രഞ്ജിയില്‍ കര്‍ണാടകയോട് ഇന്നിങ്‌സ് തോല്‍വി; കേരളത്തിന്റെ നോക്കൗട്ട് സാധ്യത പരുങ്ങലില്‍, ജയമില്ലാതെ 3 മത്സരങ്ങള്‍

#രാകേഷ് കെ. നായര്‍
കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ക്രിക്കറ്റ് രണ്ടാം ഇന്നിങ്‌സില്‍ കേരള ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ വിക്കറ്റ് കീപ്പറുടെ ക്യാച്ചില്‍ പുറത്തായപ്പോൾ | Photo: KCA
കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ക്രിക്കറ്റ് രണ്ടാം ഇന്നിങ്‌സില്‍ കേരള ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ വിക്കറ്റ് കീപ്പറുടെ ക്യാച്ചില്‍ പുറത്തായപ്പോൾ | Photo: KCA

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകത്തോട് ദയനീയ പരാജയം ഏറ്റുവാങ്ങി കേരളം. സീസണിലെ മൂന്നാം മത്സരത്തില്‍, സ്വന്തം ഗ്രൗണ്ടില്‍ ഇന്നിങ്സിനും 164 റണ്‍സിനുമാണ് ആതിഥേയര്‍ അടിയറവുപറഞ്ഞത്. മംഗലപുരം കെസിഎ സ്റ്റേഡിയത്തില്‍നടന്ന മത്സരത്തിലെ ഒന്നാമിന്നിങ്സില്‍ മറുനാടന്‍ മലയാളി കരുണ്‍ നായര്‍ (233), ആര്‍. സ്മരണ്‍ (220*) എന്നിവരുടെ ഇരട്ടസെഞ്ചുറികളിലൂടെ കര്‍ണാടക 586 റണ്‍സിലെത്തി. കേരളത്തിന് രണ്ടിന്നിങ്സിലുമായി 422 റണ്‍സേ നേടാനായുള്ളൂ. ആദ്യ ഇന്നിങ്സില്‍ 238 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ചെയ്ത കേരളം രണ്ടാം ഇന്നിങ്സില്‍ 184-ന് പുറത്തായി. സ്‌കോര്‍: കര്‍ണാടക 586. കേരളം: 238, 184. ആദ്യ ഇന്നിങ്സില്‍ നാലുവിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍ വിദ്യുത് കവേരപ്പയും രണ്ടാം ഇന്നിങ്സില്‍ 29 റണ്‍സിന് ആറുവിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ മൊഹ്സിന്‍ ഖാനും കര്‍ണാടകയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു.

ഒന്നാം ഇന്നിങ്സില്‍ ബാബ അപരാജിതും (88) അഹമ്മദ് ഇമ്രാനും (31) സച്ചിന്‍ ബേബിയും (31) മാത്രമാണ് ചെറുത്തുനിന്നത്. രണ്ടാം ഇന്നിങ്സില്‍ ഓപ്പണര്‍ കൃഷ്ണപ്രസാദ് (33), ഏദന്‍ ആപ്പിള്‍ ടോം (39) എന്നിവരുടെ ചെറുത്തുനില്‍പ്പ് ഒഴിച്ചുനിര്‍ത്തിയാല്‍ ബാറ്റിങ് തീര്‍ത്തും പരാജയമായി. അസുഖബാധിതരായ രോഹന്‍ കുന്നുമ്മലും അങ്കിത് ശര്‍മയും കളിക്കാത്തതും തിരിച്ചടിയായി.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിന് തുടക്കത്തില്‍ മൂന്നു വാലറ്റക്കാരെ നിയോഗിച്ച തീരുമാനം പാളിപ്പോയി. 28 റണ്‍സിനിടെ നാലുവിക്കറ്റ് നഷ്ടമായതോടെ ടീം സമ്മര്‍ദത്തിലായി. മൂന്നാം ദിനം ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഓവറില്‍ നിധീഷിന്റെയും അക്ഷയ് ചന്ദ്രന്റെയും വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായതോടെ മൂന്നിന് 40 റണ്‍സ് എന്നനിലയിലായി. അഹമ്മദ് ഇമ്രാനും (23) കൃഷ്ണപ്രസാദും (35) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നിലയുറപ്പിച്ചെന്നുതോന്നിയ ഘട്ടത്തിലാണ് കൃഷ്ണപ്രസാദിനെ ക്ലീന്‍ ബൗള്‍ഡാക്കി മൊഹ്സിന്‍ ഖാന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സച്ചിന്‍ ബേബിയെയും (12) ഷോണ്‍ റോജറെയും (0) മൊഹ്‌സിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന വിക്കറ്റില്‍ ഏദന്‍ ആപ്പിള്‍ ടോമും ഹരികൃഷ്ണനും ചേര്‍ന്ന് 23 ഓവര്‍ ബാറ്റുചെയ്ത് 44 റണ്‍സ് ചേര്‍ത്തെങ്കിലും ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാനായില്ല.

നോക്കൗട്ട് സാധ്യത പരുങ്ങലില്‍

കര്‍ണാടകത്തോട് തോറ്റതോടെ രഞ്ജിയില്‍ നിലവിലെ റണ്ണറപ്പായ കേരളത്തിന്റെ നോക്കൗട്ട് സാധ്യത പരുങ്ങലിലായി. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒന്നിലും ജയിക്കാനാകാത്ത കേരളം എലൈറ്റ് ഗ്രൂപ്പ് ബി-യില്‍ രണ്ടുപോയിന്റോടെ ഏഴാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ രണ്ടുടീമുകള്‍ മാത്രമേ നേരിട്ട് നോക്കൗട്ടിലെത്തൂ. ആദ്യ രണ്ടുമത്സരങ്ങളിലും സമനില നേടിയെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയത്‌ േപായിന്റ്‌നിലയില്‍ പിന്നിലാകാന്‍ കാരണമായി. മൂന്നുമത്സരം പൂര്‍ത്തിയായപ്പോള്‍ 11 പോയിന്റുവീതം നേടിയ ഗോവ ഒന്നാമതും കര്‍ണാടക രണ്ടാംസ്ഥാനത്തുമാണ്. മഹാരാഷ്ട്രയാണ് (10) മൂന്നാമത്.

രണ്ട് ഹോം മത്സരങ്ങളിലും കേരളം നിറംമങ്ങി. ഇതേ ഗ്രൗണ്ടില്‍ എട്ടുമുതല്‍ സൗരാഷ്ട്രയ്‌ക്കെതിരേയാണ് അടുത്തമത്സരം. ഹോം ഗ്രൗണ്ടിലെ ആദ്യമത്സരത്തില്‍ മഹാരാഷ്ട്രയോട് 20 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയാണ് കേരളം സമനിലപിടിച്ചത്. രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരേ ചണ്ഡീഗഢില്‍ 65 റണ്‍സിന്റെ ലീഡ് വഴങ്ങി. ഈ മത്സരവും സമനിലയില്‍ അവസാനിച്ചു. ഗോവ, മധ്യപ്രദേശ്, ചണ്ഡീഗഢ് ടീമുകള്‍ക്കെതിരേയും കളിക്കാനുണ്ട്. ഇന്നിങ്സ് ജയമുള്‍പ്പെടെ ബോണസ് പോയിന്റ് നേടിയാലേ അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളൂ.

Content Highlights: Kerala faces a setback in the Ranji Trophy, suffering an innings defeat against Karnataka. With no wins in 3 matches, their knockout stage chances are now precarious.