'പിഞ്ചുമക്കളുടെ മുഖം കണ്ടപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയില്ല'-തുറന്നുപറഞ്ഞ് മേരി കോം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
മേരി കോം | Photo: X
മേരി കോം | Photo: X

ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പുതിയ എപ്പിസോഡിലാണ് മേരി കോം താൻ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് വരെ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയത്. അന്ന് തന്റെ പിഞ്ചുകുഞ്ഞുങ്ങളെ ഓർത്ത് മാത്രമാണ് മുന്നോട്ടുപോയതെന്നും മേരി കോം വ്യക്തമാക്കി.

വ്യക്തിപരമായ പ്രതിസന്ധികളെയും ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളെയും കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇഷ, രിതി തിവാരി, ആംറാപലി ദുബെ, കനിക മൻ എന്നിവരോട് മേരി കോം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ബോക്‌സിങ് റിങ്ങിലെ കരുത്തിന് പേരുകേട്ടവളാണെങ്കിലും താൻ തികച്ചും അശക്തയെന്ന് തോന്നിയ ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് മേരി കോം പറഞ്ഞു.

'ഞാൻ വളരെ ശക്തയാണ്. എന്നാൽ ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല. ഞാൻ തകർന്നുപോയി. എനിക്ക് ചെയ്യാനേറെയുണ്ടായിരുന്നു. എന്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ എന്റെ കുട്ടികൾക്കുവേണ്ടി ഞാൻ ഇന്നും ജീവിച്ചിരിക്കുന്നു. അന്ന് അവർ ചെറുതായിരുന്നു. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ കരച്ചിൽ വന്നാലും പുറത്തുകാണിക്കാറില്ല'-മേരി കോം വ്യക്തമാക്കി.

ചെറിയ പ്രായം മുതൽ താൻ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും അവ  അതിജീവിക്കുന്നത് തന്റെ ജീവിതത്തിലെ തുടർച്ചയായ ഒരു പോരാട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു. ''ചെറുപ്പകാലം മുതൽ ഞാൻ വലിയ തോതിൽ അനുഭവിച്ചിട്ടുണ്ട്. എന്റെ കുടുംബത്തിനും എന്റെ സംസ്ഥാനത്തിനും എന്റെ രാജ്യത്തിനും വേണ്ടി ഞാൻ ത്യാഗം സഹിച്ചിട്ടുണ്ട്. ഇങ്ങനെ ആർക്ക് പൊരുതാനാകും? ഇതൊരു വെല്ലുവിളിയാണ്.'-മേരി കോം പറഞ്ഞു.

മത്സരങ്ങളോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെക്കുറിച്ചും ബോക്‌സർ സംസാരിച്ചു. കൂടുതൽ മെഡലുകൾ നേടാൻ താൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രായക്കൂടുതൽ കാരണം ഇനി പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. 'ഞാൻ വ്യത്യസ്തയായ ഒരു അത്​ലറ്റാണ്. എനിക്ക് കൂടുതൽ മെഡലുകൾ നേടണം. ഒരു മെഡൽ പോരാ. രണ്ട് മെഡലുകൾ പോരാ. മൂന്ന് മെഡലുകൾ പോരാ. എനിക്ക് ഇപ്പോഴും വിശപ്പൊടുങ്ങിയിട്ടില്ല. പക്ഷേ പ്രായക്കൂടുതൽ കാരണം ഇനി പങ്കെടുക്കാൻ കഴിയില്ല'-അവർ പറഞ്ഞു.

മണിപ്പൂരിൽ ജനിച്ചുവളർന്ന മേരി കോം ബോക്‌സിങ്ങിൽ ആറ് തവണ ലോകചാമ്പ്യനായിട്ടുണ്ട്. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലവും നേടി. 2005-ൽ ഓൺലെറെ വിവാഹം കഴിച്ചു. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിനുശേഷം പരസ്പരം ആരോപണങ്ങളുമായി മേരി കോമും ഓൺലറും രംഗത്തെത്തിയിരുന്നു. ഇരുവർക്കും നാല് മക്കളാണുള്ളത്.

Content Highlights: Mary Kom revealed a dark phase of her life on Bigg Boss 20., She admitted to having thoughts of ending her life., Her young children became the reason she kept going., She also discussed her sacrifices and age barrier in boxing.