സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും പരമമായ ഈശ്വരന്‍ തന്നെ | ദൈവദശകത്തിലെ ഗീതാസാരം 06

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
ചൈതന്യത്തിന്റെ കടലിനെ അകത്തേക്ക് സ്വീകരിക്കാനുള്ള ഒരുക്കമാണ്. മേല്‍പ്പത്തൂര്‍ വിഭക്തി കൊണ്ടും പൂന്താനം ഭക്തി കൊണ്ടും അറിഞ്ഞ അതേ ജ്യോതിസ്സ്. ഭഗവാന് ഏതാണ് പ്രിയം എന്ന തര്‍ക്കം മനുഷ്യരുടേതാണ്. ഭഗവാന്റേതല്ല. എല്ലാ തര്‍ക്കങ്ങളുടേയും അവസാനമാണല്ലോ ഈശ്വരന്‍. കടലും തിരയും ആഴവുമായി അറിഞ്ഞ ആ മഹാജ്യോതിസ്സിനെ ആത്മജ്യോതിസ്സാക്കുമ്പോള്‍ അറിയേണ്ടത് ഓരോന്നായി പറഞ്ഞുതരികയാണ് ഗുരു.
നീയും ഞാനും എന്ന ഭാവം തിരോഭവിക്കുകയായി. നീ ഞാന്‍ തന്നെ എന്ന് അറിയുകയായി. അഥവാ നീയുണ്ടെങ്കിലേ ഞാനുള്ളൂ. ഞാന്‍ എന്ന ഭാവം തോന്നായി വരികയായി. സകലസൃഷ്ടികളിലും സര്‍വ്വഭൂതങ്ങളിലും ഈശ്വരന്റെ ചൈതന്യം തിളങ്ങുന്നു എന്ന് വെളിച്ചമാണത്. അത് സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല എന്ന മഹാദര്‍ശനം. അദ്വൈതത്തിന്റെ ആനന്ദത്തിലേക്കുള്ള അനുപമപ്രയാണം. ദൈവത്തെ അന്തര്യാമിയായി അറിഞ്ഞു കഴിഞ്ഞാല്‍ സൃഷ്ടിയും സ്രഷ്ടാവും ഒന്നു തന്നെ.