കരിയറിൽവില്ലനായത് ധോനിയോ? പിന്തുണ നൽകാതിരുന്നോ; അഭ്യൂഹങ്ങളോട് പ്രതികരിച്ച് അമിത് മിശ്ര

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

മുംബൈ: ഇന്ത്യ കണ്ട മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളാണ് മുൻ താരം അമിത് മിശ്ര. 2003-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരത്തിലൂടെയായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 2025-ൽ പക്ഷേ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ കരിയറിൽ 22 ടെസ്റ്റുകളും 36 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും മാത്രമാണ് മിശ്ര ഇന്ത്യയ്ക്കായി കളിച്ചത്. 2017-ൽ ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരമായിരുന്നു ഇന്ത്യൻ ജേഴ്‌സിയിലെ താരത്തിന്റെ അവസാന മത്സരം. 2017-ൽ യുസ്‌വേന്ദ്ര ചാഹലിന്റെ ഉയർച്ചയോടെയാണ് മിശ്രയുടെ കരിയർ പ്രതിസന്ധിയിലായത്. അതിനിടെ എം.എസ് ധോനി ഇല്ലായിരുന്നെങ്കിൽ മിശ്രയുടെ കരിയർ വ്യത്യസ്തമായേനേ എന്ന അഭിപ്രായവും വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ധോനിയാണ് മിശ്രയുടെ കരിയറിൽ വില്ലനായതെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മിശ്ര. ധോനി ഇല്ലായിരുന്നെങ്കിൽ മിശ്രയുടെ കരിയർ മികച്ചതാകുമായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ആ അഭിപ്രായമില്ല. ധോനി ഇല്ലായിരുന്നെങ്കിൽ താൻ ഇന്ത്യൻ ടീമിൽ തന്നെ ഉണ്ടാകുമായിരുന്നോ എന്നത് സംശയമാണെന്നായിരുന്നു മിശ്രയുടെ വാക്കുകൾ.

''ധോനി ഇല്ലായിരുന്നെങ്കിൽ എന്റെ കരിയർ മികച്ചതാകുമായിരുന്നു എന്ന് ആളുകൾ പറയുന്നു. പക്ഷേ ആർക്കറിയാം, അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യൻ ടീമിൽ പോലും ഉണ്ടാകുമായിരുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ മാത്രമാണ് ടീമിൽ വന്നത്. ഞാൻ ടീമിലേക്കുള്ള തിരിച്ചുവരവ് തുടർന്നിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ സമ്മതം ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഈ തിരിച്ചുവരവുകൾ സാധ്യമാകുമായിരുന്നോ? അതിനാൽ കാര്യങ്ങളെ പോസിറ്റീവായി കാണാനും വഴികളുണ്ട്.'' - മിശ്ര മെൻഎക്‌സ്പി പോഡ്കാസ്റ്റിൽ പറഞ്ഞു.

2016-ലെ തന്റെ അവസാന ഏകദിനത്തിൽ ധോനിയുടെ ഉപദേശം തന്നെ അഞ്ചു വിക്കറ്റ് നേട്ടത്തിലേക്ക് എത്തിച്ച കാര്യവും മിശ്ര വെളിപ്പെടുത്തി.

''എനിക്ക് എപ്പോഴും പിന്തുണ ഉണ്ടായിരുന്നു. ഞാൻ ടീമിൽ ഉണ്ടായിരുന്നപ്പോഴെല്ലാം ധോനി എന്റെ അടുത്ത് വന്ന് ചെറിയ ചെറിയ നിർദേശങ്ങൾ നൽകാതിരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം എപ്പോഴും എന്നോട് കാര്യങ്ങൾ പറയുമായിരുന്നു. ഒരിക്കൽ, ഞാൻ ന്യൂസീലൻഡിനെതിരെ കളിക്കുകയായിരുന്നു, അത് എന്റെ അവസാന ഏകദിന പരമ്പരയായിരുന്നു. അതൊരു ടൈറ്റ് ഗെയിമായിരുന്നു. ഞങ്ങൾ 260 - 270 റൺസ് നേടിയിരുന്നു. പന്തെറിയാൻ വന്നപ്പോൾ വിക്കറ്റുകൾക്കായി ശ്രമിക്കാതെ റണ്ണൊഴുക്ക് തടയാനായിരുന്നു ഞാൻ ഉദ്ദേശിച്ചത്. എന്നാൽ രണ്ട് ഓവറുകൾക്ക് ശേഷം, ധോണി എന്റെ അടുത്ത് വന്ന് ഞാൻ സ്വാഭാവികമായി എറിയുന്നതുപോലെ പന്തെറിയുന്നില്ലെന്ന് പറഞ്ഞു. അധികം ചിന്തിക്കാൻ പോകേണ്ടെന്നും ഞാൻ എപ്പോഴും ചെയ്യുന്നതുപോലെ പന്തെറിയണമെന്നും ഉപദേശിച്ചു. ഇതാണ് നിങ്ങളുടെ ബൗളിങ്, കൃത്യമായി ഇത് തന്നെ എറിയുക. അധികം ചിന്തിക്കരുത്. ഞാൻ അങ്ങനെ തന്നെ പന്തെറിഞ്ഞപ്പോൾ ഒരു വിക്കറ്റ് കിട്ടി. പിന്നീടത് കളി മാറ്റിമറിച്ച സ്‌പെല്ലായി. ഞാൻ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. എന്റെ ഏറ്റവും മികച്ച സ്‌പെല്ലും അതാണെന്ന് ഞാൻ കരുതുന്നു. ഞാൻ വിക്കറ്റുകൾ വീഴ്ത്തിയില്ലെങ്കിൽ കളി തോൽക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഇങ്ങനെയാണ് അദ്ദേഹം എന്നെ പിന്തുണച്ചത്.'' - മിശ്ര വ്യക്തമാക്കി.

ആ മത്സരത്തിൽ വെറും 18 റൺസ് വഴങ്ങിയാണ് മിശ്ര അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. മത്സരത്തിൽ ന്യൂസീലൻഡിനെ വെറും 79 റൺസിന് പുറത്താക്കാനും ഇതോടെ ഇന്ത്യയ്ക്കായി. മിശ്രയുടെ ബൗളിങ് മികവിൽ 190 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കളിയിലെ താരമായതും മിശ്ര തന്നെ. ആ പരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ വീഴ്ത്തിയ മിശ്ര, പരമ്പരയിലെയും താരമായി.

Content Highlights: Amit Mishra breaks silence on MS Dhoni`s influence on his career. Did Dhoni help or hinder? Find out the untold story. Click to read!