പുറത്താക്കിയതിൽ മുസ്താഫിസുറിന് നിരാശയുണ്ടാകാമെന്ന് സഹതാരം; ഇവിടെ ചിലകാര്യങ്ങൾ ശരിയല്ലെന്ന് മോയിൻ അലി

#സ്പോർട്സ് ഡെസ്ക്
മുസ്തഫിസുർ റഹ്മാൻ | PTI
മുസ്തഫിസുർ റഹ്മാൻ | PTI

ഹരാരെ: ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശ് പേസർ മുസ്താഫിസുറിനെ പിന്തുണച്ച് താരങ്ങൾ. മുസ്താഫിസുറിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും ഇത് അദ്ദേഹത്തെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും ഇംഗ്ലണ്ട് താരം മോയിൻ അലി പറഞ്ഞു. കെകെആർ പുറത്താക്കിയതിൽ അദ്ദേഹത്തിന് നിരാശയുണ്ടാകാമെന്ന് സഹതാരമായ നൂറുൾ ഹസനും പറഞ്ഞു. അതേസമയം, ഐപിഎല്ലിൽനിന്ന് ഒഴിവാക്കിയ മുസ്താഫിസുർ അടുത്ത സീസണിൽ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും. ഇക്കാര്യം പിഎസ്എൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചത്.

ഇത്തരം വിഷയങ്ങൾ ഇതിനോടകം തന്നെ അപകടത്തിലാണ്. അതിനുപുറമെയാണ് മുസ്താഫിസുറിന് സംഭവിച്ചത്. സത്യം പറഞ്ഞാൽ, ഇവിടെ എന്തൊക്കെയോ ശരിയല്ല. കാര്യങ്ങൾ ശരിയാക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. കാരണം, ഇത് മുസ്താഫിസുറിനെ മാത്രമല്ല ബാധിക്കുന്നത്. പാകിസ്താനും ബംഗ്ലാദേശുമായും വിവിധ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. ഇത് ഇങ്ങനെ പോകാൻ കഴിയില്ല. ഇവ വലിയ പ്രശ്നങ്ങളാണ്", മോയിൻ അലി പറഞ്ഞു.

മുസ്താഫിസുറിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് നല്ലൊരു കരാർ ലഭിച്ചു. അദ്ദേഹത്തിന്റെ കരിയറിനെയും വർഷങ്ങളായുള്ള പ്രകടനങ്ങളെയും പരിഗണിക്കുമ്പോൾ ഇത് നല്ലതായിരുന്നുവെന്നും മോയിൻ അലി വ്യക്തമാക്കി.

മുസ്താഫിസുർ ലോകോത്തര ബൗളറാണെന്നും അത് അദ്ദേഹം കുറെക്കാലമായി തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്നും സഹതാരമായ നൂറുൾ ഹസൻ പറഞ്ഞു. അദ്ദേഹം ശാന്തനും സന്തോഷവാനുമാണ്. അതേസമയം, കെകെആറുമായി ബന്ധപ്പെട്ട വിഷയത്തിൽ നിരാശയുണ്ടാകാം. ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്നതെല്ലാം അർഹതപ്പെട്ടതാണ്. ഇതിന് മുൻപ് തന്നെ മുസ്താഫിസുർ കൂടുതൽ അർഹിച്ചിരുന്നു. അദ്ദേഹം നന്നായി ചെയ്യുന്നു", നൂറുൾ ഹസൻ കൂട്ടിച്ചേർത്തു.

സത്യം പറഞ്ഞാൽ, ഞാൻ സോഷ്യൽ മീഡിയ അത്രയധികം പിന്തുടരാറില്ല. പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അത്രയധികം അറിയില്ല. ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മുസ്താഫിസുറിന് വിഷമം ഉണ്ടാക്കിയിരിക്കാം. ബംഗ്ലാദേശിനായി ഏറ്റവും മികച്ച പ്രകടനം നടത്താൻ അദ്ദേഹം എപ്പോഴും സ്വപ്നം കാണുന്നു", സോഹൻ പ്രതികരിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.

Content Highlights: mustafizur Rahman's Teammate Reveals Pacer's Reaction