വീട്ടുകാര്‍ അന്ന് റോഡിലെറിഞ്ഞ് കൊന്നില്ല, ഇന്ന് രാജ്യം അവള്‍ക്കുവേണ്ടി കാത്തിരുന്നു, കൈയടിച്ചു

ദീപ്​തി ജീവാഞ്ചി. Photo: PTI
ദീപ്​തി ജീവാഞ്ചി. Photo: PTI

ആ സൂര്യഗ്രഹണത്തെ അവര്‍ ശപിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. പകലിനെപ്പോലും കൂരിരുട്ടുവിഴുങ്ങിയ അന്നാണ് യാദാഗിരി ജീവാഞ്ചിക്കും ഭാര്യ ധനലക്ഷ്മിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിനെ വന്നുകണ്ടവരൊക്കെ മുഖം ചുളിച്ചു. അവളുടെ രൂപം കണ്ട് ഗ്രാമീണര്‍ ഒന്നടങ്കം പറഞ്ഞു. 'ഇതൊരു ശാപം കിട്ടിയ കുട്ടിയാണ്. അവളെ ഉപേക്ഷിച്ചേക്കൂ.' കൊന്നുകളഞ്ഞേക്കൂ എന്ന് നിര്‍ദയം ഉപദേശിച്ചവരുമുണ്ട്. കുത്തുവാക്കു കേട്ട് നെഞ്ച് പൊട്ടിയ യാദാഗിരിയും ധനലക്ഷ്മിയും പഴിക്കാത്ത ദൈവങ്ങളില്ല. ദുര്‍വിധിയോര്‍ത്ത് കരഞ്ഞുറങ്ങാത്ത രാത്രികളില്ല. പക്ഷേ അപ്പോഴും ആറ്റു നോറ്റുണ്ടായ മകളെ ഒരു മാത്രപോലും വെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവളെ കാട്ടിലോ കുപ്പത്തൊട്ടിയിലോ കളഞ്ഞില്ല. 

ഗ്രഹണം മാറി വെയില്‍ മറനീക്കിയപ്പോള്‍ അവര്‍ മകള്‍ക്ക് പേരിട്ടു, ദീപ്തി. മന്ദബുദ്ധിയെന്നും കുരങ്ങെന്നും വിളിച്ച് ആക്ഷേപിക്കുകയും ഇവളെ കെട്ടാന്‍ ആരു വരുമെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്തവര്‍ക്ക് മുന്നില്‍ തന്നെ അവളെ വളര്‍ത്തി വലുതാക്കി. ദീപ്തി ജീവാഞ്ചി എന്ന ആ പെണ്‍കുട്ടി ഇന്ന് വീട്ടുകാര്‍ക്ക് മാത്രമല്ല, തെലങ്കാന വാറംഗലിലെ കെല്ലേഡ എന്ന കേട്ടുകേള്‍വിപോലുമില്ലാത്ത കൊച്ചു ഗ്രാമത്തിന്റെ കൂടി വെളിച്ചമാണ്. രാജ്യത്തിന്റെ അഭിമാനതാരമാണ്. കാട്ടില്‍ കളയാന്‍ പറഞ്ഞവര്‍ ഇന്ന് ഒന്നൊഴിയാതെ ആവേശത്തോടെ അവളെ കാത്തിരിക്കുന്നു.

Content Highlights: deepthi jeevanji, para athletics, paralympics, athletics, world record, gold medal, olympics

Continue reading