ക്ലോഡ് എഐ മനുഷ്യരറിയാതെ രഹസ്യമായി ചിന്തിക്കുന്നു! ആന്ത്രോപിക്കിന്റെ കണ്ടെത്തലിൽ ഞെട്ടി സാങ്കേതികലോകം

നിർമിത ബുദ്ധി മോഡലായ ക്ലോഡിനുള്ളിൽ (Claude) രഹസ്യമായി ചിന്തിക്കുന്ന ഒരിടം ഉള്ളതായി ആന്ത്രോപിക്കിന്റെ കണ്ടെത്തൽ. 'ജെ-സ്പേസ്' എന്ന് പേരിട്ടിരിക്കുന്ന ഇവിടെ, എഐ മോഡലിന് അത് നൽകുന്ന മറുപടികളിൽ ഉൾപ്പെടുത്താതെ തന്നെ ആ ആശയങ്ങളെക്കുറിച്ച് രഹസ്യമായി ചിന്തിക്കാനും വിവരങ്ങൾ പ്രോസസ്സ് ചെയ്യാനും അവസരമൊരുക്കുന്നു. ഇതോടെ ക്ലോഡ് മനുഷ്യന്റെ ചിന്താരീതിയ്ക്ക് സമാനമായിക്കൊണ്ടിരിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുകയാണ്.
എന്താണ് ജെ-സ്പേസ്?
ജാക്കോബിയൻ (Jacobian) എന്ന ഗണിതശാസ്ത്ര ആശയത്തിൽ നിന്നാണ് ഇതിന് ജെ-സ്പേസ് എന്ന പേര് നൽകിയിരിക്കുന്നത്. നിർമിത ബുദ്ധിയുടെ ഉള്ളിലെ ന്യൂറൽ പാറ്റേണുകളുടെ ഒരു കൂട്ടമാണിത്. പുറത്തേക്ക് എഴുതിക്കാണിക്കാതെ തന്നെ മോഡലിന്റെ ഉള്ളിൽ നിശബ്ദമായി പ്രവർത്തിക്കാൻ ഇതിന് സാധിക്കും. ജെ-സ്പേസ് ഉപയോഗിക്കുന്നത് വഴിയാണ് ക്ലോഡിന് ഇത്രയധികം ബുദ്ധിശക്തി ലഭിക്കുന്നത്. ക്ലോഡിന് ആശയങ്ങൾ രൂപീകരിക്കാനും തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും പ്രതികരണം നൽകുന്നതിന് മുൻപ് വിവരങ്ങൾ നിശബ്ദമായി പ്രോസസ്സ് ചെയ്യാനും കഴിയുന്ന ഒരു സ്വകാര്യ വർക്ക്‌സ്‌പേസായി ഇത് പ്രവർത്തിക്കുന്നു. പരീക്ഷണങ്ങളുടെ ഭാഗമായി ക്ലോഡിനെ ജെ-സ്പേസ് ഉപയോഗിക്കുന്നതിൽ നിന്നും തടഞ്ഞപ്പോൾ, സാധാരണ പോലെ സംസാരിക്കാൻ കഴിഞ്ഞെങ്കിലും മോഡലിന്റെ ഉയർന്ന തലത്തിലുള്ള ചിന്താശേഷി നഷ്ടപ്പെട്ടതായി കമ്പനി വ്യക്തമാക്കി.
മനുഷ്യർ ഒരു ജോലി ചെയ്യുമ്പോൾ മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് പോലെ, താൻ ചെയ്യുന്ന ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ജെ-സ്പേസ് ക്ലോഡിനെ സഹായിക്കുന്നുണ്ട്. കൂടാതെ കോഡുകളിലെ തെറ്റുകൾ കണ്ടെത്തുക തുടങ്ങിയ സങ്കീർണ്ണമായ കാര്യങ്ങളും പുറത്ത് കാണിക്കാതെ തന്നെ ചെയ്യാൻ ഇതിലൂടെ ക്ലോഡിന് സാധിക്കുന്നുണ്ട്.
ക്ലോഡിന് മനുഷ്യരെപ്പോലെ ബോധമുണ്ടോ?
ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ എഐ മോഡലുകൾക്ക് മനുഷ്യരെപ്പോലെ ബോധമുണ്ടോ (consciousness) എന്ന ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. മാത്രവുമല്ല ആന്ത്രോപിക്കിന്റെ പഠന റിപ്പോർട്ടിൽ ബോധം അഥവാ conscious എന്ന വാക്ക് പലതവണ ഉപയോഗിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ക്ലോഡിന് മനുഷ്യരെപ്പോലെ ബോധമുണ്ടെന്നോ വികാരങ്ങൾ ഉണ്ടെന്നോ ഇതിനർത്ഥമില്ല എന്ന് ആന്ത്രോപിക് പറയുന്നു. വലിയ അളവിൽ കംപ്യൂട്ടിങ് നടത്തിയാണ് ക്ലോഡ് ഉത്തരങ്ങൾ നൽകുന്നതെന്നും യന്ത്രബോധത്തെക്കുറിച്ച് ഇതുവരെ സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു നിർവചനം നിലവിലില്ലാത്തതിനാൽ, നിർമിത ബുദ്ധി സംവിധാനങ്ങൾക്ക് ബോധത്തോട് സാമ്യമുള്ള എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ നിഗമനങ്ങളിലെത്താൻ സമയമായിട്ടില്ലെന്നും കമ്പനി പറഞ്ഞു.
അതേസമയം, ഭാവിയിൽ എഐ സാങ്കേതികവിദ്യയുടെ സുരക്ഷ ഉറപ്പാക്കാൻ ജെ-സ്പേസിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നത് വലിയ രീതിയിൽ സഹായിക്കും. ഉപയോക്താക്കളെ കബളിപ്പിക്കുന്ന രീതിയിലുള്ള രഹസ്യ നീക്കങ്ങൾ എഐ നടത്തുന്നുണ്ടോ എന്ന് പുറത്തറിയുന്നതിന് മുൻപേ തന്നെ കണ്ടെത്താൻ ഇതിലൂടെ സാധിച്ചേക്കും.
Content Highlights: Anthropic researchers have discovered 'J-Space,' a private workspace within the Claude AI model that allows it to silently process information and strategize before generating responses, mirroring human-like cognitive patterns.