റയലിന് തൊടുന്നതെല്ലാം പിഴയ്ക്കുന്നു; ഹോസെ മൗറീന്യോയെ തിരികെയെത്തിക്കാൻ ഫ്ളോറന്റിനോ പെരെസ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/brfootball/
Photo: x.com/brfootball/

മാഡ്രിഡ്: പ്രമുഖ പരിശീലകനായ ഹോസെ മൗറീന്യോ ഈ വർഷം റയലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ടീം മാനേജരായ അൽവാരോ അർബലോവയ്ക്ക് പകരക്കാരനായി മൗറീന്യോയെ കൊണ്ടുവരാൻ ക്ലബ് പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസിന് താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അങ്ങനെവന്നാൽ 13 വർഷങ്ങൾക്ക് ശേഷം മൗറീന്യോ റയലിന്റെ പരിശീലക കുപ്പായം വീണ്ടും അണിയും. തുടർച്ചയായ രണ്ട് സീസണുകളിൽ പ്രധാന ട്രോഫികളൊന്നും നേടാൻ റയലിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റയൽ മൗറീന്യോയെ തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നത്. നിലവിലെ സീസണിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതും ലാ ലിഗയിൽ ബാഴ്‌സലോണയുമായുള്ള പോയന്റ് വ്യത്യാസം 11 ആയി ഉയർന്നതുമെല്ലാം ക്ലബ്ബിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

2010 മേയ് 28-നാണ് മൗറീന്യോ ആദ്യമായി റയൽ മാഡ്രിഡിന്റെ മാനേജരായി നിയമിതനായത്. ബാഴ്‌സലോണയുടെ ആഭ്യന്തര, യൂറോപ്യൻ ആധിപത്യത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റയൽ മൗറീന്യോയെ അന്ന് സാന്തിയാഗോ ബെർണബ്യുവിലെത്തിച്ചത്. 2010-11 ആദ്യ സീസണിൽ തന്നെ മൗറീന്യോ ക്ലബ്ബിനെ കോപ്പ ഡെൽ റേ ജേതാക്കളാക്കി. 18 വർഷങ്ങൾക്കു ശേഷമായിരുന്നു റയൽ അന്ന് കോപ്പ ഡെൽ റേ കിരീടമുയർത്തിയത്. എന്നാൽ, ലാ ലിഗയിൽ ബാഴ്‌സയ്ക്കു പിന്നിൽ രണ്ടാമതായിരുന്നു റയൽ. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലേക്കും ടീം മുന്നേറി. 2011-12 സീസണിൽ 100 പോയന്റുകൾ നേടി റയൽ ലാ ലിഗ കിരീടമുയർത്തി. തുടർച്ചയായി മൂന്ന് വർഷം ടീമിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

എന്നാൽ, ടീം ക്യാപ്റ്റൻ ഐക്കൽ കസീയസുമായുള്ള ആഭ്യന്തര തർക്കങ്ങളും ട്രോഫികളില്ലാത്ത അവസാന സീസണും കാരണം 2013-ൽ അദ്ദേഹം പരസ്പരധാരണയോടെ ക്ലബ് വിട്ടു.

Content Highlights: Florentino Perez considering Jose Mourinho to replace current manager Alvaro Arbeloa., Real Madrid's poor performance in Champions League and La Liga triggers coaching change., Potential for Mourinho to return 13 years after his initial departure., Historical context of Mourinho's previous success (2010-2013) at Santiago Bernabeu.