പ്രായം 75 കടന്നിട്ടും തീരാത്ത ആവേശം; ബാലകൃഷ്ണൻ വായിച്ചുതീർത്തത് ആയിരത്തിലധികം പുസ്തകങ്ങൾ

ഫറോക്ക്: ചവിട്ടിമെതിക്കപ്പെടുന്ന കളിമണ്ണ് മൺവെട്ടികൊണ്ട് കോരിയെടുക്കുമ്പോൾ ബാലകൃഷ്ണന്റെ പ്രാർഥന ഒന്നേയുള്ളൂ. വേഗം വൈകുന്നേരമാകണമെന്ന്. കാരണം ഓട്ടുകമ്പനിയിലെ പണികഴിഞ്ഞിട്ടുവേണം ഫറോക്ക് പഞ്ചായത്തിന്റെ വായനശാലയിലേക്ക് പോയി പുസ്തകമെടുക്കാൻ. 75 കഴിഞ്ഞിട്ടും ബാലകൃഷ്ണന്റെ വായനശാലയിലേക്കുള്ള ഓട്ടത്തിന് മാറ്റമില്ല.
ബാലകൃഷ്ണൻ ഫറോക്ക് ഗണപത് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് വായനയുടെ വിത്തുകൾ മനസ്സിലേക്ക് കയറുന്നത്. ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന ശിവരാമൻപിള്ള മാഷാണ് എസ്.കെ.യുടെ ‘ഒരു ദേശത്തിന്റെ കഥ’ ക്ലാസിൽ പരിചയപ്പെടുത്തിയത്. പിന്നീട് പുസ്തകങ്ങൾ തേടിയുള്ള യാത്രയായി. ഫറോക്ക് കോമൺവെൽത്ത് ഒട്ടുകമ്പിനിയിൽ തൊഴിലാളിയായശേഷം ഒഴിവുകിട്ടുന്നസമയത്ത് കൂടുതലായും ദിവസേന ഒന്നരമണിക്കൂർ സമയവും വായനയ്ക്കും മാറ്റിവെച്ചു.
2008-ൽ ജോലിയിൽനിന്ന് വിരമിച്ചതോടെ വായനയ്ക്കായി കൂടുതൽ സമയംകിട്ടിയതായി ബാലകൃഷ്ണൻ പറയുന്നു. ഇന്നും ബാലകൃഷ്ണന് വായന ഒരു ജീവിതചര്യയാണ്. പുതിയ തലമുറയിലെ കുട്ടികൾ വായനശാലകളോട് മുഖംതിരിഞ്ഞുപോവുന്നതിൽ വേദനയുള്ളതായും അദ്ദേഹം പറയുന്നു.
Content Highlights: Balakrishnan, a 75-year-old man from Ferok, has read more than 1000 books and still counting