Are You Dead? ജീവനോടെയുണ്ടെന്ന് ഉറപ്പാക്കാൻ മൊബൈൽ ആപ്പ്, ചൈനയിൽ വമ്പൻ ഹിറ്റ്

ചൈനയിൽ വലിയ പ്രചാരംനേടി Are You Dead? എന്ന മൊബൈൽ ആപ്പ്. ജീവനോടെയുണ്ടെന്ന് ഉറപ്പാക്കാനുള്ള ആപ്പാണിത്. പ്രവർത്തനം ലളിതമാണ്. ഉപയോക്താവ് രണ്ട് ദിവസം കൂടുമ്പോൾ ഒരു ബട്ടൺ ക്ലിക്ക് ചെയ്ത് ഇതിൽ ചെക്ക്-ഇൻ ചെയ്യണം. രണ്ട് ദിവസം കഴിഞ്ഞും ചെക്ക് ഇൻ ചെയ്യാത്തപക്ഷം എമർജൻസി കോൺടാക്റ്റുമായി ആപ്പ് ബന്ധപ്പെടുകയും ഉപയോക്താവ് അപകടത്തിൽപ്പെട്ടിരിക്കാം എന്ന് അറിയിക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ പുറത്തിറക്കിയ ആപ്പിന് ആദ്യം വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ചൈനയിലെ നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന നിരവധി ചെറുപ്പക്കാർ കൂട്ടത്തോടെ ഇത് ഡൗൺലോഡ് ചെയ്യാൻ തുടങ്ങിയതോടെയാണ് ശ്രദ്ധ ലഭിച്ചത്. പിന്നീട് രാജ്യത്തെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട പെയ്ഡ് ആപ്പ് ആയി ഇത് മാറി. ഒരു സോളോ ഓഫീസ് വർക്കറായാലും, വീട്ടിൽനിന്ന് മാറി താമസിക്കുന്ന വിദ്യാർഥിയായാലും, ഏകാന്ത ജീവിതം തിരഞ്ഞെടുത്ത ഒരാളായാലും സുരക്ഷ ഉറപ്പാക്കുന്ന ഒരു കൂട്ടാളി എന്നാണ് ഈ ആപ്പ് സ്വയം വിശേഷിപ്പിക്കുന്നത്.
ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഇത് ആവശ്യമാണെന്നാണ് ചൈനയിലെ യുവാക്കൾ പറയുന്നത്. ഇത്തരക്കാർ മരിക്കുന്ന സമയത്ത് ആരും അറിയാതെപോകുമോ, സഹായത്തിനായി വിളിക്കാൻ ആരുമില്ലാതെ വരുമോ എന്നൊക്കെ ഭയപ്പെടുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന പലരും മരിച്ചശേഷം തന്റെ മൃതദേഹം ആര് ഏറ്റെടുക്കും, അന്ത്യകർമങ്ങൾ ചെയ്യും എന്നൊക്കെ ആശങ്കപ്പെടുന്നുണ്ടെന്ന് യുവാക്കൾ പറയുന്നു. ഇത്തരക്കാരാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്.
എന്നാൽ പലരും ആപ്പിന്റെ പേരിനെ വിമർശിക്കുന്നുണ്ട്. 'Are you ok? അല്ലെങ്കിൽ 'How are you? പോലുള്ള കൂടുതൽ പോസിറ്റീവ് പേര് നൽകണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ആപ്പിന് പിന്നിലുള്ള കമ്പനിയായ മൂൺസ്‌കേപ്പ് ടെക്‌നോളജീസ് നിലവിലെ പേരിനെക്കുറിച്ചുള്ള വിമർശനങ്ങൾ പരിഗണിക്കുകയും പേര് മാറ്റാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ടു ചെയ്യുന്നത്.
അന്താരാഷ്ട്ര തലത്തിൽ Demumu എന്ന പേരിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ആപ്പ് അമേരിക്ക, സിംഗപ്പുർ, ഹോങ്കോങ് എന്നിവിടങ്ങളിൽ ടോപ് ടുവിലും, ഓസ്‌ട്രേലിയ, സ്‌പെയിൻ എന്നിവിടങ്ങളിൽ പെയ്ഡ് യൂട്ടിലിറ്റി ആപ്പുകളിൽ ടോപ് ഫോറിലുമായി റാങ്ക് ചെയ്യുന്നുണ്ട്. വിദേശത്തുള്ള ചൈനീസ് ഉപയോക്താക്കളാകാം ഈ മുന്നേറ്റത്തിന് പിന്നിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യം സൗജന്യ ആപ്പായി പുറത്തിറക്കിയെങ്കിലും പിന്നീട് ഇത് പെയ്ഡ് വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
Are You Dead? ന്റെ സ്ഥാപകരെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ലെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. 2030 ഓടെ ചൈനയിൽ 200 മില്യൺ (20 കോടി) വരെ ഒറ്റപ്പെട്ട മനുഷ്യർ ഉണ്ടാകാം എന്നാണ് ഗവേഷണ സ്ഥാപനങ്ങളുടെ കണക്കുകൾ ഉദ്ധരിച്ച് ചൈനയിലെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Discover the viral `Are You Dead?` app in China, a safety companion for those living alone. Learn its concept, popularity, and growing user base.