സഞ്ജു ഹീറോ ! കേരളം ഉറങ്ങാത്ത രാവ്; കണക്കുകളെല്ലാം തീർത്ത് ടി20 ലോകകപ്പിൽ ഇന്ത്യയുടെ മുത്തം

അഹമ്മദാബാദ്: ഡഗൗട്ടിൽ തലതാഴ്ത്തി നിന്ന മലയാളി ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് വീരപരിവേഷമണിഞ്ഞ രാവ്...മൂന്ന് വർഷങ്ങൾക്ക് മുൻപ് കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്‌റ്റേഡിയം ഉച്ചത്തിൽ ആർത്തിരമ്പിയ ഞായറാഴ്ച. ഇതുവരെ കിവീസിനെ ടി20 ലോകകപ്പിൽ തോൽപ്പിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ച രാജകീയവരവ്. ആ ചേട്ടൻ പുതുചരിത്രമെഴുതി. സഞ്ജുവിന്റെ പോരാട്ടത്തിന്റെ കഥ കൂടി എഴുതപ്പെടുന്നു ഈ വിശ്വവേദിയിൽ. ഇതിലുമപ്പുറം എങ്ങനെയാണ് കാലത്തിന് നീതി പുലർത്താനാവുക.
ഇന്ത്യയുടെ അഭിമാനതാരം സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിച്ച പോരാട്ടത്തിൽ ന്യൂസീലൻഡിനെ 96 റൺസിന് തോൽപിച്ചാണ് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം തവണ ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക് മാത്രം സ്വന്തം. 256 റൺസ് എന്ന ഇന്ത്യയുടെ സ്കോറിനെതിരേ 19 ഓവറിൽ159 റൺസ് മാത്രമാണ് കിവീസിന് നേടാനായത്. 2007, 2024 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുൻപ് ടി20 ലോകകിരീടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയുടെ അഞ്ചാം ലോകകിരീടമാണിത്.
ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റേന്തിയ കിവീസിനെ തുടക്കത്തിൽ ഇന്ത്യ പ്രതിരോധത്തിലാക്കി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ അലനെ ശിവം ദുബെ കൈവിട്ടെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചുവന്നു. രണ്ടാം ഓവറിൽ കിവീസ് ബാറ്റർമാർ 21 റൺസാണ് അടിച്ചെടുത്തത്. എന്നാൽ പിന്നീടെറിഞ്ഞ രണ്ടോവറിലും ബൗളർമാർ വിക്കറ്റ് വീഴ്ത്തി. ഫിൻ അലനെ(9) അക്ഷർ പട്ടേലും രചിൻ രവീന്ദ്രയെ(1) ബുംറയും പുറത്താക്കി. നാലോവർ അവസാനിക്കുമ്പോൾ 36-2 എന്ന നിലയിലായിരുന്നു കിവീസ്. അഞ്ച് റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സിനെ അക്ഷർ പട്ടേലും കൂടാരം കയറ്റിയതോടെ ന്യൂസിലൻഡ് വൻ പ്രതിരോധത്തിലായി.
ടിം സെയ്‌ഫേർട്ടാണ് കിവീസ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. സെയ്‌ഫേർട്ട് അർധസെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. താരം 52 റൺസെടുത്തു.ചാപ്മാൻ(3)ഡാരിൽ മിച്ചൽ(17), ജയിംസ് നീഷാം(8), മാറ്റ് ഹെന്റി(0) എന്നിവർ നിരാശപ്പെടുത്തിയതോടെ കിവീസ് അടിയറവ് പറഞ്ഞു.
പിന്നീട് ക്യാപ്റ്റൻ സാന്റ്‌നർ പൊരുതിയെങ്കിലും എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിരുന്നില്ല. സാന്റ്‌നർ 43 റൺസെടുത്തു. വിക്കറ്റ് വീഴ്ത്തി ബുംറ തിരിച്ചടിച്ചതോടെ 159 റൺസിന് കിവീസ് പുറത്തായി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണെടുത്തത്. സഞ്ജു 89 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. അഭിഷേക് ശർമയും ഇഷാൻ കിഷനും അർധസെഞ്ചുറിയോടെ തിളങ്ങി. ഇന്നിങ്‌സിന്റെ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സിക്‌സറോടെ സഞ്ജുവാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറിൽ ഏഴ് റൺസും രണ്ടാം ഓവറിൽ അഞ്ച് റൺസും പിറന്നു. പിന്നീട് സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തി. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ 15 റൺസാണ് സഞ്ജുവും അഭിഷേകും ചേർന്ന് അടിച്ചെടുത്തത്. സിക്‌സറുകൾ പറപറന്നതോടെ നാലാം ഓവറിൽ 24 റൺസും പിറന്നു. അതോടെ നാലോവറിൽ സ്‌കോർ 51 ലെത്തി. അഞ്ചാം ഓവറിൽ 21 റൺസും ആറാം ഓവറിൽ 20 റൺസും അടിച്ചെടുത്ത് ഇന്ത്യൻ ഓപ്പണർമാർ കത്തിക്കയറിയതോടെ കിവീസ് ബൗളർമാർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ആറോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ആറാം ഓവറിൽ അഭിഷേക് അർധസെഞ്ചുറിയും തികച്ചു. 18 പന്തിലാണ് ഫിഫ്റ്റി. എന്നാൽ ഏട്ടാം ഓവറിൽ അഭിഷേക് പുറത്തായി. 21 പന്തിൽ 52 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെയിറങ്ങിയ ഇഷാൻ കിഷനുമൊത്ത് സഞ്ജു ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഇഷാനും തകർത്തടിച്ചതോടെ ഇന്ത്യ കുതിച്ചു. പത്തോവർ അവസാനിക്കുമ്പോൾ 127-1 എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നാലെ സഞ്ജുവിന്റെ ഫിഫ്റ്റിയുമെത്തി. 33 പന്തിലാണ് സഞ്ജു അർധസെഞ്ചുറിയെത്തിയത്. അനാവശ്യഷോട്ടുകൾക്ക് മുതിരാതെ ശ്രദ്ധയോടെ കളിക്കുന്ന ഒരു പ്രൊഫഷണൽ ക്ലാസ് ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്. അർധസെഞ്ചുറിക്ക് പിന്നാലെ താരം ട്രാക്ക് മാറ്റി. കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒപ്പം ഇഷാനും ചേർന്നതോടെ അഹമ്മദാബാദ് അക്ഷരാർഥത്തിൽ ആവേശക്കടലായി മാറി.
12-ാം ഓവറിലാണ് ഇന്ത്യ 150 കടക്കുന്നത്. ലോക്കി ഫെർഗൂസൺ എറിഞ്ഞ ആ ഓവറിൽ രണ്ട് സിക്‌സറുകളും ഒരു ഫോറുമാണ് മലയാളി താരം അടിച്ചെടുത്തത്. ആകെ പിറന്നത് 24 റൺസ്. രചിൻ രവീന്ദ്ര എറിഞ്ഞ 14-ാം ഓവറിലെ അവസാന മൂന്ന് പന്തുകളും സഞ്ജു അതിർത്തികടത്തി. അതോടെ ടീം 191 ലെത്തി. 15-ാം ഓവറിലാകട്ടെ ഇഷാൻ കിഷന്റെ ഫിഫ്റ്റിയുമെത്തി. ആ ഓവറിൽ തന്നെ ഇന്ത്യ 200 റൺസും കടന്നു.
ഇന്ത്യൻ ബാറ്റർമാർ താണ്ഡവമാടിയ അഹമ്മദാബാദിൽ പിന്നീട് കിവീസ് തിരിച്ചടിക്കുന്നതാണ് കണ്ടത്. ജയിംസ് നീഷാം എറിഞ്ഞ 16-ാം ഓവറിലെ ആദ്യ പന്തിൽ സഞ്ജു മടങ്ങി. ലോങ് ഓണിൽ ക്യാച്ചായി പുറത്താകുമ്പോൾ 46 പന്തിൽ 89 റൺസായിരുന്നു മലയാളി താരത്തിന്റെ സമ്പാദ്യം. അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സെമിയിൽ ഇംഗ്ലണ്ടിനെതിരേ കുറിച്ച അതേ സ്‌കോർ. ഓവറിലെ അഞ്ചാം പന്തിൽ ഇഷാൻ കിഷനും അവസാന പന്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും വീണതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി. ഇഷാൻ 25 പന്തിൽ നിന്ന് 54 റൺസെടുത്തപ്പോൾ സൂര്യ ഗോൾഡൻ ഡക്കായി മടങ്ങി. 16 ഓവറിൽ ഇന്ത്യ 204-4.
പിന്നീട് ബൗളർമാർ പിടിമുറുക്കിയതോടെ ഇന്ത്യയുടെ റണ്ണൊഴുക്ക് കുറഞ്ഞു. ഹാർദിക്കും തിലക് വർമയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. 18 ഓവർ കഴിയുമ്പോൽ 220 റൺസായിരുന്നു ഇന്ത്യയെടുത്തത്. ഹാർദിക് 18 റൺസുമായി പുറത്തായി. അവസാന ഓവറിൽ ദുബെ വെടിക്കെട്ട് നടത്തിയപ്പോൾ പിറന്നത് 24 റൺസ്. അതോടെ ഇന്ത്യ 255 ലെത്തി.
Content Highlights: India aims to break the T20 World Cup losing streak against New Zealand., Key players to watch: Sanju Samson and Jasprit Bumrah for India; Finn Allen and Rachin Ravindra for New Zealand., The match takes place at the Narendra Modi Stadium with a balanced pitch for both pacers and spinners., India seeks redemption for the 2023 ODI World Cup final defeat.