എസ്.എം.എയ്ക്കും അച്ഛനെയും അനിയത്തിയെയും പറിച്ചെടുത്ത മരണത്തിനും തോല്‍പിക്കാന്‍ കഴിയാത്ത ഒന്ന്!

#പി.എസ് കൃഷ്ണകുമാർ
പി.എസ് കൃഷ്ണകുമാർ (ഫോട്ടോ അൽ അമീൻ)
പി.എസ് കൃഷ്ണകുമാർ (ഫോട്ടോ അൽ അമീൻ)

ജീദിനോട് സുഹ്റക്ക് പറയാന്‍ എന്തോ ഒന്നുണ്ടായിരുന്നു.
അതെന്താകുമെന്ന് മജീദിനും അറിയാം.
മജീദിനൊപ്പം 'ബാല്യകാല്യസഖി' നെഞ്ചേറ്റിയ ഓരോ വായനക്കാരനും അതറിയാം എങ്കിലും, എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ട് രാജകുമാരന്റെ ചെവിയിലേക്ക് ചുണ്ടുകള്‍ ചേര്‍ത്തുവച്ച് രാജകുമാരിക്ക് അവന് മാത്രം കേള്‍ക്കാന്‍ കഴിയുംവിധമെങ്കിലും അതൊന്ന് പറയാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. 

മജീദിനെ ഓര്‍ത്തു, സുഹ്റയെ ആലോചിച്ചു കണ്ണുനിറഞ്ഞവരില്‍ ഞാനും ഉണ്ടായിരുന്നു. അല്ലെങ്കില്‍ ജീവിതത്തില്‍ വായിച്ചുകരഞ്ഞ ഒരേയൊരു സന്ദര്‍ഭം അതാണെന്നും പറയാം.

എഴുത്തുകാരന്‍ നിര്‍ത്തുന്നിടത്തു നിന്നാണ്, വായനക്കാരന്‍ ആരംഭിക്കേണ്ടതെന്ന ആശയം, കുട്ടിക്കാലത്തു മറ്റെന്തിനെയുമെന്ന പോലെ അച്ഛനില്‍ നിന്നുമാണ് ആദ്യം കേള്‍ക്കുന്നത്. ബഷീറിന്റെ സമ്പൂര്‍ണ്ണ സമാഹാരം വായിക്കാന്‍ നല്‍കിയതും അച്ഛന്‍ തന്നെയാണ്. ഒരു പതിനാലുകാരന്റെ ചിന്തകള്‍ക്കും അപ്പുറമായതുകൊണ്ടാകാം അന്ന് 'ബാല്യകാലസഖി' എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യസൃഷ്ടിയെ മനസിലാക്കാന്‍ സാധിക്കാതെ പോയത്. പിന്നെ സുഹ്റയെപ്പോലെ ചിലച്ചുകൊണ്ടൊരുവള്‍ അനുരാഗാക്ഷരങ്ങള്‍ നെഞ്ചില്‍ കോറിയിട്ട കാലത്താണ് മജീദിനെ, സുഹ്റയെ മനസിലാക്കുന്നത്.

അച്ഛന്‍ എപ്പോളും കാലത്തിന് മുന്നേ സഞ്ചരിക്കാന്‍ ശ്രമിച്ച ഒരാളാണ്. അതുകൊണ്ടാണല്ലോ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ജനിതക രോഗം ബാധിച്ച തന്റെ മക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കാട്ടികൊടുക്കുന്ന ലോകത്തിനപ്പുറം മറ്റു ചിലതാണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞത്. ആ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ പുസ്തകങ്ങളോളം ഉപകരിക്കുന്ന വേറൊരു ഉപകാരണമുണ്ടാകില്ല എന്ന് പ്രസന്നന്‍ എന്ന ദീര്‍ഘദൃഷ്ടിക്ക് ഉടമയായ മനുഷ്യന്‍ തിരിച്ചറിഞ്ഞാട്ടുണ്ടാകും.

അത്തരം ബോധ്യങ്ങളാകും പ്രായം കൗമാരം കടക്കുന്നതിനും മുന്‍പേ ബഷീറിനെയും, എം.ടി.യെയും, ഹെമിങ്വേയും, മാധവികുട്ടിയെയും ഒക്കെ പരിചയപ്പെടുത്താന്‍ കാരണവും. 

ടെലിവിഷന്‍ ചാനലുകള്‍ ഇന്നത്തതിന്റെ പകുതിപോലും ഇല്ലാതിരുന്ന തൊണ്ണൂറുകളുടെ അവസാനം. ചങ്ങാതികൂട്ടങ്ങള്‍ സ്‌കൂളിലേക്കും, അച്ഛനും, അമ്മയും ഓഫീസിലേക്കും പോയി കഴിയുമ്പോള്‍ പകല്‍ നേരങ്ങളില്‍ എക്കാലവും ഭയമായിരുന്ന ഏകാന്തതതയെ മറികടക്കാന്‍ കൂട്ടായി ഇരുന്നിരുന്നത് മുകളിലുള്ള പേരുകാരും അവര്‍ പടച്ചുവിട്ട ജീവിതങ്ങളുമായിരുന്നു. മത്സരിച്ചായിരുന്നു ആ കാലങ്ങളില്‍ പുസ്തകങ്ങളെ ഭക്ഷിച്ചിരുന്നത്.


''വിശക്കുന്ന മനുഷ്യാ, പുസ്തകങ്ങളെ കയ്യിലെടുക്കൂ... അതൊരായുധമാണ്'' എന്നുപറഞ്ഞ 'ബെര്‍ടോള്‍ഡ് ബ്രെഹ്ത്' എന്ന ആ പഴയ ജര്‍മ്മന്‍ ചിന്തകന്റെ വാക്കുകളോട് നീതിപുലര്‍ത്തും പോലെ ആയിരുന്നു ആ കാലങ്ങളിലെ വായന.

ഇടയ്ക്ക് എന്നെ വിമലീകരിച്ചുകൊണ്ടിരുന്ന, എന്നെ അപരന്റെ ലോകം കാട്ടി തന്നിരുന്ന, പുസ്തകങ്ങളെ, മരണമില്ലാത്ത അക്ഷരങ്ങളെ അകറ്റി നിര്‍ത്താന്‍ തുടങ്ങി. എന്റെ ജീവിതത്തിലേക്ക് മരണത്തിന്റെ ഇരുട്ട് പടര്‍ന്നത് 2012 ജൂണ്‍ 14 ആയിരുന്നു ആ അകല്‍ച്ചയ്ക്ക് ആരംഭം കുറിച്ചത്. ആ ദിവസമാണ് എന്നില്‍ നിന്നും അച്ഛനെയും, എന്റെ ചിത്രശലഭമായ അനുജത്തിയേയും ഒരു റോഡ് അപകടത്തിന്റെ രൂപത്തില്‍ എനിക്കെത്താന്‍ കഴിയാത്ത അത്രയും അകലത്തിലേക്ക് പറിച്ചുകൊണ്ട് പോയത്. 

കടുത്ത വിഷാദത്തിന്റെ നാലുവര്‍ഷം എങ്ങനെ അതിജീവിച്ചു എന്നത് ഇന്നും എനിക്ക് നിശ്ചയമില്ല. ഇരുട്ടിന്റെ ആ സമയങ്ങളില്‍ വായനയുടെ ലോകത്തേക്ക് മടങ്ങാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.

2016- ന്റെ അവസാനം അച്ഛന്റെ ലൈബ്രറിയില്‍ വെറുതെ കണ്ണുകള്‍ കൊണ്ട് പരതുമ്പോള്‍ തടഞ്ഞ എം. പി. വീരേന്ദ്രകുമാർ രചിച്ച 'ഹൈമവതഭൂവില്‍' ആണ് വായനയുടെ പ്രകാശത്തെ വീണ്ടും എന്നിലേക്ക് എത്തിച്ചത്. അപ്പോളേക്കും കൈകള്‍കൊണ്ട് പുസ്തകങ്ങള്‍ പിടിക്കാനോ, പേജുകള്‍ മറിക്കാനോ കഴിയാത്ത വിധം എസ്.എം.എ എന്ന രോഗം പിടിമുറുക്കിയിരുന്നു. പതിയെ വായനയുടെ ലോകം ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുക എന്നതേ എനിക്ക് നിര്‍വാഹം ഉണ്ടായിരുന്നുള്ളൂ.

അത് വരെ പുസ്തകങ്ങള്‍ മണത്തു, ഓരോ താളുകളിലൂടെയും വിരലുകള്‍ ഓടിച്ചു പുസ്തകങ്ങളെ നുകരുക എന്ന അവാച്യമായ ഒന്ന് അനുഭവിക്കുക എന്നതായിരുന്നു പതിവ്. അതൊക്കെയും ഭംഗി ഉള്ള ഒരോര്‍മ്മ മാത്രമാകും ഇനി മുതല്‍ എന്നത് തെല്ലൊരു വേദന നല്‍കിയെങ്കിലും വായന ഇല്ലാത്ത ഇരുട്ടിന്റെ ലോകം ഇനി വേണ്ട എന്ന് തീര്‍ച്ചപ്പെടുത്തിയതുകൊണ്ട് 'രണ്ടാമൂഴം' കിന്‍ഡിലിലൂടെ ആരംഭിക്കുകയായിരുന്നു.

ഒപ്പം ഇരുന്ന് പേജുകള്‍ മറിച്ചുതരാന്‍ പലരും ഒരു വിളിപാടകലെ ഉണ്ടാകും. പക്ഷെ എനിക്കും വായനക്കിടയിലും മറ്റൊരാളിന്റെ സാന്നിധ്യം ഉണ്ടാക്കുന്ന അലോസരം അസഹനീയമാണ്.

തനിക്കും പുസ്തകങ്ങള്‍ക്കും ഇടയില്‍ കണ്ണട വന്നതാണ് ഓഷോ രജനീഷിനെ വായന നിര്‍ത്താന്‍ പ്രേരിപ്പിച്ചതെന്ന് കേട്ടിട്ടുണ്ട്. വായിക്കുന്ന ആളും, വായനയും തമ്മില്‍ ഉണ്ടാകുന്ന അദൃശ്യമായൊരു ബന്ധമുണ്ട് അതിലൂടെ നമ്മള്‍ നടത്തുന്ന സാങ്കല്പിക യാത്രയാണ് വായന എന്ന പ്രക്രിയയുടെ സൗന്ദര്യം എന്ന് പറയുന്നതും. ആ സൗന്ദര്യത്തിലേക്ക് മുങ്ങാങ്കുഴിയിട്ട് നില്‍ക്കുമ്പോള്‍ അറിയാം സുഹ്‌റയുടെ, മജീദിന്റെ വിങ്ങലിനെ, പാരമ്പര്യത്തില്‍ വല്ലാതെ ഊറ്റം കൊണ്ടിരുന്ന ഭീമസേനന്‍ തിരിച്ചറിഞ്ഞ തന്റെ പിതൃത്വത്തെ, അടുത്ത ദിവസം നല്ലതാകും എന്ന് ആകെയുള്ള ചങ്ങാതിയോട് ഒരിക്കലും നഷ്ടമാകാത്ത ശുഭാപ്തി വിശ്വാസത്തോടെ പറയുന്ന സാന്റിയാഗോ എന്ന വൃദ്ധനെ.

അങ്ങനെ അറിഞ്ഞറിഞ്ഞ് അപരന്‍ എന്നൊന്നില്ലാത്ത എല്ലാം ഏകമായ ഒന്നിലേക്ക് യാത്ര ചെയ്ത് തുടങ്ങാം. 

Content Highlights: reading day 2025 ps krishnakumar spinal muscular atrophy