അശോക് എള്ളുസ്വാമി അടക്കമുള്ളവര്‍ എങ്ങനെ ടെസ്‌ലയിലെത്തി; വെളിപ്പെടുത്തി മസ്‌ക്

ടെസ്‌ലയുടെ ഓട്ടോപൈലറ്റ്, എഐ വിഭാഗത്തിന്റെ തലവനായ ഇന്ത്യന്‍ വംശജന്‍ അശോക് എള്ളുസ്വാമി അടക്കമുളളവരെ എങ്ങനെ കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എള്ളുസ്വാമിയേയും ഇവി കമ്പനിയുടെ നിര്‍മ്മിത ബുദ്ധി (എഐ) യാത്രയ്ക്ക് രൂപം നല്‍കിയ മറ്റ് നിരവധി പേരെയും നിയമിക്കാന്‍ തന്നെ സഹായിച്ചത് ഒരൊറ്റ സോഷ്യല്‍ മീഡിയ പോസ്റ്റാണ് എന്നാണ് ടെസ്‌ല സിഇഒ പറയുന്നത്.
ജനറലൈസ്ഡ് ഫുള്‍ ഓട്ടോണമി കൈവരിക്കുന്നതിനായി ടെസ്‌ല ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയര്‍ ടീം വികസിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള 2015-ലെ തന്റെ ട്വീറ്റ് വീണ്ടും പ്രചരിപ്പിച്ച ഒരു എക്‌സ് പോസ്റ്റ് ഉദ്ധരിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഇക്കാര്യം വിശദീകരിച്ചത്. ഒരു ഇമെയില്‍ വിലാസം നല്‍കി അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള ഒരു കുറിപ്പും ആ ട്വീറ്റില്‍ ഉണ്ടായിരുന്നു.
അശോകിന് ടെസ്‌ലയില്‍ ജോലി ലഭിക്കാന്‍ കാരണമായ ട്വീറ്റ്' എന്ന് എഴുതിക്കൊണ്ട് ഒരു എക്‌സ് ഉപയോക്താവ് മസ്‌കിന്റെ പഴയ പോസ്റ്റ് അടുത്തിടെ വീണ്ടും പങ്കുവെച്ചു. ഇതോടെ മസ്‌ക് ആ പോസ്റ്റിന് മറുപടി നല്‍കി. ആ കഥ സ്ഥിരീകരിച്ച അദ്ദേഹം ടെസ്‌ല എങ്ങനെയാണ് പൂജ്യത്തില്‍ നിന്ന് തങ്ങളുടെ എഐ ടീമിനെ കെട്ടിപ്പടുത്തത് എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്തു.
'ടെസ്‌ലയെ രൂപപ്പെടുത്തുന്ന ഒരു ഡസനോളം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചത് ഒരു ട്വീറ്റ്/പോസ്റ്റിലൂടെയാണ്. ടെസ്‌ല വളരെ കുറച്ച് ഏറ്റെടുക്കലുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഞങ്ങളുടെ വളര്‍ച്ച ഏകദേശം 90 ശതമാനവും സ്വാഭാവികമാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് നേട്ടങ്ങള്‍ കൈവരിച്ചു' അദ്ദേഹം അവകാശപ്പെട്ടു.
2015-ല്‍ മസ്‌ക് പങ്കുവെച്ച ട്വീറ്റിന്റെ പൂര്‍ണ്ണരൂപം
'ജനറലൈസ്ഡ് ഫുള്‍ ഓട്ടോണമി കൈവരിക്കുന്നതിനായി ടെസ്‌ലയിലെ ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയര്‍ ടീമിനെ വികസിപ്പിക്കുന്നു. താല്പര്യമുണ്ടെങ്കില്‍, autopilot@teslamotors.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.'
ആരാണ് അശോക് എള്ളുസ്വാമി
ടെസ്‌ലയിലെ ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറിന്റെ ഡയറക്ടറും കമ്പനിയുടെ എഐ ടീമിലേക്ക് നിയമിക്കപ്പെട്ട ആദ്യത്തെ വ്യക്തിയുമാണ് അശോക് എള്ളുസ്വാമി.
കാര്‍ണഗീ മെലന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഇന്ത്യന്‍ വംശജനായ അദ്ദേഹം എഞ്ചിനീയര്‍മാര്‍ക്കായുള്ള മസ്‌കിന്റെ ക്ഷണം സ്വീകരിച്ച് 2015-ലാണ് ടെസ്‌ലയില്‍ ചേര്‍ന്നത്. അതിനുമുമ്പ്, അദ്ദേഹം വാബ്‌കോ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റംസ്, ഫോക്‌സ്‌വാഗന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ടെസ്‌ലയുടെ ഓട്ടോപൈലറ്റും ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് (FSD) സംവിധാനങ്ങളും വികസിപ്പിച്ചു. പൂര്‍ണ്ണമായ ഓട്ടോണമിയിലേക്കുള്ള ടെസ്‌ലയുടെ മുന്നേറ്റത്തിന് കാരണം എള്ളുസ്വാമിയും അദ്ദേഹത്തിന്റെ ടീമുമാണെന്ന് മസ്‌ക് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Content Highlights: Discover how a single tweet by Elon Musk led to the hiring of Ashok Elluswamy, head of Tesla`s Autopilot & AI division, shaping the company`s AI journey.