'റാണിമാര്‍' ഇല്ലാതെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം

'ഞാന്‍ ഇപ്പോഴും പരിശീലനം തുടരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിനു വേണ്ടി കളിക്കുന്നു. പിന്നെ, ഇപ്പോള്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സെലക്ടറുമാണ് ''. ഏതാനും ദിവസം മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം മുന്‍ നായിക ഋതു റാണി പറഞ്ഞ കാര്യമാണിത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹോക്കി താരം റാണി രാംപാല്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞതും ഇതേ കാര്യം തന്നെ.' വിരമിച്ചിട്ടില്ല. പരിശീലനം തുടരുന്നു. 17 ല്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനവും ഏറ്റെടുത്തു.' അത് ഹ്രസ്വകാല പരിപാടിയായതിനാലാണ് സ്വീകരിച്ചതെന്ന് വിശദീകരിച്ച റാണി രാംപാല്‍ തന്നെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ് ടീമില്‍ എടുക്കാത്തതിന്റെ കാരണം കോച്ചിനോടും സെലക്ടര്‍മാരോടും ചോദിക്കണമെന്ന് പറഞ്ഞു.
മികവുകാട്ടുന്നവരെ തഴയുന്ന ശൈലി മുന്‍പ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമില്‍ സ്ഥിരം സംഭവമായിരുന്നെങ്കില്‍ ഇപ്പോള്‍ വനിതാ ടീമില്‍ അത് തുടര്‍ക്കഥയാവുകയാണ്. ഇപ്പോഴത്തെ നായികയും ഗോള്‍ കീപ്പറുമായ സവിത പൂനിയ കഴിഞ്ഞാല്‍ ഇന്ത്യന്‍ വനിതാ ഹോക്കിയെ ലോക നിലവാരത്തില്‍ എത്തിച്ചവരില്‍ മൂന്ന് റാണിമാരുടെ പങ്ക് വലുതാണ്. 1998 ല്‍ ഏഷ്യന്‍ ഗെയിംസിലും ഏഷ്യാ കപ്പിലും വെള്ളിയും 2002 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയ ടീമില്‍ ഏറെ തിളങ്ങിയ പ്രീതം റാണി പുറത്തായ ശേഷം 2008-ല്‍ മടങ്ങിവന്നിരുന്നു. പിന്നീട് ഹോക്കി അക്കാദമി തുടങ്ങി ഒളിമ്പ്യന്‍മാരെ സൃഷ്ടിച്ചു. അര്‍ജുന അവാര്‍ഡിന് പുറമെ ദ്രോണാചാര്യ പുരസ്‌കാരവും നേടി.
പ്രീതം റാണിക്ക് പിന്നാലെ കളത്തില്‍ ഇറങ്ങിയ ഋതു റാണി 2006 ല്‍ ഏഷ്യന്‍ ഗെയിംസിലും ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ പ്രായം 14 മാത്രം. 2009 ല്‍ റഷ്യയിലെ ചാമ്പ്യന്‍സ് ചാലഞ്ച് ടൂര്‍ണമെന്റില്‍ എട്ടു ഗോളുമായി ടോപ് സ്‌കോറര്‍ ആയി. 2011-ല്‍ ഇന്ത്യന്‍ നായികയായി. 2013 ല്‍ ഏഷ്യാ കപ്പിലും 2014-ല്‍ ഏഷ്യന്‍ ഗെയിംസിലും വെങ്കലം. 1980-നുശേഷം ആദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം, 2016-ല്‍ ഒളിംപിക്‌സില്‍ പങ്കെടുത്തപ്പോഴും നായിക. മാത്രമല്ല ടീമിന് ഒളിമ്പിക്‌സ് യോഗ്യത നേടിക്കൊടുത്തതില്‍ ഋതുവിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു. പക്ഷേ, പിന്നീട് ഋതു റാണിയെ തഴഞ്ഞു.
ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനം നേടിയപ്പോള്‍ റാണി രാംപാല്‍ ആയിരുന്നു നായിക. അന്ന് ഋതു റാണി കൂടി ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഒരു ചുവടുകൂടി മുന്നേറിയേനേയെന്ന് ടിവി പരിപാടികളില്‍ പല നിരീക്ഷകരും വാദിച്ചിരുന്നു.
പരിക്കുമൂലം കുറച്ചുനാള്‍ വിശ്രമിച്ച റാണി രാംപാലിനെ പോയവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോകകപ്പിലും തഴഞ്ഞു. ഗുജറാത്ത് ദേശീയ ഗെയിംസില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയെങ്കിലും സെലക്ടര്‍മാര്‍ ഗൗനിച്ചില്ല. കോച്ച് സൊയേര്‍ദ് മാരിന്‍ മാറി അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ജനേക് ഷോപ്മാന്‍ മുഖ്യ പരിശീലകന്‍ ആയതോടെ റാണി രാംപാലിന്റെ കഷ്ടകാലം തുടങ്ങി. റാണി പ്രകടിപ്പിച്ച ആശങ്ക കോച്ചിനെ അറിയിച്ചെന്ന് ഹോക്കി ഇന്ത്യ സാരഥി ദിലിപ് ടിര്‍ക്കി പറയുന്നു. ചൈനയില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം ലക്ഷ്യമിടുന്ന ഇന്ത്യക്ക് റാണി രാംപാലിനെപ്പോലൊരു താരത്തിന്റെ സാന്നിധ്യം വിലപ്പെട്ടതാണ്.
Content Highlights: indian womens hockey team is facing severe problems ahead of asian games