ലക്ഷ്യം തെറ്റാതെ ഇന്ത്യ; ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും ഏഷ്യൻ ഗെയിംസ് റെക്കോർഡും

#സ്പോർട്സ് ഡെസ്ക്
കമല്‍ജീതും സുരുചി സിങ്ങും | Photo: X
കമല്‍ജീതും സുരുചി സിങ്ങും | Photo: X

നഗോയ: ഏഷ്യൻ ഗെയിംസ് ആറാം ദിനം ഷൂട്ടിങ്ങിൽ തിളങ്ങി ഇന്ത്യ. ഏഷ്യൻ ഗെയിംസ് റെക്കോർഡോട് കൂടി ഒരു സ്വർണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കി. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ കമൽജീതും സുരുചി സിങ്ങുമാണ് സ്വർണം വെടിവെച്ചിട്ടത്. ഷൂട്ടിങ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടി. ഐശ്വര്യ പ്രതാപ് സിങ് ടോമർ, നീരജ് കുമാർ, രുദ്രാംക്ഷ് പാട്ടീൽ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

ഏഷ്യൻ ഗെയിംസ് റെക്കോർഡോടെയായിരുന്നു ഇന്ത്യയുടെ സ്വർണം. യോഗ്യതാ റൗണ്ടിലെ അതേ പ്രകടനം ഫൈനലിലും ആവർത്തിച്ച സുരുചിയും കമൽജീതിന്റേയും സ്‌കോർ 484.6 ആണ്. വെള്ളി നേടിയ ദക്ഷിണ കൊറിയയേക്കാൾ ആറ് പോയിന്റ് വ്യത്യാസത്തിലായിരുന്നു ഇന്ത്യയുടെ സ്വർണം. ദക്ഷിണ കൊറിയ 478 പോയിന്റും വെങ്കലം നേടിയ ഇറാൻ 415.8 പോയിന്റുമാണ് നേടിയത്. നഗോയയിൽ ഇന്ത്യയുടെ രണ്ടാം സ്വർണം കൂടിയാണിത്. നേരത്തെ വനിതാ ക്രിക്കറ്റിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ചൈനയ്ക്കാണ് സ്വർണം. വെള്ളി നേടിയ ഇന്ത്യക്കായി പ്രതാപ് സിങ് തോമറും നീരജ് കുമാറും മികച്ച പ്രകടനം പുറത്തെടുത്തു. രുദ്രാംക്ഷ് പാട്ടീൽ നിറം മങ്ങി.

589 പോയിന്റോടെ പ്രതാപ് സിങ് തോമറും 588 പോയിന്റോടെ നീരജ് കുമാറും വ്യക്തിഗത ഫൈനലിനും യോഗ്യത നേടി. രുദ്രാംക്ഷ് പാട്ടീലിന് 585 പോയിന്റ് നേടാനായുള്ളു.

Content Highlights: Kamaljeet and Suruchi Singh won gold in the 10m air pistol mixed team event with an Asian Games record., India scored a total of 484.6 points, beating South Korea by six points., The trio of Aishwary Pratap Singh Tomar, Neeraj Kumar, and Rudrankksh Patil secured silver in the 50m rifle three-position team event., This marks India's second gold medal in Nagoya.