കൂറ്റൻ സ്‌കോറുയർത്തിയിട്ടും തോറ്റു; വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിന് ഇന്ത്യ

Photo: ANI
Photo: ANI

ഇന്ദോർ: കൂറ്റൻ സ്‌കോറുയർത്തിയിട്ടും കീഴടങ്ങേണ്ടിവന്നതിന്റെ ആകുലതകളുമായി വീണ്ടും വിൻഡീസിനെ നേരിടാൻ ഇന്ത്യ. ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഞായറാഴ്ച ഇന്ത്യയും വിൻഡീസും വീണ്ടും മുഖാമുഖംവരും. രാത്രി ഏഴുമണിക്ക് ഇന്ദോറിലാണ് മത്സരം. പരമ്പരയിൽ ഇരുടീമുകളും 1-1ന് തുല്യതയിലാണ്.

രണ്ടാം മത്സരത്തിൽ 249 റൺസെന്ന വമ്പൻ സ്‌കോറുയർത്തിയിട്ടും വിൻഡീസ് അനായാസം ലക്ഷ്യം മറികടന്നത് ഇന്ത്യൻ ടീമിനെ ഉലച്ചിട്ടുണ്ട്. ബാറ്റിങ്ങിനെ തുണച്ച പിച്ചാണെങ്കിലും ബൗളർമാർ അമ്പേ പരാജയമായതാണ് ടീം മാനേജ്മെന്റിനെ കുഴപ്പിക്കുന്നത്. ഇന്ത്യൻ ബൗളിങ്ങിനെ തല്ലിത്തകർത്താണ് ഷായ് ഹോപും സംഘവും പരമ്പരയിലേക്ക് തിരിച്ചെത്തിയത്. വിൻഡീസിന്റെ പാർട്ട് ടൈം ബൗളറായ റോസ്റ്റൺ ചേസ് നന്നായി എറിഞ്ഞിടത്താണ് പരിചയസമ്പന്നരായ ഇന്ത്യൻ ബൗളർമാർ അടിവാങ്ങിയത്. ഓൾറൗണ്ടറായി ടീമിലുള്ള ശിവം ദുബെയുടെ മോശം ഫോമും ടീമിന് തിരിച്ചടിയാണ്. ബൗളിങ്ങിൽ ഇംപാക്ട് ഉണ്ടാക്കാൻ ദുബെക്ക് കഴിയാത്തത് ബൗളിങ്ങിന്റെ സന്തുലിതാവസ്ഥ തകർക്കുന്നുണ്ട്.

സെഞ്ചുറിയോടെ വിൻഡീസിനെ മുന്നോട്ടുനയിച്ച ഹോപിനെ ഒരുഘട്ടത്തിലും പ്രതിസന്ധിയിലാക്കാൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ബൗളിങ്‌നിരയിൽ പ്രിൻസ് യാദവിന് അവസരം നൽകാൻ സാധ്യതയുണ്ട്.

ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വലിയ പ്രശ്നങ്ങളില്ല. കഴിഞ്ഞ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഫോമിലേക്കുയർന്നതോടെ ബാറ്റിങ്‌നിര കരുത്തായിട്ടുണ്ട്. അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവർ അണിനിരക്കുന്ന ബാറ്റിങ്‌നിര അതിശക്തമാണ്.

ഏകദിനപരമ്പരയിൽ തകർത്തുകളിച്ച ക്യാപ്റ്റൻ ഷായ് ഹോപ് അതേഫോമിൽത്തന്നെയാണ് ട്വന്റി-20 പരമ്പരയിലും കളിക്കുന്നത്. 45 പന്തിലാണ് താരം സെഞ്ചുറിയിലെത്തിയത്. ടി-20 സ്പെഷ്യലിസ്റ്റുകളായ ഷെർഫാനെ റുഥർഫോഡും റൊമേരിയോ ഷെപ്പേർഡും ഫോമിലേക്കുയർന്നത് ടീം മാനേജ്മെന്റിനെ സന്തോഷിപ്പിക്കുന്നതാണ്. ഷിംറോൺ ഹെറ്റ്മെയർ ഫോമിലാകാത്തത് മാത്രമാണ് പ്രതിസന്ധി.

Content Highlights: India and West Indies face off in the 3rd T20I in Indore with the series tied at 1-1., India aims to fix bowling concerns after failing to defend a massive 249-run target in the second match., Malayali player Sanju Samson's return to form strengthens India's batting lineup., Shai Hope leads the West Indies batting charge following his quickfire century in the previous game.