എന്തൊരു റിട്ടേണ്‍! അത്ഭുതമായി അല്‍ക്കാരസ്, ഫെഡററുമായി താരതമ്യം ചെയ്ത് ആരാധകര്‍

Photo: AP
Photo: AP

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ആദ്യ സെമിയില്‍ ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെതിരേ അത്ഭുത ഷോട്ട് കളിച്ച് ആരാധകരുടെ മനം കീഴടക്കി ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസ്. ജോക്കോവിച്ചിനെ അത്ഭുതപ്പെടുത്തിയാണ് അല്‍ക്കാരസ് താരമായത്. 

മത്സരത്തിന്റെ രണ്ടാം സെറ്റിലാണ് സംഭവമരങ്ങേറിയത്. ഇരുതാരങ്ങളും 1-1 ന് സമനില പാലിച്ച സമയത്ത് അല്‍ക്കാരസ് സെര്‍വ് ചെയ്യാനാരംഭിച്ചു. ചെറിയ റാലിയ്ക്ക് ശേഷം ജോക്കോവിച്ച് ഡ്രോപ് ഷോട്ട് കളിച്ചു. തിരിച്ച് അല്‍ക്കാരസും അതേ നാണയത്തില്‍ തിരിച്ചടിച്ചു. അല്‍ക്കാരസ് മുന്നില്‍ നിന്നതിനാല്‍ കോര്‍ട്ടില്‍ ധാരാളം സ്‌പേസ് ജോക്കോവിച്ചിന് കിട്ടി. പോയന്റ് ഉറപ്പിച്ച് ജോക്കോവിച്ച് പന്ത് ദൂരത്തേക്ക് നീട്ടിയടിച്ചു. എന്നാല്‍ ഇതുകണ്ട അല്‍ക്കാരസ് ഓടിവന്ന് കാലുകൊണ്ട് നിരങ്ങി അത്ഭുതകരമായി പന്ത് റിട്ടേണ്‍ കൊടുത്തു. മുന്നോട്ട് കയറിവന്ന ജോക്കോവിച്ചിനെ നിസ്സഹായനാക്കി പന്ത് കോര്‍ട്ടിന്റെ ഇടത്തേമൂലയിലേക്ക് പാഞ്ഞു. 

ആരാധകരൊന്നടങ്കം എഴുന്നേറ്റ് നിന്ന് അല്‍ക്കാരസിനെ അഭിനന്ദിച്ചു. അത്ഭുത ഷോട്ട് കണ്ട ജോക്കോവിച്ചും അല്‍ക്കാരസിനെ അഭിനന്ദിക്കാന്‍ മറന്നില്ല. വിശ്വസിക്കാനാവാതെ മുഖത്ത് ചിരിവിടര്‍ത്തി അല്‍ക്കാരസ് കൈയ്യുയര്‍ത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഈ ഷോട്ട് ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഇത്തരത്തിലൊരു ഷോട്ട് കളിച്ച് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ആ ഷോട്ടിനോടാണ് അല്‍ക്കാരസിന്റെ റിട്ടേണിനെ ടെന്നീസ് പ്രേമികള്‍ താരതമ്യപ്പെടുത്തുന്നത്. 

2006 ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ നല്‍ബാന്‍ദിയാനെതിരെ ഫെഡറര്‍ നേടിയ അത്ഭുത റിട്ടേണിനെ അതുപോലെ അനുസ്മരിപ്പിക്കും വിധമാണ് അല്‍ക്കാരസ് ഷോട്ടുകളിച്ചത്. ഈ രണ്ട് വീഡിയോയും ഒരുമിച്ച് ചേര്‍ത്ത് ആരാധകര്‍ സന്തോഷം പങ്കുവെച്ചു. രണ്ടുഷോട്ടും ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Content Highlights: mesmerizing return by alcaraz against djokovic in french open 2023