ഏഷ്യാ കപ്പ് ട്രോഫി എവിടെ? പാക് താരത്തിന്റെ വിവാഹത്തിനെത്തിയ നഖ്‌വിയെ വളഞ്ഞ് മാധ്യമങ്ങള്‍, മിണ്ടാതെ മടക്കം

കറാച്ചി: പാക് ക്രിക്കറ്റ് താരത്തിന്റെ വിവാഹത്തിനെത്തിയ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്‌വിയെ വളഞ്ഞ് മാധ്യമങ്ങള്‍. ഏഷ്യാ കപ്പ് ഫൈനലിനു ശേഷമുണ്ടായ വിവാദ സംഭവങ്ങളില്‍ പ്രതികരണം ആരാഞ്ഞാണ് മാധ്യമങ്ങള്‍ നഖ്‌വിയെ വളഞ്ഞത്. ഏഷ്യാ കപ്പ് ട്രോഫി എവിടെയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതിരുന്ന നഖ്‌വി പെട്ടെന്നു തന്നെ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.
അതേസമയം ഏഷ്യാ കപ്പ് ട്രോഫി നിലവില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പക്കലാണെന്നാണ് റിപ്പോര്‍ട്ട്. ട്രോഫി ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. കറാച്ചിയില്‍ നടന്ന പാകിസ്താന്‍ ക്രിക്കറ്റ് താരം അബ്രാര്‍ അഹമ്മദിന്റെ വിവാഹ സല്‍ക്കാരത്തിനെത്തിയതായിരുന്നു നഖ്‌വി. ഇവിടെ നിന്ന് തിരികെപ്പോകാന്‍ ഒരുങ്ങുമ്പോഴാണ് മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി നഖ്‌വിയെ വളഞ്ഞത്. എന്നാല്‍ എല്ലാ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. പാക് പേസര്‍ ഷാഹിദ് അഫ്രീദി നഖ്‌വിയെ കാറിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യ വിജയികളായ ശേഷമായിരുന്നു വിവാദ സംഭവങ്ങള്‍. ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും നിരന്തരം അപമാനിച്ച നഖ്വിയില്‍ നിന്ന് ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നേരത്തേ തന്നെ എസിസിയെ അറിയിച്ചിരുന്നു. ഇതോടെ, കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായി വിജയാഘോഷം നടത്തുകയും ചെയ്തു.
ആശയക്കുഴപ്പത്തില്‍പ്പെട്ട് സമ്മാനവിതരണം ഒരു മണിക്കൂറോളം വൈകിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം അമിനുള്‍ ഇസ്ലാം ബുള്‍ബുളും ദുബായ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഖാലിദ് അല്‍ സരൂനിയും വേദിയിലുണ്ടായിരുന്നു. നഖ്‌വിയല്ലാതെ മറ്റാര് കിരീടം തന്നാലും സ്വീകരിക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഇത് എസിസി അംഗീകരിച്ചില്ല. പാകിസ്താന് റണ്ണറപ്പിനുള്ള പുരസ്‌കാരവും മികച്ച കളിക്കാര്‍ക്കുള്ള സമ്മാനങ്ങളും നല്‍കിയതോടെ ചടങ്ങ് അവസാനിച്ചതായി അറിയിച്ചു. ഇതിനുശേഷം നഖ്‌വിക്കൊപ്പംപോയ എസിസി ചടങ്ങുകളുടെ ചുമതലയുള്ളയാള്‍ ട്രോഫിയും കൊണ്ടുപോകുകയായിരുന്നു.
നഖ്‌വിയുടെ ഈ പ്രവൃത്തി എസിസി പെരുമാറ്റച്ചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ രംഗത്തെത്തിയിരുന്നു. ഇംപീച്ച്മെന്റ് ഭീഷണിയും ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. സമ്മാനദാനവുമായി ബന്ധപ്പെട്ട പ്രോട്ടോകോളിന്റെയും എസിസി മേധാവി എന്ന നിലയിലെ അടിസ്ഥാന കടമകളുടെയും ലംഘനമാണ് നഖ്വിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ബിസിസിഐ വ്യക്തമാക്കി.
Chairman PCB & Asian Cricket Council President Moshin Naqvi, faced questions about the ACC trophy controversy during Abrar Ahmed’s valima in Karachi. Here’s his response.#AsiaCup2025 #Karachi #TOKSports pic.twitter.com/788xkFa0ka
— TOK Sports (@TOKSports021) October 6, 2025
Content Highlights: Asian Cricket Council President Mohsin Naqvi avoids media questions about the Asia Cup trophy`s whereabouts and controversy at a Pakistani cricketer`s wedding