വാഹന നിര്‍മാണത്തില്‍നിന്ന് വഴിമാറുമോ? എഐ രംഗത്തേക്ക് ഫോര്‍ഡും, വന്‍ നിക്ഷേപത്തിന് നീക്കം

നിര്‍മിതബുദ്ധി (എഐ) യുടെ രംഗത്തെ മത്സരം പുതിയ തലത്തിലേക്ക്. വമ്പന്‍ ടെക് കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും എഐയില്‍ വന്‍ നിക്ഷേപം നടത്തുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. എന്നാല്‍ എഐയുടെ സാധ്യത മുന്നില്‍ക്കണ്ട് മറ്റുമേഖലകളിലെ പ്രമുഖ കമ്പനികളും ആ രംഗത്തേക്ക് കടക്കുകയാണ്. വാഹന നിര്‍മാണ രംഗത്തെ ലോകത്തെതന്നെ മുന്‍നിര കമ്പനിയായ ഫോര്‍ഡാണ് എഐ മത്സരത്തിന്റെ ഭാഗമാകാന്‍ ആദ്യം രംഗത്തിറങ്ങുന്നത്.
എഐ അടിസ്ഥാന സൗകര്യ മേഖലയിലേക്കാണ് ഫോര്‍ഡ് കടക്കാനൊരുങ്ങുന്നത്. വമ്പന്‍ എഐ ഡാറ്റാസെന്ററുകള്‍ക്കാവശ്യമായ ബാറ്ററി - ഊര്‍ജ സംഭരണ സംവിധാനങ്ങള്‍ ഒരുക്കാനാണ് ഫോര്‍ഡ് ലക്ഷ്യമിടുന്നത്. പുതിയ മേഖലയിലേക്ക് കടക്കുന്നതിനായി ആദ്യഘട്ടത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള (ഇ.വി) ബാറ്ററി നിര്‍മാണ പ്ലാന്റിന്റെ ശേഷി ഉപയോഗിക്കുമെന്നാണ് ഫോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്.
ചെലവ് കുറഞ്ഞ ലിഥിയം-അയോണ്‍ ഫോസ്‌ഫേറ്റ് ബാറ്ററികള്‍ ഉപയോഗിച്ച് സംവിധാനം ഒരുക്കാനാണ് പദ്ധതി. എഐ ഡാറ്റാ സെന്ററുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാവും ഇവ. സ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കാനും സംവിധാനം പ്രയോജനപ്പെടുത്തും. ഈ പുതിയ സംരംഭത്തില്‍ 2 വര്‍ഷത്തിനുള്ളില്‍ ഏകദേശം 2 ബില്യണ്‍ (200 കോടി) ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിനായി കെന്റക്കിയിലെ തങ്ങളുടെ നിലവിലുള്ള പ്ലാന്റുകള്‍ ഉപയോഗിക്കും.
നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാണ് നീക്കം. ഫോര്‍ഡിന് പുതിയതും വൈവിധ്യമാര്‍ന്നതും ലാഭകരവുമായ വരുമാന സ്രോതസ് ഇത് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഈ ബിസിനസ് വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു. ബാറ്ററി സംവിധാനങ്ങളുടെ വിതരണം 2027 ല്‍ ആരംഭിക്കാനാണ് നീക്കം. പ്രതിവര്‍ഷം 20 GWh ബാറ്ററി ശേഷി നിര്‍മ്മിക്കുന്നതിനാവശ്യമായ നിക്ഷേപം ഫോര്‍ഡ് നടത്തും. ചൈനീസ് ബാറ്ററി-സെല്‍ നിര്‍മ്മാതാവായ CATL-ല്‍ നിന്ന് നേടിയ സാങ്കേതികവിദ്യ ഉപയോഗിച്ച് LFP ബാറ്ററികളും, 20 അടി വലുപ്പമുള്ള ബാറ്ററി - ഊര്‍ജ്ജ സംഭരണ മൊഡ്യൂളുകളും DC കണ്ടെയ്നര്‍ സംവിധാനങ്ങളും നിര്‍മ്മിക്കും.
ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഉള്‍പ്പെടെയുള്ളവയുമായി ഫോര്‍ഡിന് ഈ രംഗത്ത് മത്സരിക്കേണ്ടിവരും. ഫോര്‍ഡിന്റെ വരാനിരിക്കുന്ന ഇടത്തരം ഇലക്ട്രിക് ട്രക്ക്, പുതിയ യൂണിവേഴ്‌സല്‍ ഇവി പ്ലാറ്റ്ഫോമിലെ ആദ്യ മോഡല്‍ എന്നിവയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതിനുള്ള ബാറ്ററികളും ഫോര്‍ഡ് സ്വന്തമായി നിര്‍മിക്കും.
Content Highlights: Ford shifts to AI`s energy needs, repurposing EV battery factories for data center storage solutions. Learn about their $2B investment and plans to capture the growing market.