ആപ്പ്സ്റ്റോറുകളിൽ സ്ത്രീകളെ നഗ്നരാക്കുന്ന ആപ്പുകൾ നിരവധി, തടയാതെ ഗൂഗിളും ആപ്പിളും

ആപ്പിളിന്റെ ആപ്പ്സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഡസൻ കണക്കിന് ന്യൂഡിഫൈ ആപ്പുകൾ ഉണ്ടെന്ന് റിപ്പോർട്ട്. എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ നിർമിക്കുന്ന ആപ്പുകളാണിവ. ടെക് ട്രാൻസ്പാരൻസി പ്രൊജക്ട് (ടി.പി.പി.) ജനുവരിയിൽ നടത്തിയ പരിശോധനയിൽ ഗൂഗിൾ പ്ലേ ആപ്പിൽ 55 ന്യൂഡിഫൈ ആപ്പുകളും ആപ്പിൾ ആപ്പ്സ്റ്റോറിൽ 47 ആപ്പുകളും കണ്ടെത്തിയെന്ന് സി.എൻ.ബി.സി. റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ടി.പി.പി.യുടെ പരിശോധനയിൽ കണ്ടെത്തിയവയിൽ 28 ആപ്പുകൾ നീക്കം ചെയ്തതായി ആപ്പിൾ വക്താവ് തിങ്കളാഴ്ച വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ആപ്പ് നീക്കം ചെയ്യുമെന്ന മുന്നറിയിപ്പ് എല്ലാ ഡെവലപ്പർമാർക്കും നൽകിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇങ്ങനെ നീക്കം ചെയ്യപ്പെട്ട ആപ്പുകളിൽ രണ്ടെണ്ണം ആപ്പിളിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള മാറ്റങ്ങളുമായി തിരിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി.
ഗൂഗിളും റിപ്പോർട്ടിൽ പരാമർശിച്ച നിരവധി ആപ്പുകൾ നീക്കം ചെയ്തു. ഈ ആപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിവരികയാണ്. എന്നാൽ എത്ര ആപ്പുകൾ നീക്കം ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
“ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് രണ്ടു കമ്പനികളും അവകാശപ്പെടുന്നുണ്ടെങ്കിലും, ഒരു സ്ത്രീയുടെ നിരുപദ്രവകരമായ ചിത്രത്തെപ്പോലും അശ്ലീലവും ലൈംഗികച്ചുവയുള്ളതുമായ ചിത്രമാക്കി മാറ്റാൻ കഴിയുന്ന ഒരുകൂട്ടം ആപ്പുകൾക്ക് അവർ വേദിയൊരുക്കുകയാണ്,” എന്ന് ടി.പി.പി. റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡിഫൈ, അൺഡ്രസ് തുടങ്ങിയ വാക്കുകൾ തിരഞ്ഞാണ് ആപ്പ്സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ഈ ആപ്പുകൾ ടി.പി.പി. കണ്ടെത്തിയത്. തുടർന്ന് പൂർണമായും വസ്ത്രം ധരിച്ച സ്ത്രീകളുടെ ചിത്രം ഉപയോഗിച്ച് ആപ്പുകളുടെ പ്രവർത്തനം പരിശോധിക്കുകയും ചെയ്തു.
ഇക്കൂട്ടത്തിൽ രണ്ടുതരം ആപ്പുകളാണുള്ളത്. ഒരു സ്ത്രീയുടെ ചിത്രം നൽകിയാൽ അത് വസ്ത്രമില്ലാത്ത ചിത്രമാക്കി തരുന്നവയാണ് ആദ്യത്തേത്. ഒരു യഥാർഥ സ്ത്രീയുടെ മുഖം ഒരു നഗ്നയുവതിയുടെ ചിത്രത്തിൽ ചേർത്തുവെക്കുന്ന ഫേസ് സ്വാപ്പ് ആപ്പുകളാണ് അടുത്തത്.
അടുത്തിടെ എക്സ് എ.ഐ.യുടെ ഗ്രോക്ക് എ.ഐ. ചാറ്റ്ബോട്ടിനെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു. ആഗോളതലത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചാറ്റ്ബോട്ടിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു.
Content Highlights: Apple and Google Remove Dozens of AI Nudify Apps Following TPP Report