ഹാർദിക് തന്നോട് ചൂടായത് തന്നെയെന്ന് തിലക്; പന്ത് നോക്കി അടിക്കാനാണ് പറഞ്ഞതെന്ന് ഹാർദിക്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തുടക്കത്തിൽ പതിവ് ശൈലിയിലായിരുന്നു മുംബൈ ഇന്ത്യൻസ് താരം തിലക് വർമ. കൃത്യമായ ടൈമിങ് ഇല്ലാത്ത ഷോട്ടുകൾ, മിസ് ഹിറ്റുകൾ തുടങ്ങി ഈ സീസണിലെ പതിവു കാഴ്ചകൾ. മുംബൈയിലും ഇന്ത്യൻ ടീമിലും മധ്യനിരയിൽ വെടിക്കെട്ട് തീർക്കുന്ന, രാജ്യാന്തര ടി20 കരിയറിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയിട്ടുള്ള തിലകിന്റെ ഈ മോശം ഫോം കാണികൾക്കും ഒട്ടും ദഹിക്കുന്നതായിരുന്നില്ല. അങ്ങനെ 22 പന്തിൽ തിലക് 19 റൺസ് മാത്രമെടുത്ത് നിൽക്കുന്നതിനിടെയാണ് 14-ാം ഓവറിന് ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തുന്നതും രണ്ടാം സ്ട്രാറ്റജിക് ടൈംഔട്ട് ഇടവേള വരുന്നതും. ഈ ഇടവേളയ്ക്കിടെ ഹാർദിക്, തിലകിനോട് കണക്കിന് എന്തോ പറയുന്നുണ്ടായിരുന്നു. അക്ഷരാർഥത്തിൽ കയർത്ത് സംസാരിക്കുകയായിരുന്നു മുംബൈ ക്യാപ്റ്റൻ. പിന്നീട് ക്രീസിൽ കണ്ടത് മറ്റൊരു തിലകിനെയായിരുന്നു. ആദ്യ 22 പന്തിൽ വെറും 19 റൺസ് മാത്രമെടുത്ത തിലക് പിന്നീട് കത്തിക്കയറി ഒടുവിൽ 45 പന്തിൽ സെഞ്ചുറിയുമടിച്ചു (101*). ഹാർദിക്കിന്റെ ശകാരത്തിനു ശേഷം നേരിട്ട 23 പന്തിൽ നിന്ന് തിലക് അടിച്ചെടുത്തത് 82 റൺസ്. എന്തായിരിക്കും ആ സമയം ഹാർദിക്, തിലകിനോട് പറഞ്ഞിട്ടുണ്ടാകുക. തിലക് തന്നെ അത് വെളിപ്പെടുത്തിയിരിക്കുകയാണ്.
''അദ്ദേഹം എന്നോട് ആക്രോശിക്കുക തന്നെയായിരുന്നു. 'നീ ഇത് ചെയ്യും, നീ ഇത് ചെയ്ത് കാണിക്കും' (''തു കരേഗ, തു കർക്കെ ദിഖായേഗ!'') എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദയവായി അൽപം ശാന്തനാകൂ ഭയ്യാ എന്ന് ഞാൻ മറുപടി നൽകി. എനിക്ക് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അതെ, ഞാൻ അത് ചെയ്യാം, വിഷമിക്കേണ്ട എന്ന് ഞാൻ പറഞ്ഞു.'' - മത്സര ശേഷം അവതാരകൻ ഇക്കാര്യം ചോദിച്ചപ്പോൾ തിലക് മറുപടി നൽകി. തനിക്ക് മികച്ച രീതിയിൽ കളിക്കാൻ സാധിക്കുമെന്ന് ഹാർദിക് ആത്മവിശ്വാസം നൽകുകയായിരുന്നുവെന്നും തിലക് കൂട്ടിച്ചേർത്തു.
പന്ത് ശ്രദ്ധിച്ച് അടിച്ചുകളിക്കാനാണ് താൻ തിലകിനോട് പറഞ്ഞതെന്നായിരുന്നു ഇതിനോടുള്ള ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം. 'പന്ത് ശ്രദ്ധിക്കുക, അടിക്കുക' എന്ന ലളിതമായ സന്ദേശമാണ് താൻ നൽകിയത്. തിലകിന്റെ കഴിവിൽ തനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടാതെ സ്വാഭാവികമായി കളിക്കാൻ ആവശ്യപ്പെടുകയാണ് താൻ ചെയ്തതെന്നും പാണ്ഡ്യ വ്യക്തമാക്കി.
Content Highlights: Tilak Varma explains the heated interaction with captain Hardik Pandya during the 2026 IPL season., Hardik Pandya motivated Tilak to focus on the ball, resulting in a match-winning century., Tilak Varma scored 82 runs off 23 balls following the tactical timeout advice., The incident highlights the mentorship dynamic within the Mumbai Indians squad.