കേരളം എന്ന ഗോദ

'വെറുതേ വിടില്ല, നിന്നെ ഞാന്‍ എടുത്തോളാം, ഞാനാരാണെന്നു കാണിച്ചുതരാം...' ചുറ്റുപാടിലെവിടെനിന്നെങ്കിലും ഈ വാചകങ്ങള്‍ കേള്‍ക്കാതെ കടന്നുപോകുന്ന ദിവസങ്ങള്‍ വിരളം. ഒരാള്‍ മറ്റൊരാളോട് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യവാക്കുമുതല്‍ അസഹിഷ്ണുത. അതിവേഗം കൈയാങ്കളി. അതിലും നില്‍ക്കാതെ അക്രമം, അരുംകൊല. ആര്‍ക്കും ആരോടും ക്ഷമിക്കാന്‍ വയ്യ. മലയാളിയുടെ മനസ്സിന് എന്താണ് സംഭവിച്ചത്?
2022 ജനവരി 31. കഴക്കൂട്ടത്തെ ഒരു സ്വകാര്യാശുപത്രി. ആശുപത്രിക്കുമുന്നില്‍ ഒരു യുവതി ഇരുചക്രവാഹനം കൊണ്ടുനിര്‍ത്തി. വണ്ടി അവിടെ നിര്‍ത്തിയിടാന്‍ പാടില്ലെന്നായി സെക്യൂരിറ്റി ജീവനക്കാരന്‍. നിര്‍ത്തിയിട്ട് പോകാനല്ല, അവിടുത്തെ കാന്റീനില്‍ ചായ കുടിക്കാനാണ് വന്നതെന്ന് യുവതിയും. ഒന്നുംരണ്ടും പറഞ്ഞ് വാക്തര്‍ക്കമായി. കാന്റീന്‍ ജീവനക്കാരനുംകൂടി വിഷയത്തില്‍ ഇടപെട്ടതോടെ തര്‍ക്കം കൈയാങ്കളിയായി. ചായ മുഖത്തൊഴിച്ചെന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടു. ചായ അബദ്ധത്തില്‍ വീണതാണെന്ന് മറുപക്ഷവും. തരക്കേടില്ലാത്ത ഒരു കൈയാങ്കളി ഇരുകൂട്ടര്‍ക്കുമിടയില്‍ നടന്നെന്നാണ് ആശുപത്രിയിലെ സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ പോലീസിന് മനസ്സിലായത്!
അവനവന്‍ പോരിമ
ഉള്ളില്‍ തിളച്ചുകൊണ്ടിരിക്കുന്ന അവനവന്‍ബോധമാണ് ഇന്ന് മലയാളി. അതിന്റെ പുറത്തോട്ടൊഴുകലിന്റെ ഇരയാവുന്നത് ആരുമാവാം. ഉറ്റവര്‍, അടുപ്പക്കാര്‍, അയല്‍വാസി, അപരിചിതര്‍, സഹയാത്രികര്‍... ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ആരും അവന്റെ ശത്രുവാകാം. ഇഷ്ടമില്ലാത്ത വാക്കുകളോ പ്രവൃത്തിയോ അവനെ അക്രമകാരിയാക്കാം. പുറംമാന്യത കാണിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. പക്ഷേ, അവരും ആത്മാര്‍ഥമായ മര്യാദയില്‍നിന്ന് ഏറെ ദൂരെയാണ്.
നിരത്തിലാണ് മലയാളിയുടെ തനിശൗര്യം. ഓര്‍ത്തുനോക്കൂ, എതിരേ വാഹനമോടിക്കുന്ന ആളോട് 'താനൊക്കെ എവിടന്നുവരുന്നെടോ' എന്ന മട്ടില്‍ കൈയാംഗ്യം കാണിക്കാത്ത എത്രപേരുണ്ടാവും നമുക്കിടയില്‍? വാഹനം ഒന്ന് ഉരഞ്ഞാലോ തട്ടിപ്പോയാലോ എന്താണ് സ്ഥിതി? ആദ്യപടി പരസ്പരം തെറിയഭിഷേകമാണ്. അടുത്തത് ഉന്തുംതള്ളും. ക്ഷമിക്കാനോ സാരമില്ലെന്നുവെക്കാനോ ആരാണ് തയ്യാറുള്ളത്?
കഴിഞ്ഞ നവംബര്‍ 11-നാണ്. ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് ഒരു സര്‍ക്കാരുദ്യോഗസ്ഥന് അടിയേറ്റത്. വിദ്യാര്‍ഥികളില്‍ ചിലരെങ്കിലും തല്ല് ഒരു ഫ്‌ളാഷ് മോബ് പോലെ കൊണ്ടാടുന്നു. 'ഇന്നൊരു തല്ലുണ്ട്' എന്ന് ആവേശപ്പെടുന്നവര്‍. കൗമാരത്തിലെത്തുമ്പോള്‍ പ്രണയക്കൊലയിലേക്ക് നടന്നുകയറുന്നവരും ഇവര്‍തന്നെ.
അന്യായമായ ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുന്നതിലൂടെ, നിരസിക്കപ്പെടുന്നതിലൂടെ ഉള്ളില്‍ വളര്‍ന്നുവരേണ്ട ഒരു സമരസപ്പെടലുണ്ട് ജീവിതത്തില്‍. ആ പ്രതിരോധ വാക്‌സിന്‍ ഈ കുട്ടികള്‍ക്ക് കിട്ടിയില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടാവാം മനസ്സില്‍ അവര്‍ അതിവേഗം രോഗികളാവുന്നത്. ഒപ്പം നമ്മളും. ഒന്നോര്‍ത്തുനോക്കൂ, ആരോടെങ്കിലുമൊന്നു ആത്മാര്‍ഥമായി ക്ഷമ പറഞ്ഞിട്ട് എത്ര നാളായി?
Content Highlights: what happened to Keralites