ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തൊടുത്തത് 15 ബ്രഹ്‌മോസ് മിസൈലുകൾ, തകർന്ന് പാക് വ്യോമതാവളങ്ങൾ

ബ്രഹ്‌മോസ് മിസൈല്‍ പരീക്ഷണം | ANI File Photo
ബ്രഹ്‌മോസ് മിസൈല്‍ പരീക്ഷണം | ANI File Photo

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലേക്ക് ഇന്ത്യ തൊടുത്തത് 15 ബ്രഹ്‌മോസ് മിസൈലുകളെന്ന് റിപ്പോർട്ടുകൾ. മെയ് 9, 10 തീയതികളിലായി പാകിസ്താൻ ഇന്ത്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളും നഗരങ്ങളും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇത് വിജയകരമായി പ്രതിരോധിച്ചതിന് പിന്നാലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. തിരിച്ചടിക്ക് ഇന്ത്യയുടെ ആവനാഴിയിലെ കരുത്തുറ്റ ആയുധമായ ബ്രഹ്‌മോസിനെയാണ് ഇന്ത്യ ഉപയോഗിച്ചത്. പാകിസ്താന്റെ 11 വ്യോമതാവളങ്ങളിലും കനത്ത നാശം വിതച്ചത് ബ്രഹ്‌മോസിന്റെ ആക്രമണത്തിലൂടെയാണ്. 

മെയ് എഴിനും എട്ടിനും ഇന്ത്യയ്ക്ക് നേരെ ഡ്രോണുകൾക്കൊപ്പം മിസൈലുകളും പാകിസ്താൻ ഉപയോഗിച്ചിരുന്നു. ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ഭുജ് തുടങ്ങിയ വ്യോമതാവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്താനാണ് പാകിസ്താൻ ശ്രമിച്ചത്. എന്നാൽ, ഇന്ത്യയുടെ സംയോജിത വ്യോമപ്രതിരോധ സംവിധാനം പാകിസ്താന്റെ ശ്രമങ്ങളെ നിർവീര്യമാക്കി. ഇതിന് മറുപടിയായി അടുത്ത ദിവസം അതിരാവിലെ തന്നെ തിരിച്ചടി തുടങ്ങി. ഇതിലൂടെ പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തു. ഇതിന് ശേഷമാണ് മിസൈൽ ആക്രമണങ്ങൾ നടത്തിയത്. ബ്രഹ്‌മോസ്, സ്‌കാൽപ് മിസൈലുകളാണ് ഇന്ത്യ പാകിസ്താനെതിരെ പ്രയോഗിച്ചത്. 

തിരിച്ചടിക്ക് ബ്രഹ്‌മോസ് മിസൈൽ പ്രധാന ആയുധമായി തിരഞ്ഞെടുത്തത്  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാകിസ്താന് മുകളിൽ ആധിപത്യം വ്യക്തമാക്കുന്ന ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാക് വിമാനങ്ങൾക്കും പ്രതിരോധ സംവിധാനങ്ങൾക്കും സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കും ഇന്ത്യയുടെ ആക്രമണത്തിൽ കനത്ത നാശം നേരിടേണ്ടി വന്നു. 

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ്. ഇന്ന് ലഭ്യമായിട്ടുള്ളതിൽ മികച്ച സൂപ്പർസോണിക് മിസൈലാണ് ബ്രഹ്‌മോസ്. 300 കിലോമീറ്ററോളം ദൂരത്തിൽ കൃത്യതയോടെ പ്രഹരിക്കാൻ കഴിയുന്ന ആയുധമാണിത്. ഇന്ത്യയിൽനിന്ന് ഫിലിപ്പിൻസ് ഈ മിസൈൽ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യങ്ങൾ ഈ മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
 

Content Highlights: Reports claim India launched 15 BrahMos missiles on Pakistan in Operation Sindoor