേഹം ഗൂഗിളിലെത്തുന്നത്.
നിര്‍മിതബുദ്ധിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുമെന്ന് ഹിന്റണ്‍ വ്യക്തമാക്കി. തന്റെ തീരുമാനത്തോട് ഗൂഗിള്‍ ഉത്തരവാദിത്വപരമായാണ് പ്രതികരിച്ചതെന്നും പറഞ്ഞു. നിര്‍മിതബുദ്ധി ഉപയോഗിച്ച് ഫോട്ടോകളും പൊതുവായ വസ്തുതകളും തിരിച്ചറിയുന്ന അല്‍ഗൊരിതം രണ്ട് വിദ്യാര്‍ഥികളുമായിച്ചേര്‍ന്ന് 2012-ലാണ് ഹിന്റണ്‍ വികസിപ്പിക്കുന്നത്. ചാറ്റ് ജി.പി.ടി. പോലുള്ള നൂതന നിര്‍മിതബുദ്ധി സാങ്കേതികവിദ്യയിലേക്ക് വെളിച്ചംവീശിയത് ഹിന്റണിന്റെ ഗവേഷണങ്ങളാണ്.
Content Highlights: Geoffrey Hinton, google, AI technology’s dangers