ഹർഷിത് കളിച്ചത് 97 കിലോ ഭാരമുള്ളപ്പോൾ; ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല,വിശദീകരണം തേടി BCCI

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം താഴുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ. ഇത് സംബന്ധിച്ച് ടീം ഫിസിയോ കമലേഷ് ജെയിനിനോട് ബിസിസിഐയും ടീം മാനേജ്മെന്റും വിശദീകരണം തേടിയതായാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിനിടെ താരങ്ങൾക്ക് തുടർച്ചയായി പേശിവലിവ് അനുഭവപ്പെട്ടതും ഫീൽഡിങ്ങിലെ വേഗതക്കുറവും അധികൃതരുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
അതേസമയം ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസ് താരങ്ങളുടെ ഫിറ്റ്‌നസ് പ്രോഗ്രാമുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഓരോ താരത്തിനും വെവ്വേറെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് പകരം എല്ലാവർക്കും ഏകീകൃതമായ ഫിറ്റ്‌നസ് പരീക്ഷകൾ നടപ്പിലാക്കാനാണ് തീരുമാനം. സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായി അഡ്രിയാൻ ലെറൂക്‌സ് ചുമതലയേറ്റതോടെ, കായികക്ഷമത അളക്കുന്നതിനുള്ള പ്രധാന പരീക്ഷയായി 'ബ്രോങ്കോ ടെസ്റ്റ്' മാറിയിരിക്കുകയാണ്.
പുതിയ നിയമമനുസരിച്ച്, നിശ്ചിത ഡ്രില്ലുകൾ പൂർത്തിയാക്കാൻ 5.15 മുതൽ 5.20 മിനിറ്റ് വരെയാണ് അടിസ്ഥാന സമയമായി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, രണ്ടു കിലോമീറ്റർ ഓട്ടം ഒമ്പതു മുതൽ 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കുകയും വേണം. മുൻകാലങ്ങളിൽ ചില മുതിർന്ന താരങ്ങൾക്ക് കായികക്ഷമതാ പരിശോധനകളിൽ ഇളവുകൾ നൽകിയിരുന്നതായും എന്നാൽ ഇനി മുതൽ അത് അനുവദിക്കില്ലെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. താരങ്ങളുടെ പദവി നോക്കാതെ, കായികക്ഷമതയിൽ തൃപ്തികരമല്ലാത്ത എന്തും റിപ്പോർട്ട് ചെയ്യാൻ ഫിസിയോ കമലേഷ് ജെയിനിന് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഫീൽഡിങ്ങിൽ താരങ്ങളുടെ ചലനവേഗത കുറയുന്നതും ബാറ്റിങ്ങിനിടെ ഓടിയെടുക്കുന്ന റണ്ണുകളുടെ കാര്യത്തിൽ മുതിർന്ന താരങ്ങൾ പ്രയാസപ്പെടുന്നതും ബിസിസിഐ ഗൗരവമായി കാണുന്നു. താരങ്ങളുടെ ശരീരഭാരത്തിന്റെ കാര്യത്തിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഹർഷിത് റാണ ടീമിൽ ഇടംപിടിച്ചപ്പോൾ 97 കിലോ ഭാരമുണ്ടായിരുന്നുവെന്നും നിലവിൽ അത് 94 കിലോയായി കുറച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഹർഷിത് റാണയുടെ ശരീരഭാരം 96 കിലോയിൽ കൂടാൻ പാടില്ലെന്ന് മെഡിക്കൽ ടീം നിർദേശിച്ചിട്ടുണ്ട്. കായികക്ഷമതയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി മുന്നോട്ട് പോകാനാണ് ബിസിസിഐയുടെ തീരുമാനം.
സമീപകാലത്ത് ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ തുടങ്ങി ഒട്ടേറെ താരങ്ങൾക്കാണ് പരിക്കേറ്റത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നു. താരങ്ങൾക്ക് അടിക്കടി പരിക്ക് പറ്റുന്നതിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും കോച്ച് ഗൗതം ഗംഭീറും അസംതൃപ്തരാണെന്നാണ് വിവരം.
Content Highlights: BCCI mandates uniform fitness tests for all players, ending exemptions for seniors., Introduction of the 'Bronco Test' and strict 2km run time limits (9-10 mins)., Strict weight management protocols enforced, citing Harshit Rana's 96kg limit., BCCI management demands accountability from team physio Kamlesh Jain regarding recent player injuries.