10 ഓവര്‍ പഴക്കമുള്ള പന്തിനു പകരം നല്‍കിയത് 30-35 ഓവര്‍ പഴകിയ പന്ത്; പരാതി നല്‍കി ഇന്ത്യ

Photo: PTI
Photo: PTI

ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ബാറ്റര്‍മാരുടെയോ ബൗളര്‍മാരുടെയോ പ്രകടനത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് മത്സരത്തിന് ഉപയോഗിച്ച പന്തുകളാണ്. ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഉപയോഗിക്കുന്ന ഡ്യൂക്ക്‌സ് പന്തുകള്‍ പെട്ടെന്ന് മോശമാകുന്നുവെന്ന പരാതി ആദ്യ ടെസ്റ്റ് മുതല്‍ തന്നെയുണ്ട്. പലപ്പോഴും പന്ത് മാറ്റുന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമും ഫീല്‍ഡ് അമ്പയര്‍മാരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പന്തിന്റെ കാര്യത്തില്‍ അമ്പയര്‍മാര്‍ ഇംഗ്ലണ്ടിന് അനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതിയും വ്യാപകമായിട്ടുണ്ട്. ഇപ്പോഴിതാ ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ മാറ്റി നല്‍കിയ പന്തിന്റെ പേരില്‍ മാച്ച് റഫറിയെ സമീപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോള്‍ 10 ഓവര്‍ മാത്രം പഴക്കമുള്ള രണ്ടാം ന്യൂബോളിനു പകരം നല്‍കിയത് 30-35 ഓവര്‍ പഴക്കമുള്ള പന്തായിരുന്നുവെന്നാണ് ഇന്ത്യയുടെ പരാതി.

പരമ്പരയില്‍ ഉപയോഗിക്കുന്ന ഡ്യൂക്സ് പന്തുകള്‍ പെട്ടെന്ന് മൃദുവാകുന്നുവെന്നും ആകൃതി വളരെ പെട്ടെന്നുതന്നെ മാറുന്നുവെന്നുമുള്ള പരാതി ലീഡ്സിലെ ഒന്നാം ടെസ്റ്റ് മുതല്‍ തന്നെ ഇന്ത്യ പറയുന്നതാണ്. ലോര്‍ഡ്സ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇത്തരത്തില്‍ പന്തിന്റെ ആകൃതി മാറുന്നുവെന്ന് പറഞ്ഞ് പന്ത് മാറ്റാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്പയര്‍മാര്‍ അത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് 80 ഓവറുകള്‍ക്ക് ശേഷം ഇന്ത്യ പുതിയ പന്തെടുത്തിരുന്നു. എന്നാല്‍ 10.4 ഓവര്‍ മാത്രം എറിഞ്ഞ പുതിയ പന്തിന്റെ ആകൃതി രണ്ടാം ദിനത്തില്‍ വീണ്ടും പ്രശ്നം സൃഷ്ടിച്ചു. പന്തിന്റെ ആകൃതി പരിശോധിക്കുന്ന ഗേജ് ഉപയോഗിച്ച ശേഷം പന്ത് മാറ്റിനല്‍കാനുള്ള ഇന്ത്യയുടെ ആവശ്യം അമ്പയര്‍ അംഗീകരിച്ചു. മാറ്റുന്ന പന്തിന്റെ അതേ അവസ്ഥയിലുള്ള പന്താണ് പകരം നല്‍കേണ്ടതെന്നാണ് ചട്ടം. എന്നാല്‍ ഇന്ത്യയ്ക്ക് അന്ന് ലഭിച്ചത് 30-35 ഓവറോളം പഴക്കമുണ്ടായിരുന്ന പന്താണെന്നാണ് പരാതി. ഇക്കാര്യത്തില്‍ അന്നു തന്നെ ഇന്ത്യന്‍ താരങ്ങളും അമ്പയറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അമ്പയരോട് തര്‍ക്കിക്കുന്നത് കാണാമായിരുന്നു. പേസര്‍ മുഹമ്മദ് സിറാജും ഗില്ലിനൊപ്പം ചേര്‍ന്നു. എന്നാല്‍ പന്ത് മാറ്റി നല്‍കാന്‍ അമ്പയര്‍ തയ്യാറായില്ല. ഇത് 10 ഓവര്‍ പഴക്കമുള്ള പന്താണോ എന്ന് സിറാജ് ചോദിക്കുന്നത് സ്റ്റമ്പ് മൈക്കില്‍ കേള്‍ക്കാമായിരുന്നു. 

എന്നാല്‍ പന്ത് മാറ്റിനല്‍കാന്‍ അമ്പയര്‍മാര്‍ തയ്യാറായില്ല. ഈ തീരുമാനം മത്സരഗതിയെ തന്നെ മാറ്റിമറിച്ചു. ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ക്രിസ് വോക്സ് എന്നിവരുള്‍പ്പെടെ 14 പന്തുകളില്‍ നിന്ന് ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് 10 ഓവര്‍ പഴകിയ പന്ത് മാറ്റേണ്ടിവന്നത്. ഈ ഘട്ടത്തില്‍ ഏഴിന് 271 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ പന്ത് മാറ്റി പഴകിയ പന്ത് നല്‍കിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സ്വിങ് നഷ്ടമായി. ജാമി സ്മിത്തും ബ്രൈഡന്‍ കാര്‍സും ഈ അവസരം മുതലെടുത്ത് ബാറ്റുവീശി ഇംഗ്ലണ്ട് സ്‌കോര്‍ 387-ല്‍ എത്തിച്ചു. ഇരുവരും അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. 22 റണ്‍സിനാണ് ഇന്ത്യ ആ മത്സരം തോറ്റതെന്നോര്‍ക്കണം.

Content Highlights: India alleges unfair ball change during 3rd Test vs England at Lords