'ഭൂമുഖത്തുള്ള എല്ലാവരും മരിക്കും'; നിര്‍മിതബുദ്ധി വിനാശത്തിന് കാരണമാകുമെന്ന് എഐ ഗവേഷകന്‍

നിര്‍മിതബുദ്ധി മനുഷ്യരാശിയുടെ വിനാശത്തിന് കാരണമാകുമെന്ന് പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഗവേഷകനായ എലിയേസര്‍ യുഡ്കോവ്‌സ്‌കി. 'ഭൂമിയില്‍ എവിടെയെങ്കിലും ഏതെങ്കിലും കമ്പനിയോ ഗ്രൂപ്പോ നിലവിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചോ എ.ഐയെക്കുറിച്ചുള്ള ഇന്നത്തെ ധാരണയുടെ അടിസ്ഥാനത്തിലോ ഒരു ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സ് നിര്‍മ്മിക്കുന്നപക്ഷം ഭൂമിയില്‍ എല്ലായിടത്തുമുള്ള എല്ലാവരും മരിക്കും.'- അദ്ദേഹം പറയുന്നു.
നേറ്റ് സോറസുമായി ചേര്‍ന്നെഴുതിയ If Anyone Builds It, Everyone Dies (ആരെങ്കിലും അത് നിര്‍മ്മിച്ചാല്‍, എല്ലാവരും മരിക്കും) എന്ന തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ്.
നിര്‍മിതബുദ്ധിയുടെ അപകടങ്ങളെക്കുറിച്ച് ലോകത്ത് ആദ്യമായി മുന്നറിയിപ്പ് നല്‍കിയ വിദഗ്ധനാണ് യുഡ്കോവ്‌സ്‌കി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഓപ്പണ്‍എഐയെ നയിക്കുന്ന സാം ആള്‍ട്ട്മാന്‍, ഗ്രോക്കിന്റെ ഇലോണ്‍ മസ്‌ക് തുടങ്ങിയവരടക്കം ഗൗരവത്തോടെയാണ് കാണുന്നത്. നിര്‍മിതബുദ്ധിയുടെ അപകട സാധ്യതകളെക്കുറിച്ച് പഠിക്കുന്ന ബെര്‍ക്ക്ലി ആസ്ഥാനമായ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന മെഷീന്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (MIRI) സ്ഥാപകനാണ് അദ്ദേഹം. സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഭയാനകമായ പ്രവചനങ്ങള്‍ കാരണം 'വിനാശത്തിന്റെ പ്രവാചകന്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
മനുഷ്യരാശിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായതിനാല്‍ എഐയുടെ വികസനം തടയുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് യുഡ്കോവ്‌സ്‌കി പറയുന്നു. MIRI-യുടെ പ്രസിഡന്റ് നേറ്റ് സോറസുമായി ചേര്‍ന്നാണ് അദ്ദേഹം പുതിയ പുസ്തകം എഴുതിയിട്ടുള്ളത്. നിര്‍മിതബുദ്ധിയുടെ കഴിവുകള്‍ അനിയന്ത്രിതമായി കുതിച്ചുയര്‍ന്ന് മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയുന്നതിന് അതീതമായ ഒരു സൂപ്പര്‍ ഇന്റലിജന്‍സ് സൃഷ്ടിക്കപ്പെടുന്ന സ്‌ഫോടനാത്മകമായ സാഹചര്യത്തെ യുഡ്കോവ്‌സ്‌കി ഭയപ്പെടുന്നു. നിര്‍മിതബുദ്ധിയെ മനുഷിക മൂല്യങ്ങളുമായി ബന്ധിപ്പിക്കുന്നത് ഏതാണ്ട് അസാധ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു. നിര്‍മിതബുദ്ധിക്കെതിരെ തോല്‍ക്കുന്ന ഒരു യുദ്ധം ചെയ്യുന്നതിനേക്കാള്‍ മനുഷ്യരാശിയുടെ നാശം താന്‍ അംഗീകരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
മനുഷ്യരാശി പ്രശ്‌നം പരിഹരിക്കാന്‍ പോകുന്നില്ലെന്നും അതിനായി കഠിനമായി ശ്രമിക്കുകയോ വലിയൊരു പോരാട്ടത്തിന് മുതിരുകയോ ചെയ്യില്ലെന്നും ഈ ഘട്ടത്തില്‍ വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു. ചില മേഖലകളില്‍ എഐ ഉണ്ടാക്കാന്‍ സാധ്യതയുള്ള നേട്ടങ്ങള്‍ അംഗീകരിക്കുമ്പോഴും നിലനില്‍പ്പിനുള്ള ഭീഷണിയെ അത് മറികടക്കുന്നില്ല. എഐ വികസനം നിര്‍ത്താന്‍ ഒരു അന്താരാഷ്ട്ര ഉടമ്പടി ആവശ്യമാണ്. ഇതുകൂടാതെ ഒരു സൂപ്പര്‍ഹ്യൂമന്‍ എഐ വികസിപ്പിക്കുകയാണെങ്കില്‍ നിയമലംഘകരായ രാജ്യങ്ങളിലെ ഡാറ്റാ സെന്ററുകളില്‍ ബോംബിടുന്നത് പോലുള്ള കടുത്ത നടപടികളും വേണ്ടിവരും.
'എഐയുടെ തലതൊട്ടപ്പന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിന്റണ്‍ നിര്‍മിതബുദ്ധിയുടെ അപകട സാധ്യതകളെപ്പറ്റി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് യുഡ്കോവ്‌സ്‌കിയും തന്റെ പുസ്തകത്തിലൂടെ അതിലും ശക്തമായ അപകടങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച കമ്പനികളെ മുമ്പെന്നത്തേക്കാളും ലാഭകരമാക്കുമെങ്കിലും അത് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്ന് ഹിന്റണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തൊഴിലില്ലായ്മ വിനാശകരമായ തലങ്ങളിലേക്ക് ഉയര്‍ന്നേക്കാം. സമ്പന്നര്‍ തൊഴിലാളികള്‍ക്ക് പകരം എഐ ഉപയോഗിക്കും. ഇത് കടുത്ത തൊഴിലില്ലായ്മയും സ്ഥാപനങ്ങളുടെ ലാഭത്തില്‍ ഭീമമായ വര്‍ധനയും ഉണ്ടാക്കും. അത് കുറച്ചുപേരെ കൂടുതല്‍ സമ്പന്നരാക്കുകയും. ഭൂരിഭാഗം പേരെയും ദരിദ്രരാക്കുകയും ചെയ്യും. അത് എഐയുടെ തെറ്റല്ല, മറിച്ച് മുതലാളിത്ത വ്യവസ്ഥയുടെതാണെന്നും ഹിന്റണ്‍ പറഞ്ഞിരുന്നു. സമാനമായി 2030-ഓടെ 99 ശതമാനം തൊഴിലാളികളെയും എഐ തൊഴില്‍രഹിതരാക്കുമെന്ന് ലൂയിസ്‌വിൽ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ റോമന്‍ യാംപോള്‍സ്‌കി അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Eliezer Yudkowsky warns uncontrolled AI development will lead to humanity`s demise