'അവിടെ പിന്നെ എന്തിന് നിൽക്കുകയാണ്'-സ്ലിപ്പിൽ റൂട്ടിനെ കൈവിട്ട് ഫീൽഡർമാർ, ദേഷ്യപ്പെട്ട് അബ്ബാസ്

എഡ്ജ്ബാസ്റ്റൺ: പാകിസ്താനെതിരായ അവസാന ടെസ്റ്റിലും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരിയിരുന്നു. എഡ്ജ്ബാസ്റ്റണിലെ മൂന്നാമത്തെ ടെസ്റ്റിൽ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 130 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽതന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു.
ഇംഗ്ലീഷ് ഓപ്പണർമാരായ ബെൻ ഡക്കറ്റ്, എമിലിയോ ഗേ എന്നിവരെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി അബ്ബാസ് ഇരട്ട പ്രഹരമേൽപ്പിച്ചു. ഇന്നിങ്‌സിന്റെ തുടർന്നുള്ള ഓവറുകളിൽ ജോ റൂട്ടിന്റെ വിക്കറ്റും വീഴ്ത്താൻ അബ്ബാസിന് അവസരമുണ്ടായിരുന്നുവെങ്കിലും പാകിസ്താന്റെ മോശം ഫീൽഡിങ് വിനയായി.
ഓഫ് സ്റ്റമ്പിന് പുറത്തേക്ക് എറിഞ്ഞ നല്ല ലെങ്ത് പന്തിൽ ജോ റൂട്ട് ഫ്രണ്ട് ഫൂട്ട് ഡിഫൻസിന് ശ്രമിച്ചു. പന്തിന്റെ ഗതി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട റൂട്ടിന്റെ ബാറ്റിൽ തട്ടി പന്ത് എഡ്ജായി. എന്നാൽ ഭാഗ്യവശത്ത് പന്ത് ഫസ്റ്റ് സ്ലിപ്പിലും സെക്കൻഡ് സ്ലിപ്പിലും നിലയുറപ്പിച്ചിരുന്ന അബ്ദുല്ല ഷഫീഖ്, സയീം അയൂബ് എന്നിവർക്കിടയിലൂടെ കടന്നുപോയി. ആരാണ് പന്ത് പിടിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിൽ ഇരുവരും ആ ക്യാച്ചെടുക്കാൻ ശ്രമിച്ചതേയില്ല.
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട അബ്ബാസ് ഇരുവരോടും ദേഷ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിൽ സയീം അയ്യൂബിനെതിരെയാണ് കൂടുതൽ വിമർശനങ്ങളുള്ളത്. ഓൾറൗണ്ടറായ സയീം മൂന്നാം ടെസ്റ്റിൽ പൂർണപരാജയമായിരുന്നു. കരീബിയൻ പ്രീമിയർ ലീഗിലെ സെഞ്ചുറി മികവിലാണ് സയീമിനെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ടീമിലെടുത്തത്. സിപിഎല്ലിൽ കളിച്ചുകൊണ്ടിരിക്കെ അവിടെ നിന്ന് വിമാനം കയറിയാണ് സയീം എഡ്ജ്ബാസ്റ്റണിലെത്തിയത്. എന്നാൽ, രണ്ടിന്നിങ്‌സിലും പൂജ്യത്തിന് പുറത്തായി. ഒരു വിക്കറ്റ് പോലും നേടാനുമായില്ല. ഇപ്പോൾ ഫീൽഡിങ്ങിലും മോശം പ്രകടനമാണെന്ന് തെളിയിച്ചു എന്നായിരുന്നു പലരും കുറിച്ചത്.
Content Highlights: England whitewashed Pakistan 3-0 in the Test series., England chased down 130 runs in the final innings by 8 wickets., Mohammad Abbas took two early wickets in the first over, causing early jitters., Joe Root and Jordan Cox scored unbeaten fifties to rescue England., A missed slip catch off Joe Root's bat went viral on social media.