അവൾ പെട്ടന്ന് എന്റെ പെട്ടിയുമെടുത്തോടി, പിന്നെ പറഞ്ഞു... ടെൻഷനടിക്കേണ്ട സർ

ദക്ഷിണ കൊറിയയും അവിടുത്തെ വൻ നഗരങ്ങളായ സോളും ബുസാനും സ്‌പോർട്‌സ് വാർത്തകളിലൂടെ മനസിൽ പതിഞ്ഞ പേരുകളാണ്. പക്ഷേ ഇഞ്ചിയോണുമായി പരിചയത്തിലാകുന്നത് ഏഷ്യൻ ഗെയിംസ് കവർ ചെയ്യാനുള്ള അവസരം ലഭിച്ചതോടെയാണ്. ഏഷ്യയുടെ മഹാമേള കവർ ചെയ്യുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇഞ്ചിയോണിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായി അടുത്ത നടപടി.
ദക്ഷിണ കൊറിയയിലെ മൂന്നാമത്തെ വലിയ നഗരം. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്ന് (ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട്) സ്ഥിതി ചെയ്യുന്ന നഗരം. കടലിൽ മണ്ണിട്ടുയർത്തി പണിത സോങ് ഡോ നഗരത്തെ ഷാങ്ഹായിക്ക് ബദലായി ലോകത്തിന് മുന്നിൽ ഉയർത്താൻ ശ്രമിക്കുന്നവർ. പുസ്തകങ്ങളിലൂടെയും മൗസ് ക്ലിക്കിലൂടെയും കിട്ടിയ വിവരങ്ങൾ അനവധി. ദയാലുവായ നദിയെന്നാണ് ഇഞ്ചിയോണിന്റെ അർത്ഥം. സ്‌നേഹനദിയല്ല, സ്‌നേഹനിധിയാണ് ഇഞ്ചിയോണെന്ന തിരിച്ചറിവാണ് മൂന്നാഴ്ചയോളം നീണ്ട അവിടുത്തെ താമസം നൽകിയത്. ഏഷ്യയുടെ മഹാമേളയും വൈവിധ്യങ്ങളും കണ്ടതിനൊപ്പം അവരുടെ സ്‌നേഹലാളനകൾ അനുഭവിക്കാനും ഈ യാത്ര അവസരം നൽകി. ഇഞ്ചിയോൺ വിമാനത്താവളത്തിൽ ഇറങ്ങിയതു മുതൽ വരവേറ്റത് പുഞ്ചിരിക്കുന്ന മുഖങ്ങളാണെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. വളണ്ടിയർമാരായ പെൺകുട്ടികൾ മുതൽ ടാക്സി ഡ്രൈവർമാരും പോലീസ് ഉദ്യോഗസ്ഥരും വരെ നീളുന്ന ആ നിര. നമ്മുടെ പ്രതിസന്ധി ഘട്ടത്തിലൊക്കെ സഹായവുമായി അവർ നമ്മുടെ കൂടെയുണ്ടായിരുന്നു. അതിൽ ഒരു അനുഭവം ഇപ്പോഴും മനസിൽ മായാതെയുണ്ട്. ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുമ്പോഴായിരുന്നു ഒരു വളണ്ടിയർ പെൺകുട്ടിയുടെ നന്മയും കരുതലും സ്‌നേഹവുമെല്ലാം ഒരിക്കൽക്കൂടി അനുഭവിച്ചറിഞ്ഞത്.
Content Highlights: incheon city asian games sports reporting