മറ്റുള്ളവരെ ബന്ധനസ്ഥരാക്കുന്നവർ സ്വയം ബന്ധിക്കപ്പെടുകയാണ്

മറ്റാരുടെയെങ്കിലും കടുത്ത നിയന്ത്രണത്തിൽ കഴിയുന്നവർ പൊതുവെ വിചാരിക്കുക, അവരെ നിയന്ത്രിക്കുന്ന ഈ വ്യക്തി പൂർണ്ണമായും സ്വതന്ത്രനും സന്തോഷവാനുമാകുമെന്നാണ്. 'നാം അയാളെ പരിചരിക്കേണ്ടവനാണ്, സേവിക്കേണ്ടവനാണ്', അവർ വിചാരിക്കുക അങ്ങനെയാണ്,' നമുക്കു യാതൊരു സ്വാതന്ത്ര്യവുമില്ല. അയാൾ പക്ഷേ തോന്നുന്നതെന്തും ചെയ്യാൻ സാധിക്കുന്നവനാണ്.'

കാഴ്ചയിൽ അങ്ങനെയാണ് ജീവിതം. പക്ഷേ കാണുന്ന അത്രതന്നെ ലളിതമല്ല. നിങ്ങൾ ആരെയെങ്കിലും നിയന്ത്രിക്കാൻ തുടങ്ങുന്നത് മുതൽ, നിങ്ങൾ നിങ്ങളെത്തന്നെ ബന്ധനത്തിലാക്കുകയാണ്; നിങ്ങൾക്ക് ചുറ്റിലും നിയന്ത്രണമേർപ്പെടുത്തുകയാണ്.

നൂറ്റാണ്ടുകളായി, പുരുഷൻ സ്ത്രീയെ അടിച്ചമർത്തിവെച്ചിരിക്കുന്നു. സ്ത്രീകൾക്ക് വളരാനും പുഷ്പിക്കാനു (അവബോധപരമായി) മുള്ള അവസരം നഷ്ടമായി എന്നതല്ല അതിലെ ദുരന്തം. പുരുഷനും അതിനുവേണ്ടി വലിയ വിലകൊടുക്കേണ്ടി വന്നു എന്നതാണ്.

സ്ത്രീകളെ അടിച്ചമർത്തുന്നതിലൂടെ, പുരുഷൻ അവനകത്തുതന്നെയുള്ള സ്ത്രീത്വത്തേയും അടിച്ചമർത്തുകയാണ് ചെയ്തത് - അവരിലെ മൃദുത്വം, സംവേദനക്ഷമത, നിഷ്ക്കളങ്കത, സ്നേഹനൈപുണ്യം എന്നിവ. അവയെല്ലാം കട്ടിപിടിക്കുകയും അക്രമണോല്സുകമാവുകയും സ്വന്തം ഹൃദയത്തിൽ നിന്നുതന്നെ വിട്ടുപോവുകയും ചെയ്തു.

ഒരുപക്ഷേ, നമ്മുടെ ഈ ലോകം ഇത്രക്കും അക്രമം നിറഞ്ഞതായിരിക്കാൻ ഒരു കാരണമായത് ഇതായിരിക്കാം. ഭയവും മത്സരവും ഹിംസാത്മകതയും അതിന്റെ പാരമ്യത്തിൽ, സ്നേഹമാകട്ടെ തീരെ കുറവും.

നാം മറ്റാരുടെയെങ്കിലും മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുമ്പോൾ, നാം നമ്മെത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു യജമാനനും പണിക്കാരനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആലോചിച്ചുനോക്കൂ. യജമാനൻ വിശ്വസിക്കുന്നുണ്ടാകാം താൻ വലിയ ശക്തിമാനാണെന്ന്, എന്തെന്നാൽ എല്ലാവരും അയാൾക്കുവേണ്ടി പണിയെടുക്കുന്നു. എന്നാൽ, പതിയെപ്പതിയെ താഴെക്കിടയിൽ എന്ന് വിചാരിക്കുന്ന അതേ ആളുകളുടെ ആശ്രിതനായിത്തീരുകയാണയാൾ.

സങ്കല്പിച്ചുനോക്കൂ, ഒരു ദിവസം വീട്ടുജോലിക്കാരി ഒഴിവെടുത്തുവെന്നു കരുതൂ. മുഴുവൻ വീട്ടുപണിയും മറ്റും ആകെ അവതാളത്തിലായി! എല്ലാവരും പരാതിയോടു പരാതി,'പണിക്കാരി എവിടെപ്പോയി? ഇക്കണ്ട പണിയെല്ലാം ആരാണ് ചെയ്യാൻ പോകുന്നത്?'

എന്നാൽ, ഒരു ദിവസം എല്ലാവർക്കും കൂടി ആ പണികളെല്ലാം ചെയ്താലെന്താണ്? നമ്മുടെ സ്വന്തം വീട് അടിച്ചുവാരി വൃത്തിയാക്കുന്നതോ പാത്രങ്ങൾ കഴുകുന്നതോ കുറച്ചിലാവുന്നത് എങ്ങനെയാണ്?

താൻ യജമാനനാണ് എന്ന് വിചാരിക്കുന്ന വ്യക്തി, അയാൾ പണിക്കാരൻ എന്ന് വിളിക്കുന്ന വ്യക്തിയെ കാര്യമായിത്തന്നെ ആശ്രയിക്കുന്നുണ്ടാകാം. അധികാരം, ശക്തി എന്നിങ്ങനെ കാണപ്പെടുന്നത്, മറ്റൊരു ബാന്ധവത്തെ ഒളിപ്പിക്കുന്നതാകാം.

മറ്റൊരാളെ നിയന്ത്രിക്കാനോ പിടിച്ചുവെക്കാനോ ശ്രമിക്കുന്നതിനു മുൻപ്, ഒരുപക്ഷേ നാം ഒരു നിമിഷം മാറിനിന്ന് സ്വയം ചോദിക്കേണ്ടതുണ്ട്, 'ഞാൻ എന്നെത്തന്നെ എന്തുകൊണ്ടാണ് കെട്ടിയിട്ടിരിക്കുന്നത്?'

ഈ പ്രഹേളികയെ മനസ്സിലാക്കിച്ചുതരുന്ന മനോഹരമായ ഒരു കഥ ഓഷോ പങ്കുവെച്ചിട്ടുണ്ട്:

ഒരിക്കൽ ഒരാൾ ഒരു പശുവിന്റെ കയറും പിടിച്ച് റോഡിലൂടെ നടക്കുകയായിരുന്നു. അതേ വഴിയിലൂടെ സൂഫി ഗുരുവായിരുന്ന ഫരീദും ശിഷ്യന്മാരും യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഫരീദ് പെട്ടെന്ന് നിന്നു, തന്റെ ശിഷ്യന്മാരെയെല്ലാം വിളിച്ചു.

'ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.. പശുവിനേയും അതിനെ കൊണ്ടുനടക്കുന്ന ആ മനുഷ്യനേയും ചൂണ്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു,' ഇവിടെ ആരാണ് അടിമ? - പശുവോ അതോ മനുഷ്യനോ?'

ശിഷ്യൻമാർ അമ്പരന്നു. 'ഇതൊക്കെ ഒരു ചോദ്യമാണോ?' അവർ പറഞ്ഞു,' ‘അതിലെന്താ സംശയം? പശുതന്നെയല്ലേ അടിമ? അയാളാണ് കയറിന്റെ അറ്റം പിടിച്ചിരിക്കുന്നത്. അയാളാണ് ഉടമസ്ഥൻ.'

ഫരീദ് ചിരിച്ചു, 'കയറ് അഴിഞ്ഞുപോവുകയും പശു ഓടിപ്പോവുകയും ചെയ്തെന്നു വിചാരിക്കൂ, ആര് ആരെയാണ് തെരയുക?', അദ്ദേഹം ചോദിച്ചു. 'പശു അയാളെ തെരഞ്ഞുനടക്കുമോ അതോ അയാൾ പശുവിനെ തെരഞ്ഞു നടക്കുമോ?'

'അയാൾ പശുവിനെ തെരയും', അവർ പറഞ്ഞു.

'അങ്ങനെയെങ്കിൽ', ഫരീദ് ചോദിച്ചു,'ആരാണ് ശരിക്കും അടിമ?'

ജീവിതം ഇങ്ങനെയൊക്കെയാണ്. പ്രത്യക്ഷത്തിൽ കാണുന്ന പടിയല്ല യഥാർത്ഥത്തിൽ സംഭവിക്കുന്ന ജീവിതം. നാം സ്വന്തമാക്കാൻ ശ്രമിക്കുന്ന എന്തും പതിയെപ്പതിയെ നമ്മെ സ്വന്തമാക്കാൻ തുടങ്ങുന്നു. നാം നിയന്ത്രിക്കാൻ ശ്രമിക്കുന്നതെന്തും നമ്മുടെത്തന്നെ ആശ്രിതത്വത്തിന്റെ ഉപാധിയായി മാറുന്നു. മറ്റാരുടെയെങ്കിലും കഴുത്തിലാകാം കയർ കെട്ടിയിരിക്കുന്നത്, പക്ഷേ മറ്റേയറ്റത്ത് നാം അതിനെ കഴിയാവുന്നത്ര മുറുക്കി പിടിച്ചിട്ടുണ്ടാകും.

ജീവിതനിയമങ്ങളൊക്കെയും ഇത്തരം പ്രഹേളികകൾ നിറഞ്ഞതാണ്. ഉപരിതലത്തിൽ കാണുന്നതൊന്നുമല്ല സത്യം. യാഥാർഥ്യമെന്നത് ഏറ്റവും അടിത്തട്ടിൽ ഒളിഞ്ഞുകിടപ്പാണ്. നാം ആരെയെങ്കിലും നമ്മുടെ ആശ്രിതരാക്കുന്ന അതേ നിമിഷം നമ്മളും അവരുടെ ആശ്രിതരാകാൻ തുടങ്ങുന്നു. യജമാനന് തോന്നുന്നുണ്ടാകാം, താൻ സ്വതന്ത്രനാണെന്ന്; അയാളുടെ ആ സ്വാതന്ത്ര്യം പക്ഷേ വെറും ഒരു മിഥ്യാബോധമാണ്.

യഥാർത്ഥ സ്വാതന്ത്ര്യമെന്നത്, നാം മറ്റുള്ളവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുമ്പോഴാണ്. യഥാർത്ഥ യജമാനൻ / മാസ്റ്റർ എന്നത്, മറ്റുള്ളവരെ തന്റെ അടിമകളാക്കുന്നയാളല്ല. അടിമകൾ ആവശ്യമേയില്ലാത്തയാളാണ് യഥാർത്ഥ യജമാനൻ/ മാസ്റ്റർ - ഉള്ളിന്റെയുള്ളിൽ സ്വതന്ത്രനായിരിക്കുന്നവനും മറ്റുള്ളവർ സ്വതന്ത്രരായിരിക്കണമെന്ന്‌ ആഗ്രഹിക്കുന്നവനും.

Content Highlights: Controlling others or placing them under subjugation actually binds you in self-imposed slavery., Suppressing others (such as patriarchy suppressing women) destroys the oppressor's own inner sensitivity and leads to a violent society., Apparent power and ownership often conceal deep dependency on the very people being controlled., True freedom is attained only when you stop trying to control others and allow everyone to be free.