ഈ വീടുപറയും 'കേരളേശ്വരൻ' എന്ന ചരിത്ര നോവൽ പിറന്ന കഥ

ഗരുഡൻകാവിനോടുചേർന്ന് ടി. രാമൻ നമ്പീശൻ പണികഴിപ്പിച്ച തെക്കേപ്പാട്ട് പുഷ്പകത്തിൽ പേരമകൻ അഡ്വ. ടി. ആർ. ശങ്കരൻ നമ്പീശനും ഭാര്യ മാലിനിയും. ഇൻസെറ്റിൽ ടി. രാമൻ നമ്പീശൻ
ഗരുഡൻകാവിനോടുചേർന്ന് ടി. രാമൻ നമ്പീശൻ പണികഴിപ്പിച്ച തെക്കേപ്പാട്ട് പുഷ്പകത്തിൽ പേരമകൻ അഡ്വ. ടി. ആർ. ശങ്കരൻ നമ്പീശനും ഭാര്യ മാലിനിയും. ഇൻസെറ്റിൽ ടി. രാമൻ നമ്പീശൻ

കോട്ടയ്ക്കൽ: ഓരോ വീടിനുമുണ്ടാവും ഒരു കഥപറയാൻ. എന്നാൽ ഈ വീടിനു പറയാൻ ഒരു നോവൽതന്നെയുണ്ട് ! തിരൂരിനടുത്ത് ആലത്തിയൂരിലെ ഗരുഡൻകാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള തെക്കേപ്പാട്ട് പുഷ്പകമാണ് ഉള്ളിൽ വലിയൊരു കഥയുമൊളിപ്പിച്ചു നിൽക്കുന്നത്. 1929-ൽ പുറത്തിറങ്ങിയ ടി. രാമൻനമ്പീശന്റെ ‘കേരളേശ്വരൻ’ എന്ന ചരിത്രനോവൽ പിറന്ന വീടാണിത് !

‘നോവലിന്റെ ഭൂരിഭാഗവും എഴുതിയത് ഇവിടെവെച്ചുതന്നെ...’ ഇപ്പോൾ ഇവിടെ താമസിക്കുന്ന, രാമൻ നമ്പീശന്റ പേരമകൻ അഡ്വ. ടി.ആർ. ശങ്കരൻ നമ്പീശൻ മുത്തച്ഛന്റെ ഓർമ്മകളിലേക്ക് വാതിൽതുറന്നു:

“കേരളേശ്വരൻ എന്ന ഒറ്റ നോവലിലൂടെ മലയാളസാഹിത്യത്തിൽ ഇടംനേടിയ ആളാണ് മുത്തശ്ശൻ. മദ്രാസ് സർവകലാശാലയിൽനിന്ന് എം.എ.യും എൽ.ടി.യുമെടുത്ത അദ്ദേഹം കുറേക്കാലം അധ്യാപകനായും പിന്നെ തിരുവനന്തപുരം കൊട്ടാരത്തിൽ സർവാധികാര്യക്കാരനുമായി. മുത്തച്ഛന്റെ തറവാട് ഇതിനുതൊട്ടടുത്താണെങ്കിലും ഇവിടെനിന്ന് ഒരു ശാഖ കഴകജോലിക്കായി തൃശ്ശൂരിലെ താമരത്തിരുത്തിയിൽ ചെന്നു താമസമാക്കിയിരുന്നു. അതുകൊണ്ട് മുത്തശ്ശൻ അധികവും അവിടെയായിരുന്നു താമസം”. തറവാടിനു തൊട്ടടുത്തുതന്നെ ഇങ്ങനെയൊരു വീട് അനിയൻ നാരായണൻ നമ്പീശനെക്കൊണ്ട് അദ്ദേഹം പണികഴിപ്പിച്ചതിന്റെ പ്രധാന ഉദ്ദേശ്യം സ്വസ്ഥമായ വായനയും എഴുത്തുംതന്നെ. 1927-29 കാലഘട്ടത്തിലാണ് വെട്ടത്തുനാടിന്റെ ചരിത്രപശ്ചാത്തലത്തിൽ 'കേരളേശ്വരൻ' എഴുതുന്നത്. 1929, 59, 89 എന്നീ വർഷങ്ങളിൽ മൂന്നുപതിപ്പുകൾ ഇറങ്ങി.

മായാത്ത ഓർമ്മ

ആറടി പൊക്കമുള്ള വലിയ മനുഷ്യൻ. കണിശക്കാരനായ മുത്തശ്ശനെ ബഹുമാനം കലർന്ന പേടിയോടെയാണ് ഞങ്ങൾ പേരക്കുട്ടികൾ കണ്ടിരുന്നത്. പക്ഷേ, ഉള്ളിൽ നന്മയും സ്‌നേഹവും ഉള്ള ആളായിരുന്നു. അവധി കിട്ടുമ്പോൾ പലപ്പോഴും മുത്തശ്ശൻ ഇവിടെവരും. മുത്തശ്ശൻ തിരുവനന്തപുരം കൊട്ടാരത്തിൽ പാഠകം അവതരിപ്പിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. സംഗീതത്തിലും ജ്ഞാനമുണ്ടായിരുന്നു.

സർവാധികാര്യക്കാരന്റെ ജോലിയിൽനിന്ന് 1945-ൽ സ്വയംവിരമിച്ച ശേഷം നാലുപതിറ്റാണ്ടോളം തൃശ്ശൂരിലെ താമരത്തിരുത്തി ശ്രീകൃഷ്ണക്ഷേത്രത്തിൽ കഴകപ്രവൃത്തിയുമായി കഴിഞ്ഞുകൂടി. അന്ന് ആ ക്ഷേത്രത്തിൽ പൂജചെയ്തിരുന്ന കഥാകൃത്ത് മാടമ്പ് കുഞ്ഞിക്കുട്ടൻ മുത്തശ്ശനുമായുള്ള ഓർമ്മകൾ പിന്നീട് എഴുതിയത് വായിച്ചിട്ടുണ്ട് -അഡ്വ. ശങ്കരൻനമ്പീശൻ ഓർക്കുന്നു. അവസാനകാലത്ത് പുതിയ ഒരു നോവലിന്റെ എഴുത്ത് തുടങ്ങിയിരുന്നെങ്കിലും പൂർത്തിയാക്കാനായില്ല. 1983-ൽ മുത്തശ്ശൻ ഭൂമിവിട്ടുപോയി-ശങ്കരൻ നമ്പീശൻ പറഞ്ഞു.

രാമൻ നമ്പീശനും ഭാര്യ നങ്ങേലി ബ്രാഹ്മണിയമ്മയ്ക്കും രണ്ടുമക്കളായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. രാമൻ നമ്പീശനും നങ്ങേലിക്കുട്ടിയും.

പ്രൊഫ. രാമൻ നമ്പീശന്റെ നാലുമക്കളിൽ ഒരാളാണ് തിരൂരിൽ അഭിഭാഷകനായ ശങ്കരൻ നമ്പീശൻ. ശങ്കരൻ നമ്പീശനും ഭാര്യ മാലിനിയും മക്കളുമുൾപ്പെടുന്ന കുടുംബമാണ് ഇപ്പോൾ 'കേരളേശ്വരൻ' പിറന്ന വീട്ടിൽ താമസിക്കുന്നത്.

Content Highlights: Discover the historic house where the renowned Malayalam novel `Keralaeshwaran` was written.