ഷമിയെ ടീമിലെത്തിക്കാൻ രാജസ്ഥാൻ, ജയ്സ്വാൾ ടീം വിടുമോ? ; ചർച്ചയിൽ മുഴുകി ഫ്രാഞ്ചൈസികൾ

#സ്പോർട്സ് ഡെസ്ക്
യശസ്വി ജയ്സ്വാൾ | ANI
യശസ്വി ജയ്സ്വാൾ | ANI

ജയ്പുർ: ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി താരക്കൈമാറ്റത്തിൽ മുഴുകി ഫ്രാഞ്ചൈസികൾ. ടീമിൽ നിലനിർത്തേണ്ടതും ലേലത്തിൽ സ്വന്തമാക്കേണ്ടതുമായ താരങ്ങളെ കുറിച്ച് തലപുകയ്ക്കുകയാണ് ടീമുകളെല്ലാം. നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക കൈമാറേണ്ട അവസാന തീയതി നവംബർ 17 ആണ്. മുംബൈ ഇന്ത്യൻസ് നായകനായിരുന്ന ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് അടുത്തിടെ കൂടുമാറിയിരുന്നു. പകരം ഇന്ത്യയുടെ മുൻനിര ഇടങ്കയ്യൻ ഫാസ്റ്റ് ബൗളറായ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും ചേക്കേറി. ഇപ്പോഴിതാ മറ്റൊരു ട്രാൻസ്ഫർ സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

രാജസ്ഥാൻ റോയൽസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിൽ താരക്കൈമാറ്റത്തിന് ഒരുങ്ങുന്നതായാണ് വിവരം. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെയും ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡീലിനാണ് ടീമുകൾ ശ്രമിക്കുന്നതെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാളും എൽഎസ്ജി സ്പിന്നർ മണിമാരൻ സിദ്ധാർഥും ചർച്ചകളിലുണ്ട്. ടീമിൽ ഒരു ഇന്ത്യൻ പേസറെ വേണമെന്ന നിലപാടിലാണ് നിലവിൽ രാജസ്ഥാനുള്ളത്.

ഷമിയും സിദ്ധാർഥും ലഖ്‌നൗവിൽ നിന്ന് രാജസ്ഥാനിലേക്കും സാം കറൻ ലഖ്‌നൗവിലേക്കും കൂടുമാറാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ പേസർമാരുടെ ഒരുനിര തന്നെ രാജസ്ഥാനുണ്ട്. ജൊഫ്ര ആർച്ചർ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ, നാന്ദ്രെ ബർഗർ എന്നിവരുണ്ട്. എന്നാൽ ഷമിയെ ടീമിലെത്തിച്ച് ആർച്ചറെ മാത്രം വിദേശപേസറായി ടീമിൽ ഉപയോഗിക്കാനാണ് രാജസ്ഥാൻ ലക്ഷ്യമിടുന്നത്. ഇതിലൂടെ ബാറ്റിങ്, ഓൾറൗണ്ടർ വിഭാഗങ്ങളിൽ കൂടുതലായി വിദേശതാരങ്ങളെ ഉൾക്കൊള്ളിക്കാനാകും.

അതേസമയം ജയ്‌സ്വാളിന്റെ പേര് ട്രേഡ് ഡീലുകളിൽ ഉയർന്നുകേൾക്കുന്നുണ്ട്. നേരത്തേ ജയ്‌സ്വാളിനെയും രവി ബിഷ്‌ണോയിയേയും നൽകി ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ രാജസ്ഥാൻ ആലോചിച്ചിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഹാർദിക് പഞ്ചാബിലേക്കും അർഷ്ദീപ് മുംബൈയിലേക്കും കൂടുമാറി. നിലവിൽ ജയ്‌സ്വാളിനെ കൈമാറി പുതിയ ഡീലിന് രാജസ്ഥാൻ ശ്രമിക്കുന്നതായാണ് വിവരം. വൈറ്റ്‌ബോൾ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്ത്യൻ ഓപ്പണർമാരിലൊരാളാണ് ജയ്‌സ്വാൾ. താരം ടീം വിട്ടാൽ രാജസ്ഥാന്റെ വൈഭവ്-ജയ്‌സ്വാൾ വെടിക്കെട്ട് ഓപ്പണിങ് സഖ്യവും പുതിയ സീസണിൽ ആരാധകർക്ക് നഷ്ടമാകും.

Content Highlights: Rajasthan Royals and Lucknow Super Giants are discussing a potential player trade deal