എഐയില്‍ ആപ്പിള്‍ രക്ഷപ്പെടണമെങ്കില്‍ ടിം കുക്ക് മാറണം, പകരം പുതിയ മേധാവി വരണം- അനലിസ്റ്റുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ രക്ഷപ്പെടണമെങ്കില്‍ ടിം കുക്ക് സിഇഒ സ്ഥാനമൊഴിഞ്ഞ് പുതിയ സിഇഒ വരണമെന്ന് ലൈറ്റ്‌ഷെഡ് പാര്‍ട്‌നേഴ്‌സ് അനലിസ്റ്റുകളായ വാള്‍ട്ടര്‍ പിസിക്കും ജോ ഗലോണും. മാര്‍ക്കറ്റ് വാച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇരുവരുടെയും നിരീക്ഷണം.
വ്യക്തമായി പറഞ്ഞാല്‍, ടിം കുക്ക് അദ്ദേഹം സ്ഥാനമേല്‍ക്കുന്ന സമയത്തെ ഏറ്റവും അനുയോജ്യനായ സിഇഒ തന്നെ ആയിരുന്നു. അദ്ദേഹം ആ ആസ്ഥാനം മികച്ച രീതിയില്‍ ചെയ്തു എന്നതില്‍ മറുചോദ്യമില്ല. ടിം കുക്ക് സിഇഒ ആയതിന് ശേഷം രണ്ട് ലക്ഷം കോടി ഡോളറിന്റെ ഐഫോണുകളാണ് വിറ്റഴിച്ചത്. എന്നാല്‍ ഇപ്പോള്‍ ടിം കുക്കിന്റെ നേതൃത്വത്തില്‍ ആപ്പിളിന് പുതിയ എഐ ഫീച്ചറുകളും അപ്‌ഗ്രേഡുകളും നല്‍കാനാവുമോ എന്നതില്‍ അനലിസ്റ്റുകള്‍ സംശയം പ്രകടിപ്പിച്ചു.
ആഗോള സമ്പദ് വ്യവസ്ഥയിലുടനീളമുള്ള വ്യവസായങ്ങളെ എഐ പുനര്‍നിര്‍മിക്കുമ്പോള്‍ അതിലെ ദുരന്തങ്ങളിലൊന്നായി ആപ്പിള്‍ മാറുമെന്ന് ഇരുവരും പറയുന്നു. ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് വില്യംസ് വിരമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. പുതിയ സിഇഒആയി ഇന്ത്യയില്‍ ജനിച്ച സാബിഹ് ഖാനെയാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്.
1995 മുതല്‍ ആപ്പിളില്‍ ജോലി ചെയ്യുന്ന സാബിഹ് ഖാന്‍ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി സ്ഥാനമേല്‍ക്കുന്നത്. ഇതോടെ കമ്പനിയില്‍ ടിം കുക്കിന് ശേഷം രണ്ടാം സ്ഥാനം സാബിഹ് ഖാന് ലഭിക്കും. ഇങ്ങനെയുള്ള മാറ്റങ്ങള്‍ ആപ്പിളില്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇനിയും ധീരമായ തീരുമാനങ്ങള്‍ ആപ്പിള്‍ എടുക്കേണ്ടതുണ്ടെന്നാണ് ഗലോണും പിസിക്കും പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആപ്പിള്‍ പ്രയാസപ്പെടുന്നുവെന്നാണ് പൊതുധാരണ. ആപ്പിള്‍ ഉപകരണങ്ങളിലെ എഐ അധിഷ്ടിതമായ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഇനിയും കാര്യക്ഷമമായിട്ടില്ല. എഐ ഉപയോഗിച്ച് സിരി വോയ്‌സ് അസിസ്റ്റന്റ് അപ്‌ഗ്രേഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ മാറ്റം സംഭവിച്ചില്ല. അത്യാധുനിക എഐ ഫീച്ചറുകളില്‍ ആപ്പിള്‍ സാങ്കേതിക പ്രതിസന്ധികള്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമിതമായി വാഗ്ദാനം നല്‍കുകയും അത് നല്‍കാതിരിക്കുകയും ചെയ്തതാണ് സിരിയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് ലൈറ്റ്‌ഷെഡ് ടീം പറയുന്നു. സിരി അപ്‌ഗ്രേഡ് പ്രഖ്യാപിക്കുമ്പോള്‍ എഐയില്‍ ആപ്പിള്‍ എവിടെയും എത്തിയിരുന്നില്ല. അതിന് ശേഷം അക്കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ലൈറ്റ്‌ഷെഡ് ടീം പറയുന്നു. എഐയില്‍ നഷ്ടം സംഭവിച്ചാല്‍ അത് ആപ്പിളിന്റെ ഇനിയുള്ള യാത്രയെയും വളരാനുള്ള ശേഷിയെയും ബാധിക്കുമെന്നും അവര്‍ വിലയിരുത്തി.
കഴിഞ്ഞയാഴ്ചാണ് ആപ്പിളിലെ എഐ മോഡലുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന എഞ്ചിനീയര്‍ റുവോമിങ് പാങ് ആപ്പിള്‍ വിട്ട മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ ചേര്‍ന്നത്. ഇതും എഐയില്‍ ആപ്പിളിന് വലിയ തിരിച്ചടിയായി.
Content Highlights: Analysts predict Apple needs a new CEO to compete in the rapidly evolving AI landscape.