ചെന്നൈ നായകനാകുമോ സഞ്ജു? 14.20 കോടിക്ക് ടീമിലെടുത്ത പ്രശാന്ത് വീറിനെ ഒഴിവാക്കാൻ സാധ്യത, തലപുകച്ച് ഫ്രാഞ്ചൈസി

ചെന്നൈ: ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി താരലേലത്തിനായുള്ള മുന്നൊരുക്കത്തിലാണ് ഫ്രാഞ്ചൈസികൾ. ടീമിലെടുക്കേണ്ട താരങ്ങളെ കുറിച്ചും ടീമിൽ നിലനിർത്തേണ്ട താരങ്ങളെ കുറിച്ചും ടീമുകൾ തലപുകയ്ക്കുകയാണ്. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കേണ്ട അവസാനതീയതി നവംബർ 15 ആണ്. അതിന് ശേഷമായിരിക്കും ലേലത്തിൽ ഉൾപ്പെട്ട താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ഡിസംബർ 14 നാണ് താരലേലം.
പുതിയ സീസണിൽ ആരാധകർ ഉറ്റുനോക്കുന്ന ടീമുകളിലൊന്ന് ചെന്നൈ സൂപ്പർ കിങ്സാണ്. അടിമുടി മാറി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ടീം. മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാനെ അടുത്തിടെയാണ് ചെന്നൈ മുഖ്യപരിശീലകനായി നിയമിച്ചത്. ദീർഘകാലം ചെന്നൈ ടീമിന്റെ മുഖ്യപരിശീലകനായിരുന്ന സ്റ്റീഫൻ ഫ്ളെമിങ്ങിന് പകരക്കാരനായാണ് സഹീറെത്തിയത്. ഒരു ഐപിഎൽ ടീമിന്റെ മുഖ്യ പരിശീലകനായി സഹീറിന്റെ ആദ്യ ദൗത്യമാണിത്.
മാത്രമല്ല, നായകസ്ഥാനത്ത് മാറ്റമുണ്ടാകാനുള്ള സാധ്യതയും ക്രിക്കറ്റ് നിരീക്ഷകർ തള്ളിക്കളയുന്നില്ല. കാരണം, ഋതുരാജ് ഗെയ്ക്വാദ് നായകനായ മൂന്നുസീസണിലും ചെന്നൈ പ്ലേ ഓഫിലെത്തിയിരുന്നില്ല. ഋതുരാജിന് പകരം മലയാളി താരം സഞ്ജു സാംസണിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. സഞ്ജുവിനേപ്പോലെ പരിചയസമ്പന്നനായ താരത്തിന്റെയും മുൻ നായകന്റെയും സാന്നിധ്യം ഗെയ്ക്വാദിന് ഭീഷണിയാണെന്ന് നേരത്തേ മുൻ താരങ്ങളടക്കം പ്രതികരിച്ചിരുന്നു. ഐപിഎല്ലിൽ ചെന്നൈ മോശം പ്രകടനം കാഴ്ചവെക്കുന്ന പശ്ചാത്തലത്തിലാണ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവന്നത്.
സഞ്ജു ടീമിന്റെ ഭാവി ക്യാപ്റ്റനാണ് എന്ന നിലയ്ക്കുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. കഴിഞ്ഞ ലേലത്തിന് മുൻപ് ട്രേഡ് ഡീലിലൂടെയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. സഞ്ജു സാംസൺ 2021 മുതലാണ് രാജസ്ഥാന്റെ നായകനായത്. ആ വർഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ഋതുരാജാകട്ടെ 2019 മുതൽ ചെന്നൈയുടെ നെടുംതൂണാണ്. അന്ന് ലേലത്തിൽ 20 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്. 2022 സീസണിന് മുന്നോടിയായി 6 കോടിക്ക് ടീം നിലനിർത്തി. രണ്ട് വർഷങ്ങൾക്കിപ്പുറം ടീമിന്റെ നായകനുമായി.
എന്നാൽ ഗെയ്ക്വാദിനെ ടീമിൽ നിലനിർത്തുമെന്ന് മുൻ താരം ആകാശ് ചോപ്ര ഉറപ്പിച്ച് പറയുന്നു. 18 കോടിയായാലും 25 കോടിയായാലും ഗെയ്ക്വാദ് ക്യാപ്റ്റനും ഓപ്പണറുമാണെന്നും ചെന്നൈയിൽ തുടരുമെന്നും ആകാശ് ചോപ്ര പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെവാൾഡ് ബ്രെവിസ്, ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി, വെസ്റ്റിൻഡീസ് സ്പിന്നർ അക്കീൽ ഹൊസൈൻ, ഇന്ത്യൻ പേസർ അൻഷുൽ കാംബോജ്, ഇംഗ്ലീഷ് ഓൾറൗണ്ടർ ജാമി ഓവർടൺ എന്നിവരെ നിലനിർത്തണമെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ പറഞ്ഞു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാറ്റ് ഷോർട്ടിനെയും ഓൾറൗണ്ടർ പ്രശാന്ത് വീറിനെയും ഒഴിവാക്കുമെന്നുമാണ് ചോപ്രയുടെ പക്ഷം.
14.20 കോടി രൂപയ്ക്കാണ് പ്രശാന്ത് വീർ ചെന്നൈയുടെ തട്ടകത്തിലെത്തിയത്. ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഒരു അൺക്യാപ്ഡ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അടിസ്ഥാന വിലയായ 30 ലക്ഷത്തിൽ നിന്നാണ് പ്രശാന്തിനെ 14.20 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കുന്നത്. 20-കാരനായ പ്രശാന്ത് ഉത്തർ പ്രദേശിൽ നിന്നുള്ള ഓൾറൗണ്ടറാണ്. അതേസമയം താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ചെന്നൈക്കായി ആറ് മത്സരങ്ങളിലാണ് പ്രശാന്ത് കളത്തിലിറങ്ങിയത്. വെറും രണ്ട് ഓവർ മാത്രമാണ് പന്തറിഞ്ഞത്, വിക്കറ്റൊന്നും നേടാനായില്ല. 91 റൺസാണ് സമ്പാദ്യം.
Content Highlights: IPL auction CSK team updates