പാതിരാകൊക്കിന്റെ കുടുംബത്തിലേക്ക് ക്യാമറാമാന്‍ നടത്തിയ എത്തിനോട്ടം!!

ചോട്ടവും മീട്ടുവും കൂടും കുടുംബവും ഉണ്ടാക്കിയ കഥ അഥവാ ഒരു പാതിരാക്കൊക്കിന്റെ കുടുംബത്തിലേക്ക് ഒരു ക്യാമറാ മേനോൻ നടത്തിയ എത്തിനോട്ടം.
ചില കാത്തിരിപ്പുകൾക്ക് ഒരു സുഖമുണ്ട്.
ചോട്ടുവും മീട്ടുവും മരത്തിലും അകലെ ഒരു കെട്ടിടത്തിൽ ഞാനും കാത്തിരിക്കുകയായിരുന്നു, മുപ്പത് ദിവസങ്ങൾ.
അവരാദ്യമായിട്ടാണോ ഒരു കുഞ്ഞിക്കാൽ കാണുന്നതെന്നൊന്നും എനിക്കുറപ്പില്ല, പക്ഷെ ഞാനാദ്യമായിട്ടായിരുന്നു അവരുടെ കുഞ്ഞിക്കാൽ കാണുന്നത്.
അവരതിനായി തൊട്ടിൽ കെട്ടാറുണ്ടോ ഉരുളി കമഴ്ത്താറുണ്ടോ അതും എനിക്കറിയില്ല.
എപ്പവേണമെങ്കിലും നിന്ന് പോയേക്കാവുന്ന ഒരു ഷൂട്ടാണ് ഞാൻ ചെയ്യുന്നത് എന്ന് എനിക്കറിയാമായിരുന്നു
കാറ്റ് മഴ, മുട്ട അടിച്ചുമാറ്റാൻ വരുന്ന വിരുതൻമാർ, കണ്ണൊന്നു തെറ്റിയാൽ കൂട്ടിൽ നിന്ന് കമ്പ് ചൂണ്ടി കൂടുണ്ടാക്കാൻ ശ്രമിക്കുന്ന സമാനമനസ്കർ ഇതൊക്കെ അതിജീവിച്ച് അവർ പിടിച്ചു നിന്നു. ആ മുട്ടകള്‍ വിരിഞ്ഞു...
ആ ബൈ ദുബൈ ഞാനത് പറയാൻ മറന്നു...
ഏതോ ഒരു ദുർബല നിമിഷത്തിലെ ശുഭമുഹൂർത്തത്തിൽ ഞാനവരെ പേര് ചൊല്ലി വിളിച്ചുതുടങ്ങിയാരുന്നു.
നിലവിളക്കും നിറപറയും ഒന്നുമൊണ്ടായില്ല, സാമൂഹിക അകലം പണ്ടേ ഉള്ളതിനാൽ ചെവിയിലൊന്നും ചെന്ന് വിളിച്ചില്ല
ചിന്നാ... പൊന്നാ... എന്ന് ഒറ്റ വിളി കാര്യം കഴിഞ്ഞു. സംഗതി മംഗളം
ചിന്നനും പൊന്നനും വലുതായീട്ടോ...
ഇപ്പോ കൂട്ടിൽ അധികവും അവർ തനിച്ചാണ്.
തള്ളപ്പക്ഷിതണലും ചിറകും ഒന്നുമില്ല
എന്നാലും ഇടയ്ക്ക് അവരെത്തും -ചോട്ടുവും മോട്ടുവും
കൂട്ടിലിരുന്ന് ഭക്ഷണം കൊടുക്കലൊന്നുമില്ല
അടുത്ത ചില്ലകളിൽ എവിടേലുമിരിക്കും
അവിടേക്ക് എത്തി വലിഞ്ഞോ നടന്നോ ചിന്നനും പൊന്നനും ഒക്കെ ചെന്നോണം
കുഞ്ഞിക്കാലടി വെച്ച് പിച്ചവെച്ച് നടന്ന് തുടങ്ങുന്ന കുഞ്ഞുങ്ങളെ കളിപ്പാട്ടവും മറ്റും കാട്ടി ആകർഷിച്ച് വിളിച്ച് നടത്തിക്കാറില്ലേ
ആ അതന്നേ ആണ് ഇവിടേം ലൈൻ, കൊമ്പുകളിൽ കാലുറപ്പിച്ച് നടക്കാനും ചിറക് വീശി'നിക്കാനുമൊക്കെയുള്ള പരിശീലനം '
ചിന്നനും പൊന്നനും അത്ര നിഷ്കുകളല്ല. കട്ട അടിയാണ് ചിലപ്പോ രണ്ടും കാട്ടാ ഗുസ്തിക്കാരാണെന്ന് തോന്നും ഭക്ഷണം കിട്ടിയാൽ പ്രത്യേകിച്ചും
പറഞ്ഞിട്ട് കാര്യമില്ല, പാടത്തേക്ക് ഇറങ്ങിയാൽ അതിജീവിച്ച് നിൽക്കണ്ടേ അവിടെന്തോരം വെല്ലുവിളികളാണ് അവരെ കാത്തിരിക്കുന്നത്.
ചോട്ടുവിന്റെയും മീട്ടു വിന്റെയും കുടുംബകഥ ചിന്നനിലും പൊന്നനിലുമെത്തി ഇവിടെ അവസാനിക്കുന്നു...
ലോക്ക് ഡൗണിൽ കിട്ടിയ എക്സ്ട്രാ ടൈമിൽ വെറുതേ തോന്നിയ ഒരു കൗതുകം ആയിരുന്നു ഇത്. അത് ആസ്വദിച്ച് തന്നെ ചെയ്യാനായതിന്റെ ആഹ്ളാദം ചെറുതല്ല. പലപ്പോഴായി എടുത്ത അവരുടെ ജീവിതമുഹൂർത്ത ചിത്രങ്ങൾ ആയിരത്തിലേറെയൊക്കെ വരും. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും ബേർഡ് ഫോട്ടോഗ്രാഫർമാരുമൊക്കെ ഉണ്ടായേപ്പിന്നാ ഈ മൂങ്ങകളുടെയൊക്കെ ജീവിതം ഇത്ര പുഷ്കലമായത്. അയിന് മുന്നെ തന്റെതല്ലാത്ത കാരണത്താൽ എത്ര തെറി കേട്ടിട്ടുണ്ട് ആ പക്ഷി. കൂമൻകൂവിയാൽ കുഞ്ഞ് പേടിക്കും. അടുത്താരെങ്കിലും മരിക്കും എന്നൊക്കെ അന്ധവിശ്വാസങ്ങളുണ്ട് അയിനതിനെ തെറി പറഞ്ഞ് ഓടിക്കും കൂമന് പിന്നെ മലയാളം അറിയാത്തോണ്ട് കൂമൻ അതൊന്നും ബല്യ ഇഷ്യു ആക്കിയില്ല.
കൊക്കത്ര വല്യ കിളിയൊന്നുമായിരിക്കില്ല. ഞാൻ അവരിൽ നിന്നും പഠിച്ച ഒരു കാര്യമുണ്ട്
Depandable and detachable
പരസ്പരം ആശ്രയിക്കുന്നുണ്ടവർ
പക്ഷെ ഭക്ഷണം അവർ സ്വയം തേടി കണ്ടെത്തുകയാണ്
കുഞ്ഞുങ്ങൾക്ക് ഭക്ഷണവുമായി വരും
പക്ഷെ ഇണയ്ക്കുള്ള ഭക്ഷണവുമായി
വരാറില്ല, അത് അയാൾ പോയി കണ്ടെത്തി കഴിക്കണം
ആദിമ മനുഷ്യരും അങ്ങനെ തന്നെ ആയിരുന്നിരിക്കണം
Content Highlights: Mathrubhumi Photographer J Philip Shares His Experience