യോഗി സമ്മതിച്ചു, ലഖ്‌നൗവില്‍ കൊല്‍ക്കത്ത ഡെര്‍ബി; ലക്ഷ്യം യു.പി.യില്‍ ഫുട്‌ബോള്‍ വളര്‍ത്തല്‍

Photo | PTI
Photo | PTI

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത എതിരാളികളായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും രംഗത്തിറക്കുന്നു. സെപ്റ്റംബര്‍ രണ്ടിനാണ് മത്സരം. ഇതാദ്യമായാണ് ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ഇരുടീമുകളെയും യു.പി. രംഗത്തിറക്കുന്നത്. ലഖ്‌നൗവിെല കെ.ഡി. സിങ് ബാബു സ്റ്റേഡിയത്തിലാണ് ഡെര്‍ബി നടക്കുക. 

മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ആര്‍.പി. സിങ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് അടക്കമുള്ളവര്‍ പങ്കെടുത്തേക്കും. പതിനായിരത്തോളം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയത്തില്‍ അടുത്തിടെയാണ് ഫ്‌ളഡ്‌ലൈറ്റ് സ്ഥാപിച്ചത്. ഇതിന്റെ പരിശോധന നടത്തും. ഡ്രസ്സിങ് റൂം, മറ്റു സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കും. 

യു.പി.യില്‍ ഫുട്‌ബോള്‍ വളര്‍ത്തേണ്ട ആവശ്യകത സംബന്ധിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ, മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈസ്റ്റ് ബംഗാള്‍-മോഹന്‍ ബഗാന്‍ മത്സരം നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനയും യോഗിയുമായി പങ്കുവെച്ചു. ഇക്കാര്യത്തില്‍ യോഗി അനുകൂല സമീപനം പുലര്‍ത്തിയതോടെ മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളും സെപ്റ്റംബര്‍ ഒന്നിന് ലഖ്‌നൗവിലെത്തും. 
 

Content Highlights: mohun bagan east bengal to clash in lucknow on september 2