പാക് താരത്തെ ടീമിലെടുത്തു, സൺറൈസേഴ്സിനും കാവ്യാ മാരനും നേരേ സൈബർ ആക്രമണം, എക്സ് അക്കൗണ്ട് പൂട്ടി

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/IS_Netwrk29/
Photo: x.com/IS_Netwrk29/

ലണ്ടൻ: ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ പാകിസ്താൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്‌സ് ഫ്രാഞ്ചൈസിക്കെതിരെയും ഉടമകൾക്കെതിരെയും സൈബർ ആക്രമണം. ആക്രമണം കടുത്തതോടെ ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്‌സ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. കലാനിധി മാരന്റെ നേതൃത്വത്തിലുള്ള ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ മാധ്യമ കൂട്ടായ്മയായ സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് സൺറൈസേഴ്‌സ് ലീഡ്‌സ്.

2.34 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി അബ്രാറിനെ വിളിച്ചെടുത്തത്. ഹണ്ട്രഡ് താരലേലത്തിൽ, ഇന്ത്യൻ ഉടമകളുടെ ടീം പാക് താരങ്ങളെ വിളിച്ചെടുക്കില്ലെന്ന് നേരത്തേ വാർത്തയുണ്ടായിരുന്നു. എന്നാൽ സൺറൈസേഴ്‌സിന്റെ ഈ നീക്കം വലിയ വിവാദമാകുകയാണ്.

ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഒരു ഫ്രാഞ്ചൈസി പാകിസ്താൻ കളിക്കാരനെ ടീമിലെടുത്തതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് ഉയരുന്നത്. അബ്രാർ അഹമ്മദ് മുൻപ് ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചു എന്ന ആരോപണമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ സൺറൈസേഴ്‌സ് ലീഡ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് താൽക്കാലികമായി റദ്ദുചെയ്തിരിക്കുകയാണ്.

ലണ്ടനിൽ നടന്ന ലേലത്തിൽ സിഇഒ കാവ്യാ മാരനും ഹെഡ് കോച്ച് ഡാനിയൽ വെട്ടോറിയും നേരിട്ട് പങ്കെടുത്തിരുന്നു. ഇതോടെ കാവ്യാ മാരനെതിരെയും വിമർശനമുണ്ട്. കരാർ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ തന്നെ സൺറൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടു. എക്സ് നിയമങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് കാണിക്കുന്നുണ്ടെങ്കിലും, സസ്പെൻഷന്റെ കൃത്യമായ കാരണം എക്സ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Content Highlights: Sunrisers Leeds signed Pakistani player Abrar Ahmed for 2.34 crore INR., The move triggered severe social media backlash against the franchise and Kaviya Maran., Allegations of past anti-Indian army posts by the player fueled the controversy., The official X account of Sunrisers Leeds was deactivated following the incident.