സിരി എഐ സൗജന്യമല്ല! നിർമിത ബുദ്ധി ഫീച്ചറുകൾക്കായി ആപ്പിൾ പണം ഈ ടാക്കിയേക്കും

#ടെക്നോളജി ഡെസ്ക്
Apple Logo  | Photo: Gettyimages
Apple Logo | Photo: Gettyimages

കുറച്ച് വർഷങ്ങളായി ആപ്പിളിന്റെ വാഗ്ദാനം മാത്രമായി തുടരുന്ന എഐ അധിഷ്ഠിത ‘സിരി’ക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് നിരാശരാവേണ്ടി വരും. മറ്റൊരു സ്മാർട്ഫോൺ കമ്പനിയും ചെയ്യാത്ത നീക്കമാണ് ആപ്പിൾ നടപ്പാക്കാൻ ഒരുങ്ങുന്നത്. ആപ്പിൾ അവതരിപ്പിക്കുന്ന നിർമിത ബുദ്ധി ഫീച്ചറുകൾക്ക് ഉപഭോക്താക്കൾ പ്രത്യേകം പണം നൽകേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ‘സിരി’ സൃഷ്ടിക്കുന്ന എ.ഐ. സേവനങ്ങൾക്കായി ഉണ്ടാകുന്ന ഉയർന്ന കംപ്യൂട്ടിങ് ചെലവുകൾ പരിഹരിക്കാനും കൈകാര്യം ചെയ്യാനുമുള്ള ശ്രമങ്ങളിലാണ് കമ്പനിയെന്ന് ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് പറഞ്ഞു.

"ഇത് ധാരാളമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകളുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിനാൽ ഐക്ലൗഡ്+ൽ ചില അപ്‌ഗ്രേഡ് സാധ്യതകൾ ഞങ്ങൾ കൊണ്ടുവരും." കുക്ക് പറഞ്ഞു. ഐഫോൺ 16 പുറത്തിറക്കിയ വേളയിൽ ‘സിരി’ക്ക് ധാരാളം എ.ഐ. സവിശേഷതകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വലിയ അപ്‌ഡേറ്റുകളൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതിനാൽ, ഉയർന്ന കംപ്യൂട്ടിങ് ചെലവുകൾ പരിഹരിക്കുന്നതിനായി ഇന്റലിജന്റ് സിരി ഉൾപ്പെടുന്ന ഐക്ലൗഡ് സബ്സ്‌ക്രിപ്ഷന് ആളുകളിൽനിന്ന് തുക ഈടാക്കാനാണ് ആപ്പിൾ ഇപ്പോൾ പദ്ധതിയിടുന്നത്.

സെപ്റ്റംബറിൽ പുറത്തിറക്കുന്ന ഐഫോൺ 18 സീരീസിനൊപ്പം ലഭ്യമാക്കിത്തുടങ്ങുന്ന ഐഒഎസ് 27-ലാണ് പുതിയ എഐ അധിഷ്ഠിത സിരിയും മറ്റ് എഐ ഫീച്ചറുകളും എത്തുന്നത്. ഈ മാസം ഐഒഎസ് 27-ന്റെ പബ്ലിക് ബീറ്റാ പതിപ്പിനൊപ്പം പുതിയ ‘സിരി’യും കമ്പനി ലഭ്യമാക്കിയിരുന്നു. മാക് ഒഎസിലും ഈ ഫീച്ചറുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ‘സിരി’ക്ക് വേണ്ടിയുള്ള സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ കൂടുതൽ വരുമാനമുണ്ടാക്കാൻ ആപ്പിളിന് സാധിക്കും. നിലവിൽ ഐക്ലൗഡ് സ്റ്റോറേജിന് ആപ്പിൾ പണമീടാക്കുന്നുണ്ട്. എഐ ഫീച്ചറുകൾ കൂടി വരുന്നതോടെ സബ്സ്ക്രിപ്ഷൻ നിരക്ക് വർധിക്കാനും സാധ്യതയുണ്ട്.

Content Highlights: Apple is planning to introduce a paid subscription model via iCloud+ for its upcoming advanced AI-driven Siri features to manage high computing costs, with the rollout expected alongside the iPhone 18 series and iOS 27.