മനു ഭാക്കറിന്റെ പരിശീലനത്തിനായി ചെലവഴിച്ചത് 2 കോടിയോളം രൂപ; വെളിപ്പെടുത്തലുമായി കായിക മന്ത്രി

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ വെടിവെച്ചിട്ട് താരമായിരിക്കുകയാണ് ഹരിയാണക്കാരി മനു ഭാക്കര്‍. ഒളിമ്പിക്‌സ് തുടങ്ങി രണ്ടാംദിവസംതന്നെ ഇന്ത്യയ്ക്ക് മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനുമായി. ഞായറാഴ്ച, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലാണ് മനു സ്വന്തമാക്കിയത്. ഇതോടെ ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടത്തിനൊപ്പം 2012 ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലെന്ന നേട്ടവും മനു സ്വന്തം പേരിലാക്കി.
ഇതിനു പിന്നാലെ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയ കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മനുവിന്റെ പരിശീലനത്തിനും മറ്റുമായി കേന്ദ്രം ചിലവഴിച്ച തുകയും വെളിപ്പെടുത്തി. മനുവിന്‍റെ പരിശീലനത്തിനായി രണ്ടു കോടിയോളം രൂപയാണ് ചെലവഴിച്ചതെന്നും ജര്‍മനിയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും താരത്തെ പരിശീലനത്തിനായി അയച്ചുവെന്നും മാണ്ഡവ്യ വ്യക്തമാക്കി. ഇത്തവണത്തെ ഒളിമ്പിക്‌സില്‍ മറ്റ് അത്‌ലറ്റുകളും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാർത്താ ഏജൻസി എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''മനു ഭാക്കറിന്റെ പരിശീലനത്തിനായി ഏകദേശം രണ്ടു കോടി രൂപയാണ് ചിലവഴിച്ചത്. പരിശീലനത്തിനായി അവരെ ജര്‍മനിയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും അയച്ചു. അവര്‍ക്ക് ആവശ്യമുള്ള പരിശീലകനെ നിയമിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായവും നല്‍കി. എല്ലാ കായികതാരങ്ങള്‍ക്കും ഞങ്ങള്‍ ഈ ഇക്കോസിസ്റ്റം നല്‍കുന്നു. അതുവഴി അവര്‍ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പാരീസ് ഒളിമ്പിക്സിലും നമ്മുടെ അത്ലറ്റുകള്‍ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22-കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020-ല്‍ കായിരംഗത്തെ തിളക്കത്തിന് അര്‍ജുനഅവാര്‍ഡും തേടിയെത്തി.
Content Highlights: India's first medal in Paris Olympics comes at a price of Rs. 2 crore spent on training Manu Bhaker