‘എന്നെക്കൊണ്ട് ഇത് പറ്റില്ല’; മത്സരത്തിനിടെ ദീപ്തിയോട് ജെമീമ, പിന്നീട് നടന്നത് !

മുംബൈ: ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യക്ക് വനിതാ ലോകകപ്പ് ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. 134 പന്തില്‍ നിന്ന് 127 റണ്‍സെടുത്ത ജെമീമ പുറത്താകാതെ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഓസീസ് ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം അടിച്ചെടുത്ത ഇന്ത്യ പുതുചരിത്രമെഴുതി. വനിതാ ഏകദിന ക്രിക്കറ്റിലെ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണിത്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായി എത്തിയാണ് ജെമീമ അസാമാന്യപ്രകടനം നടത്തിയത്. വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച താരം ഓസീസ് ബൗളര്‍മാര്‍ക്ക് പിടികൊടുത്തതേയില്ല. എന്നാല്‍ ചേസിങ്ങിനിടെ ലക്ഷ്യത്തിലെത്താനാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നതായി ജെമീമ പറയുന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ടിനിടെ ഇക്കാര്യം ദീപ്തി ശര്‍മയോട് തുറന്നുപറയുകയും ചെയ്തു. പിന്നീട് ദീപ്തി തന്നെ പിന്തുണച്ചതായും ജെമീമ കൂട്ടിച്ചേര്‍ത്തു.
“ബാറ്റിങ്ങിനിടെ ഏകദേശം 85 റൺസിൽ എത്തിയപ്പോൾ, ഞാൻ ശരിക്കും തളർന്നുപോയിരുന്നു. ആ സമയത്ത് ഞാൻ ദീപ്തിയോട് സംസാരിച്ചു. എന്നോട് സംസാരിച്ചുകൊണ്ടിരിക്കൂവെന്നും എന്നെക്കൊണ്ട് ഇത് പറ്റുന്നില്ലെന്നും ദീപ്തിയോട് പറഞ്ഞു. പിന്നീട് ഓരോ പന്തിലും ദീപ്തി എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എൻ്റെ ഒരു റണ്ണിന് വേണ്ടി അവൾ അവളുടെ വിക്കറ്റ് പോലും ത്യജിച്ചു. തിരികെ നടക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു, 'കുഴപ്പമില്ല, നീ മത്സരം പൂർത്തിയാക്കിയിട്ട് വാ'.”- ജെമീമ മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ വെച്ച് പറഞ്ഞു.
കൂട്ടുകെട്ടുകളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ലെന്നും ജെമീമ പറഞ്ഞു. “ദീപ്തിയുടെയും റിച്ചയുടെയും അമൻജോതിൻ്റെയും ഇന്നിങ്സുകൾ എൻ്റെ മേലുള്ള സമ്മർദം ഒരുപാട് കുറച്ചു. ഞാനും ഹർമൻപ്രീതും മികച്ച ഒരു കൂട്ടുകെട്ടുണ്ടാക്കി. മുൻകാലങ്ങളിൽ ഞങ്ങളിൽ ഒരാളുടെ വിക്കറ്റ് നഷ്ടപ്പെട്ടാൽ ഞങ്ങൾ മത്സരം തോൽക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇത്തവണ അത് മാറ്റിമറിച്ചു.”- അവർ കൂട്ടിച്ചേർത്തു.
ദീപ്തി ശർമ പുറത്താകുമ്പോൾ നാല് വിക്കറ്റിന് 264 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ സെഞ്ചുറി തികച്ച ജെമീമ റിച്ച ഘോഷിനൊപ്പം ടീമിനെ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് സ്കോർ മുന്നൂറ് കടത്തി. എന്നാൽ 310-ൽ നിൽക്കേ റിച്ച ഘോഷും മടങ്ങി. പിന്നീട് അമൻജോത് കൗറിനൊപ്പമാണ് ജെമീമ ടീമിനെ വിജയത്തിലെത്തിക്കുന്നത്.
Content Highlights: jemimah Rodrigues told Deepti Sharma ‘I can’t do this' midway through historic Australia chase