രഞ്ജി ട്രോഫി: വിദര്‍ഭ പൊരുതുന്നു, അഞ്ചു വിക്കറ്റ് നഷ്ടം, മുംബൈ 290 റണ്‍സ് മുന്നില്‍

Photo | BCCI Domestic
Photo | BCCI Domestic

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കുക ലക്ഷ്യമിട്ടിറങ്ങിയ വിദര്‍ഭ പൊരുതുന്നു. നാലാംദിനം കളിയവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. അഞ്ച്‌ വിക്കറ്റുകള്‍ ബാക്കിയിരിക്കേ വിദര്‍ഭയ്ക്ക്, മുംബൈ സ്‌കോര്‍ മറികടക്കാന്‍ ഇനിയും 290 റണ്‍സ് വേണം. 

കരുണ്‍ നായരാണ് വിദര്‍ഭ നിരയില്‍ കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. 220 പന്തുകള്‍ നേരിട്ട് 74 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍മാരായ അഥര്‍വ തയ്‌ഡെ (32), ധ്രുവ് ഷുറെ (28), അമന്‍ മൊഖദെ (32) യഷ് റാത്തോഡ് (7) എന്നിവരും മടങ്ങി. 91 പന്തുകളില്‍ 56 റണ്‍സുമായി ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ അക്ഷയ് വദ്കറും ഹര്‍ഷ് ദുബെയും (11) ആണ്‌ ക്രീസില്‍. മുംബൈക്കുവേണ്ടി തനുഷ് കോട്ടിയനും മുഷീര്‍ ഖാനും രണ്ടുവീതം വിക്കറ്റുകള്‍ നേടി. ഷംസ് മുലാനിക്കാണ് ഒരു വിക്കറ്റ്. 

ടോസ് നേടി മുംബൈയെ ബാറ്റിങ്ങിനു പറഞ്ഞയച്ചതായിരുന്നു വിദര്‍ഭ. 224 റണ്‍സില്‍ മുംബൈയുടെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിക്കാന്‍ വിദര്‍ഭയ്ക്ക് കഴിഞ്ഞു. മൂന്ന് വീതം വിക്കറ്റുകളുമായി യഷ് താക്കൂറും ഹര്‍ഷ് ദുബെയുമാണ് മുംബൈ ഇന്നിങ്സിനെ 224-ല്‍ ഒതുക്കിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. ശര്‍ദുല്‍ താക്കൂറിന്റെ 75 റണ്‍സ് ഇന്നിങ്സാണ് മുംബൈയെ സ്‌കോര്‍ 200 കടത്തിയത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് അത്രപോലും ശോഭിക്കാനായില്ല. 105 റണ്‍സിനിടെ എല്ലാവരും മടങ്ങി. 27 റണ്‍സെടുത്ത യഷ് റാത്തോഡാണ് ടോപ് സ്‌കോറര്‍. മൂന്നുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയും ശംസ് മുലാനിയും തനുഷ് കോട്ട്യനും ചേര്‍ന്നാണ് മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. 
 
തുടര്‍ന്ന് 119 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മുംബൈ ശക്തമായ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. മുഷീര്‍ ഖാന്റെ റെക്കോഡ് തീര്‍ത്ത സെഞ്ചുറി പ്രകടനംവഴി (136 റണ്‍സ്) മുംബൈ കൂറ്റന്‍ സ്‌കോര്‍ നേടി. 10 വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (95), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (73), ഷംസ് മുലാനി (50) എന്നിവരും മുംബൈക്കായി തിളങ്ങി. വിദര്‍ഭയ്ക്കുവേണ്ടി ഹര്‍ഷ് ദുബെ അഞ്ചും യഷ് താക്കൂര്‍ മൂന്നനും വിക്കറ്റുകളെടുത്തു.

Content Highlights: ranji trophy cricket final mumbai vidarbha