31 വയസ്സ്, 21,190 കോടി ആസ്തി; കോടീശ്വരന്മാരുടെ പട്ടികയിലെ ചെറുപ്പക്കാരൻ, ആരാണ് അരവിന്ദ് ശ്രീനിവാസ്?

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി പെർപ്ലെക്സിറ്റി എഐയുടെ സ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ്. M3M Hurun India Rich List 2025 പ്രകാരം, 31-കാരനായ അരവിന്ദിന് 21,190 കോടി രൂപയുടെ ആസ്തിയുണ്ട്. 1994 ജൂൺ 7-ന് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ഐഐടി മദ്രാസിൽ പഠിച്ചിറങ്ങിയ അരവിന്ദ്, 2021-ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്‌ലിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി പൂർത്തിയാക്കി. തുടർന്ന്, പ്രമുഖ ടെക് കമ്പനികളിൽ പ്രവൃത്തിപരിചയം നേടി. ഓപ്പൺഎഐയിലും ലണ്ടനിലെ ഡീപ്‌മൈൻഡിലും ജോലി ചെയ്തിരുന്നു.
2022 ഓഗസ്റ്റിൽ, ഡെനിസ് യാരാറ്റ്സ്‍, ആൻഡി കോൺവിൻസ്കി എന്നിവരോടൊപ്പം ചേർന്ന് അരവിന്ദ് പെർപ്ലെക്സിറ്റി എഐ സ്ഥാപിച്ചു. ജിപിടി-3 പോലുള്ള മോഡലുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് വേഗതയേറിയതും കൃത്യവും വിശ്വസനീയവുമായ ഉത്തരങ്ങൾ നൽകുക എന്നതാണ് ഈ എഐ ചാറ്റ്-അധിഷ്ഠിത സെർച്ച് എഞ്ചിൻ്റെ ലക്ഷ്യം.
2023 ജനുവരി മുതൽ മികച്ച ഭാവിയുള്ള എഐ സ്റ്റാർട്ടപ്പുകളിൽ ഒരു നിക്ഷേപകൻ കൂടിയാണ് അരവിന്ദ്. ടെക്സ്റ്റിൽ നിന്ന് സംഭാഷണം സൃഷ്ടിക്കുന്ന ഇലവൻലാബ്സ്, ടെക്സ്റ്റിൽ നിന്ന് സംഗീത ടൂളുകൾ വികസിപ്പിക്കുന്ന സൂനോ തുടങ്ങിയ സ്റ്റാർട്ടപ്പുകളിൽ അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്.
Content Highlights: Meet Arvind Srinivasan, the youngest billionaire in India and founder of Perplexity AI. Discover his journey from IIT Madras to leading a groundbreaking AI search engine with a net worth of ₹21,190 crore.