ഐപിഎല്‍ താരലേലം ഇന്ന് അബുദാബിയില്‍; നോട്ടപ്പുള്ളിയായി ഗ്രീന്‍, നിറഞ്ഞ പോക്കറ്റുമായി കൊല്‍ക്കത്ത

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
കഴിഞ്ഞ ഐപിഎൽ ലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ. ഇത്തവണത്തെ ലേലവും നിയന്ത്രിക്കുന്നത് മല്ലികയാണ്
കഴിഞ്ഞ ഐപിഎൽ ലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ. ഇത്തവണത്തെ ലേലവും നിയന്ത്രിക്കുന്നത് മല്ലികയാണ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മിനി ലേലത്തിന് ടീമുകള്‍ ഒരുങ്ങി. പത്ത് ഫ്രാഞ്ചൈസി ടീമുകളാണ് മികച്ച താരങ്ങളെ ലക്ഷ്യമിട്ടെത്തുന്നത്. അബുദാബിയിലെ ഇത്തിഹാദ് അരീനയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മുതലാണ് ലേലം ആരംഭിക്കുന്നത്. ലേലം സ്റ്റാര്‍ സ്‌പോര്‍ട്സില്‍ തത്സമയ സംപ്രേക്ഷണമുണ്ട്.

77 ഒഴിവുകള്‍, 359 താരങ്ങള്‍

ലേലത്തിലൂടെ 77 താരങ്ങളെയാണ് എല്ലാ ടീമുകള്‍ക്കുമായി എടുക്കാന്‍ കഴിയുന്നത്. ഇതിനായി 359 താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 1355 താരങ്ങളാണ് മൊത്തം രജിസ്റ്റര്‍ ചെയ്തിരുന്നത്. പട്ടികയില്‍ 244 ഇന്ത്യന്‍ താരങ്ങളും 115 വിദേശതാരങ്ങളുമുണ്ട്. 77 ഒഴിവുകളില്‍ 31 എണ്ണം വിദേശ ക്വാട്ടയാണ്. രണ്ടുകോടി രൂപയാണ് കൂടിയ അടിസ്ഥാനവില. 40 ലക്ഷമാണ് കുറഞ്ഞ അടിസ്ഥാനവില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പക്കലാണ് കൂടുതല്‍ തുക ബാക്കിയുള്ളത്. കുറഞ്ഞതുക മുംബൈ ഇന്ത്യന്‍സിനും.

നോട്ടപ്പുള്ളിയായി ഗ്രീന്‍

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാകും ലേലത്തിലെ വിലയേറിയ താരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഗ്രീന്‍ അടക്കം 40 പേരാണ് രണ്ടുകോടി അടിസ്ഥാനവിലയുള്ള പട്ടികയിലുള്ളത്. ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ജാക് ഫ്രെസര്‍ മാക് ഗുര്‍ക്ക്, ന്യൂസീലന്‍ഡിന്റെ ഡെവണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, മതീഷ പതിരണ, ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത്, ബെന്‍ ഡെക്കറ്റ്, ലിയാം ലിവിങ്സ്റ്റണ്‍, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ക്വിന്റണ്‍ ഡികോക്ക്, ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് അയ്യര്‍, രവി ബിഷ്ണോയ് എന്നിവരും ലേലത്തില്‍ തിളങ്ങാന്‍ സാധ്യതയുണ്ട്.

മലയാളിത്തം

ലേലത്തില്‍ മറുനാടന്‍ മലയാളികളടക്കം 13 പേരുണ്ട്. കെ.എം. ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, എന്‍.എം. ഷറഫുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, ജിക്കു ബ്രൈറ്റ്, ഏദന്‍ ആപ്പിള്‍ ടോം, വിഘ്നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍. ഹൈദരാബാദിനായി കളിക്കുന്ന ആരോണ്‍ ജോര്‍ജ്, തമിഴ്നാടിനായി കളിക്കുന്ന സന്ദീപ് വാര്യര്‍ എന്നിവരും ലേലത്തിനെത്തും.

10 രാജ്യങ്ങളില്‍ നിന്ന്

മൊത്തം പത്ത് രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ ലേലത്തിനുണ്ട്. അഫ്ഗാനിസ്താന്‍ (10), ഓസ്ട്രേലിയ (21), ബംഗ്ലാദേശ് (ഏഴ്), ഇംഗ്ലണ്ട് (22), അയര്‍ലന്‍ഡ് (ഒന്ന്), ന്യൂസീലന്‍ഡ് (16), ദക്ഷിണാഫ്രിക്ക (16), ശ്രീലങ്ക (12), വെസ്റ്റ് ഇന്‍ഡീസ് (ഒന്‍പത്), മലേഷ്യ (ഒന്ന്) എന്നിങ്ങനെയാണ് കണക്ക്.

ജലജ് സീനിയര്‍

39-കാരനായ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയാണ് ലേലപ്പട്ടികയിലെ മുതിര്‍ന്നതാരം. മധ്യപ്രദേശുകാരനായ താരം നിലവില്‍ മഹാരാഷ്ട്രയ്ക്കായാണ് കളിക്കുന്നത്. ഏറെക്കാലം കേരളത്തിനായി കളിച്ചിരുന്നു. 18-കാരനായ അഫ്ഗാനിസ്താന്റെ വാഹിദുള്ള സദ്രാനാണ് പ്രായംകുറഞ്ഞ താരം.

ടീമുകളുടെ ലേലത്തുക

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - 64.3 കോടി രൂപ
ചെന്നൈ സൂപ്പര്‍ കിങ്സ് - 43.4 കോടി രൂപ
സണ്‍റൈസേഴ്സ് ഹൈദരാബാദ് - 25.5 കോടി രൂപ
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് - 22.95 കോടി രൂപ
ഡല്‍ഹി ക്യാപിറ്റല്‍സ് - 21.8 കോടി രൂപ
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - 16.4 കോടി രൂപ
രാജസ്ഥാന്‍ റോയല്‍സ് - 16.05 കോടി രൂപ
ഗുജറാത്ത് ടൈറ്റന്‍സ് - 12.9 കോടി രൂപ
പഞ്ചാബ് കിങ്സ് - 11.5 കോടി രൂപ
മുംബൈ ഇന്ത്യന്‍സ് - 2.75 കോടി രൂപ

Content Highlights: IPL Mini Auction 2024 starts today in Abu Dhabi. All 10 teams ready to bid for 359 players. Cameron Green is the top prospect. Find out who KKR targets!