കോച്ചിങ് സ്റ്റാഫുകൾ രണ്ട് വിഭാഗങ്ങളായി പിരിയും, അന്തിമ തീരുമാനം ഗംഭീറിന്റേത്; കാരണമിതാണ്

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് പദ്ധതികൾ ആവിഷ്കരിച്ച് ഇന്ത്യ. ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിന് ശേഷം ടീമിലും കോച്ചിങ്ങ് സ്റ്റാഫിലും മാറ്റങ്ങളുണ്ടാകും. പരിശീലക സംഘം രണ്ട് വിഭാഗങ്ങളായി തിരിയുമെന്നാണ് സൂചന. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സ്പിൻ ബൗളിങ് കോച്ച് സൗായ്രാജ് ബഹുതുലെയും ഏകദിന ടീമിനൊപ്പം തുടരും. എന്നാൽ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടകും പേസ് ബൗളിങ് കോച്ച് മോൺ മോർക്കലും ടെസ്റ്റ് ടീമിനൊപ്പം ചേരും. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഗൗതം ഗംഭീറും സായ്രാജും അവസാന രണ്ട് ഏകദിന മത്സരങ്ങളിലും ടീമിനൊപ്പമുണ്ടാകുമെന്ന് സിതാൻഷു കോട്ടക്കാണ് വ്യക്തമാക്കിയത്. നിലവിലെ പദ്ധതികളെ കുറിച്ച് പറഞ്ഞ ബാറ്റിങ് കോച്ച് ഇതിൽ മാറ്റം വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"ഞാനും മോർക്കലും മറ്റ് ചില സ്റ്റാഫും വെല്ലിംഗ്ടണിലേക്ക് പോകും. അതാണ് പദ്ധതി, പക്ഷേ അന്തിമ തീരുമാനമെടുക്കുന്നത് ഗൗതം ഗംഭീറാണ്. അതിൽ മാറ്റം വന്നേക്കാം, എങ്കിലും സാധ്യത ഇങ്ങനെയൊക്കെയാണ്. കളിക്കാരുടെ ജോലിഭാരം, ഫിറ്റ്നസ്, പരിശീലനം എന്നിവയ്ക്ക് സാഹചര്യങ്ങൾക്കനുസരിച്ചുള്ള ഒരുക്കങ്ങൾ ഞങ്ങൾ ഉറപ്പാക്കും."- സിതാൻഷു കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയുടെ ഏകദിന സ്ക്വാഡിലെ മൂന്ന് പേസർമാർ ന്യൂസിലൻഡിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നെറ്റ് ബൗളർമാരായും റിസർവ് താരങ്ങളായും ടെസ്റ്റ് സ്ക്വാഡിനെ സഹായിക്കാനാണിത്. ഗുർനൂർ ബ്രാർ, ആഖ്വിബ് നബി, അർഷ്ദീപ് സിങ് എന്നിവരായിരിക്കും ഈ പേസർമാർ. അതേസമയം ന്യൂസിലൻഡിലെ വെല്ലുവിളി നിറഞ്ഞ പിച്ചുകൾ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള മികച്ച തയ്യാറെടുപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുഭ്മാൻ ഗില്ലും കെ.എൽ. രാഹുലും ഏകദിന ക്രിക്കറ്റിൽ നിന്ന് ടെസ്റ്റിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഓരോ ഫോർമാറ്റിനും അനുയോജ്യമായ മാനസികാവസ്ഥയും ലക്ഷ്യവുമാണ് കളിക്കാർക്കുള്ളതെന്ന് കോട്ടക് പറഞ്ഞു.
നവംബർ 19-നാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിനപരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ശ്രേയസ് അയ്യരുടെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
Content Highlights: Coaching staff to split into two groups after the third ODI against New Zealand