‘അത് അവരുടെ തീരുമാനമാണ്’; ടീമിലെടുക്കാത്തതിൽ പ്രതികരണവുമായി ഷമി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ടീമിലെടുക്കാത്തതോടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ കുറവാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട്. ആഭ്യന്തരക്രിക്കറ്റിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും അതിനാല്‍ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് താരത്തെ സംബന്ധിച്ച് പ്രയാസകരമായിരിക്കുമെന്നുമാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. ഷമിയുടെ മടങ്ങിവരവ് സംബന്ധിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിലും സജീവമാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഷമി. തിരഞ്ഞെടുപ്പ് തന്റെ കയ്യിലല്ലെന്നും സെലക്ടർമാർ വിളിച്ചാൽ കളിക്കുമെന്നും ഷമി പ്രതികരിച്ചു.
ഒരുപാട് അഭ്യൂഹങ്ങളും മീമുകളും ഉണ്ടായി. ടീമിൽ തിരഞ്ഞെടുക്കപ്പെടുന്നത് എൻ്റെ കയ്യിലല്ല. അത് സെലക്ഷൻ കമ്മിറ്റിയുടെയും കോച്ചിൻ്റെയും ക്യാപ്റ്റൻ്റെയും ജോലിയാണ്. ഞാൻ ടീമിൽ വേണമെന്ന് അവർക്ക് തോന്നിയാൽ, അവർ എന്നെ തിരഞ്ഞെടുക്കും. എനിക്ക് കൂടുതൽ സമയം വേണമെന്ന് അവർക്ക് തോന്നുന്നുവെങ്കിൽ അത് അവരുടെ തീരുമാനമാണ്. വിളിച്ചാൽ കളിക്കാൻ ഞാൻ തയ്യാറാണ്. - ഷമി തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
എൻ്റെ ഫിറ്റ്നസും നല്ലതാണ്. കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ എല്ലായിപ്പോഴും പ്രചോദിതനായിരിക്കേണ്ടതുണ്ട്. അതിനാൽ ഞാൻ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കും. ഞാൻ ദുലീപ് ട്രോഫിയിൽ കളിച്ചു. വളരെ കംഫർട്ടബിളായിരുന്നു. ഏകദേശം 35 ഓവറുകൾ എറിഞ്ഞു. എൻ്റെ ഫിറ്റ്നസിൽ പ്രശ്നങ്ങളൊന്നുമില്ല.- ഷമി കൂട്ടിച്ചേർത്തു.
ബംഗാളിനായി രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാനുള്ള ഒരുക്കത്തിലാണ് ഷമി. ഒക്ടോബർ 15-ന് ഉത്തരാഖണ്ഡിനെതിരെയാണ് ബംഗാളിന്റെ ആദ്യ മത്സരം. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കിന്റെ പിടിയിലായിരുന്നു താരം. 2023-ലെ ഏകദിന ലോകകപ്പിനുശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
Content Highlights: indian team selection shami response